പ്രമേഹരോഗികളിലെ മുറിവ് വേഗം ഉണങ്ങാൻ സഹായിക്കുന്ന സ്മാർട് ബാൻഡേജ്

പ്രമേഹരോഗികളിലെ മുറിവ് ഭേദമാകാൻ വൈകുന്നത് കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും. അണുബാധ ഉണ്ടായാൽ വിരലോ കാലോ മുറിച്ചുമാറ്റേണ്ടിവരികയും ചെയ്യും. എന്നാൽ ഏറെ ആശ്വാസപകരുന്ന പുതിയൊരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് അമേരിക്കയിലെ ഇല്ലിനോയിസിലെ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ. പ്രമേഹരോഗികളിലെ മുറിവ് വേഗം ഭേദമാകാൻ സഹായിക്കുന്ന സ്മാർട്ട് ബാൻഡേജാണ് ഇവർ വികസിപ്പിച്ചെടുത്തത്.

മുറിവിൽ ഇലക്ട്രോതെറാപ്പി പ്രയോഗിച്ചാണ് ഇതിൻറെ പ്രവർത്തനം. ഇനി മുറിവ് ഉണങ്ങി കഴിഞ്ഞാൽ പൂർണ്ണമായും ജൈവവിഘടനത്തിന് വിധേയമായ ഈ ബാൻഡേജ് ശരീരം ആഗിരണം ചെയ്യുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ ഇലക്‌ട്രോണിക് ബാൻഡേജിന് മുറിവ് ഉണങ്ങുന്നത് 30% വേഗത്തിലാക്കാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. എലികളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഈ സ്മാർട് ബാൻഡേജ് മുറിവ് ഉണങ്ങുന്നത് നിരീക്ഷിക്കുകയും അതിൻറെ തത്സമയവിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി ഡോക്ടർമാർക്ക് ലഭ്യമാക്കുകയും ചെയ്യും.

ഈ ആപ്ലിക്കേഷനായി, ഇലക്ട്രോതെറാപ്പിയുടെ ഒരു ചെറിയ സംവിധാനം വികസിപ്പിച്ചെടുത്തു. അതിൽ രണ്ട് ഇലക്ട്രോഡുകൾ അടങ്ങിയിരിക്കുന്നു: പൂവിന്റെ ആകൃതിയിലുള്ള ആദ്യത്തേത് മുറിവിൻറെ ഭാഗത്തായി വരും. രണ്ടാമത്തേത് മുറിവിന് ചുറ്റമുള്ള ആരോഗ്യമുള്ള കോശങ്ങൾ നിറഞ്ഞ ശരീരഭാഗത്ത്(അണുബാധ ഉണ്ടാകാത്ത ഭാഗം) വരും. ഉപകരണത്തിന്റെ ബാക്കി ഭാഗങ്ങളിൽ രോഗശാന്തി നിരീക്ഷിക്കുന്നതിന് ആവശ്യമായ ഡാറ്റ കൈമാറുന്നതിന് വിവിധ സെൻസറുകളും കോൺടാക്റ്റ്‌ലെസ് കമ്മ്യൂണിക്കേഷൻ സിസ്റ്റവും (NFC) അടങ്ങിയിരിക്കുന്നു.

സ്മാർട് ബാൻഡേജ് വഴി നൽകുന്ന വൈദ്യുത ഉത്തേജനത്തിലൂടെയാണ് കഠിനമായ മുറിവുകൾ സുഖപ്പെടുത്താനാകുന്നത്. മുറിവുള്ള ഭാഗത്ത് പുതിയ കോശങ്ങൾ ഉണ്ടാകാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് വൈദ്യുത ഉത്തേജനം നൽകുന്നത്. ഇത് ഡോക്ടർമാർക്ക് നിയന്ത്രിക്കാനാകും.

Also Read: എന്താണ് പ്രമേഹം? കാരണങ്ങൾ, ലക്ഷണങ്ങൾ; അറിയേണ്ടതെല്ലാം

ഇങ്ങനെ ഡോക്ടർമാരുടെ നിയന്ത്രണത്തിൽ മുറിവ് ഉണങ്ങുന്ന പ്രക്രിയ നടക്കും. മുറിവ് ഉണങ്ങുന്നത് വേഗത്തിലാകാൻ പാടില്ല. അങ്ങനെ വന്നാൽ വൈദ്യുത ഉത്തേജനം കുറക്കാൻ ഡോക്ടർമാർക്ക് കഴിയും. മൊബൈൽ ആപ്പിലെ സെറ്റിങ്ങ്സ് മാറ്റിയാൽ മാത്രം മതി. ഇനി മുറിവ് പൂർണമായി ഭേദമായാൽ ബാൻഡേജിൻറെ ശരീരത്തോട് ചേർന്നുള്ള ഭാഗം അലിഞ്ഞുപോകും. ഇലക്ട്രോഡുകൾ ഉൾപ്പെടെയുള്ള എല്ലാ ഘടകങ്ങളും ഒരു ദോഷവും വരുത്താതെ ശരീരം ആഗിരണം ചെയ്യുന്നു. ഈ രീതിയിൽ, സ്മാർട് ബാൻഡേജ് ബയോസോർബബിൾ ആണ്. ഭാവിയിൽ ഇത്തരത്തിലുള്ള ഉപകരണം പ്രമേഹരോഗികൾക്ക് ഏറെ ആശ്വാസം നൽകുമെന്നാണ് ഗവേഷകർ പറയുന്നത്.

Content Summary: US researchers developed a smart bandage with biosensors that can help heal chronic wounds faster in diabetic patients.