വേനൽചൂട് കടുക്കുകയാണ്. അന്തരീക്ഷം ചൂടുപിടിക്കുന്നതിനൊപ്പം നമ്മുടെ ശരീരതാപനിലയും ഉയരുന്നു. ഇത് നിർജലീകരണം ഉണ്ടാകാൻ കാരണമാകുന്നു. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാതെവന്നാൽ ശാരീരികപ്രവർത്തനങ്ങൾ തടസപ്പെടും. ക്ഷീണം, തളർച്ച, ചർമ്മപ്രശ്നങ്ങൾ, രക്തസമ്മർദ്ദം കുറയുക, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ചൂടിനെ ശമിപ്പിക്കാൻ ആളുകൾ ധാരാളം വെള്ളം കുടിക്കും. വേനലിൽ ജ്യൂസുകൾ കഴിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ വെള്ളം മാത്രം കുടിച്ച് വയറുനിറച്ചാൽ ശരീരത്തിന് ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കുമോ?
വിറ്റാമിനുകൾ ധാരാളമടങ്ങിയ ചില പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യത്തിനുള്ള പോഷകങ്ങൾ ലഭ്യമാക്കാം. ഈ ഭക്ഷണങ്ങൾ ധാരാളം ജലാംശമടങ്ങിയതുമാണ്. വേനൽക്കാലത്ത് ഉന്മേഷം തിരികെ ലഭിക്കാനും ശരീരതാപനില കുറയ്ക്കാനും ഇവ സഹായിക്കും. വേനലിൽ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിൽ ജലസമൃദ്ധമായ പഴങ്ങളും പച്ചക്കറികളും പാലുൽപ്പന്നങ്ങളും ഉൾപ്പെടുത്തുന്നതിലൂടെ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാൻ സാധിക്കും. ഏതൊക്കെയാണ് ഈ ഭക്ഷണങ്ങൾ എന്ന് നോക്കാം.
കരിക്കിൻ വെള്ളം
വേനൽക്കാലത്ത് ആളുകൾ കുടിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു പാനീയമാണ് കരിക്കിൻ വെള്ളം. ദാഹമകറ്റാനും ശരീരത്തിന് ഊർജ്ജം ലഭിക്കാനും സഹായിക്കുന്ന പ്രകൃതിദത്തമായ പാനീയമാണിത്. കരിക്കിന്റെ മാംസവും ജലാംശമടങ്ങിയതാണ്. ഇത് കഴിക്കുന്നതും നല്ലതാണ്.
ഉള്ളി
ചൂടുകാലത്ത് കഴിക്കാൻ പറ്റിയ ഒരു ഭക്ഷണമാണ് ഉള്ളി. എല്ലാക്കാലത്തും ഇന്ത്യൻ ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ചേരുവയാണിത്. ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കുന്ന ഘടകങ്ങൾ അടങ്ങിയതിനാൽ ഉള്ളിക്ക് ശരീരം തണുപ്പിക്കാൻ സാധിക്കും. സാലഡുകളിൽ ചേർത്ത് പച്ചക്ക് കഴിക്കുന്നതാണ് കൂടുതൽ നല്ലത്.
തണ്ണിമത്തൻ
തണ്ണിമത്തൻ വേനൽക്കാലത്ത് നിർജ്ജലീകരണം തടയുക മാത്രമല്ല, ശരീരത്തിന് ശക്തമായ ആന്റിഓക്‌സിഡന്റുകളും അവശ്യ വിറ്റാമിനുകളും നൽകുകയും ചെയ്യുന്നു.
തൈര്
രുചികരമാണെന്ന് മാത്രമല്ല, ശരീരത്തെ തണുപ്പിക്കാൻ കഴിവുള്ള ഒരു ഭക്ഷണം കൂടിയാണ് തൈര്. ലസ്സി പോലുള്ള പാനീയങ്ങൾ ഉണ്ടാക്കി കഴിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകും. ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാനും തൈര് സഹായകരമാണ്.
പുതിന
വേനൽക്കാല ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഒരു ഇലയാണ് പുതിന. ശരീരത്തെ തണുപ്പിക്കാനും ഊർജം പകരാനും സഹായിക്കുന്ന ഒരു സസ്യമാണിത്. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ പുതിനയിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും സീസണൽ അലർജികളെ ചെറുക്കാൻ സഹായിക്കുകയും ശരീരത്തിന്റെ ശുചിത്വം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഈ ഇലകൾ സാലഡുകളിലും പാനീയങ്ങളിലും ചേർത്ത് ഉപയോഗിക്കാം.
തക്കാളി
ധാരാളം ജലാംശമുള്ള പച്ചക്കറിയാണ് തക്കാളി. ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞ തക്കാളി കഴിക്കുന്നത് ഊർജ്ജം ലഭിക്കാനും നിർജലീകരണം തടയാനും സഹായിക്കും.
വെള്ളരി
96 ശതമാനവും ജലാംശമടങ്ങിയ ഒരു പച്ചക്കറിയാണ് വെള്ളരി. ശരീരത്തിന് ആവശ്യമായ ജലാംശം നൽകി നിർജലീകരണം തടയാൻ വെള്ളരി സഹായിക്കും.
Also Read: വേനൽ ചൂട് കടുക്കുന്നു; സൂര്യാഘാതമേൽക്കാതെ സൂക്ഷിക്കുക
ജലാംശമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുന്നതിലൂടെ വേനലിൽ ഉണ്ടാകുന്ന നിർജലീകരണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും.
Content Summary: Summer foods- Eat these foods to keep your body cool and hydrated.