മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഇതാ 7 വഴികൾ

ഏറെ തിരക്കേറിയതും വെല്ലുവിളി നിറഞ്ഞതുമാണ് ഇക്കാലത്തെ ജീവിതക്രമം. ജോലിസ്ഥലത്തെയും വീട്ടിലെയും സാഹചര്യങ്ങൾ ഇന്ന് പലരിലും കടുത്ത മാനസികമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. മാനസികസമ്മർദ്ദം രൂക്ഷമാകുന്നത് നമ്മുടെ മനസിനെ മാത്രമല്ല ശരീരത്തെയും പ്രതികൂലമായി ബാധിക്കും. എന്നാൽ ചില കാര്യങ്ങൾ കൃത്യമായി പിന്തുടർന്നാൽ ഏത് കടുത്ത മാനസികസമ്മർദ്ദവും ഒഴിവാക്കി, ജീവിതത്തിൽ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ സാധിക്കും.

1. വ്യായാമം

ദിവസേനയുള്ള വ്യായാമം സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. വ്യായാമം സ്വാഭാവിക മൂഡ് ബൂസ്റ്ററായ എൻഡോർഫിനുകൾ പുറത്തുവിടുകയും ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

2. റിലാക്‌സേഷൻ ടെക്‌നിക്കുകൾ

ദിവസവും രാവിലെ ശക്തമായി ശ്വാസം ഉള്ളിലേക്ക് എടുക്കുകയും പുറത്തേക്കുവിടുകയും ചെയ്യുന്ന പ്രവർത്തി അഞ്ച് മിനിട്ടോളം ചെയ്യുക. അതിനൊപ്പം ധ്യാനം, യോഗ തുടങ്ങിയവയും ശീലമാക്കുക. ഇത് പേശികളുടെ പിരിമുറുക്കം കുറയ്ക്കുന്നതിലൂടെയും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

3. ഉറക്കം പ്രധാനം

പ്രായപൂർത്തിയായ ഒരാൾ കുറഞ്ഞത് 7-8 മണിക്കൂറും, കുട്ടികൾ കുറഞ്ഞത് എട്ട് മണിക്കൂറും ഉറങ്ങണം. കൃത്യമായി ഉറങ്ങുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രധാനമാണ്. ഉറക്കക്കുറവ് മാനസിക സമ്മർദ്ദത്തിന് കാരണമാകും. അതുകൊണ്ടുതന്നെ ദിവസവും രാത്രിയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല.

4. ചെയ്തുതീർക്കേണ്ട കാര്യങ്ങൾ സമയത്ത് തന്നെ ചെയ്യുക

ഓരോ ദിവസവും ജോലിസംബന്ധമായും വീട്ടിലും അല്ലാതെയും ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തുതീർക്കുക. ഒന്നും മാറ്റൊരു സമയത്തേക്ക് ചെയ്യാനായി മാറ്റിവെക്കുന്ന ശീലം അവസാനിപ്പിക്കുക. അമിതജോലിഭാരം ഒഴിവാക്കാനും അതുവഴി സമ്മർദ്ദം ഇല്ലാതാക്കാനും ഈ ശീലം നിങ്ങളെ സഹായിക്കും.

5. സുഹൃത്തുക്കളും കുടുംബാംഗങ്ങളും വേണം

സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാൻ ശ്രദ്ധിക്കണം. എത്ര ജോലിത്തിരക്കുണ്ടെങ്കിലും, സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ സംസാരിക്കാനും, അവരുമായി ബന്ധപ്പെടാനും ശ്രമിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം അനുഭവപ്പെട്ടാൽ അവരുമായി പങ്കുവെക്കുകയും ചെയ്യാം.

6. പിക്നിക്കുകൾ പ്രധാനം

തിരക്കേറിയ ജീവിതക്രമത്തിനിടയിൽ മതിയായ സമയം കണ്ടെത്തി കുടുംബവുമൊത്തോ സുഹൃത്തുക്കളുടെ കൂടെയോ ഒരു യാത്ര മനസിന് നൽകുന്ന ആശ്വാസം ചെറുതല്ല. അതുകൊണ്ടുതന്നെ മാസത്തിൽ ഒരിക്കൽ യാത്രകൾ പ്ലാൻ ചെയ്യുകയും അത് കൃത്യമായി നടപ്പാക്കുകയും വേണം. പിക്നിക് യാത്രകൾ മാനസികസമ്മർദ്ദത്തിൽനിന്ന് മുക്തി നൽകാൻ സഹായിക്കുന്ന കാര്യമാണ്.

7. മാനസികാരോഗ്യവിദഗ്ദൻറെ സഹായം തേടാം

മുകളിൽ പറഞ്ഞ കാര്യങ്ങൾ പിന്തുടർന്നിട്ടും മാനസികസമ്മർദ്ദം കുറയ്ക്കാനാകുന്നില്ലെങ്കിൽ ഉറപ്പായും ഒരു മാനസികാരോഗ്യവിദഗ്ദനെ കണ്ട് നിർദേശങ്ങൾ തേടുക. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശാനുസരണം മരുന്ന് കഴിക്കണം.

Also Read: ആരോഗ്യത്തോടെ ജീവിക്കാൻ ലളിതമായ 4 കാര്യങ്ങൾ

ഓരോരുത്തർക്കും വ്യത്യസ്തമായ രീതിയിലാണ് മാനസികസമ്മർദ്ദം അനുഭവപ്പെടുന്നത്. മാനസികസമ്മർദ്ദം മാറ്റാനുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അത് ഓരോരുത്തരിലും വ്യത്യസ്തമായ രീതിയിലാണ് ഫലപ്രദമാകുന്നത്. നിങ്ങൾക്ക് ഏറ്റവും മികച്ചത് എന്താണെന്ന് കണ്ടെത്തുകയും അത് പിന്തുടരുകയുമാണ് വേണ്ടത്.

Disclaimer- മുകളിൽ നൽകിയിരിക്കുന്നത് ചില പഠനങ്ങളുടെയും ആരോഗ്യവിദഗ്ദരുടെയും നിർദേശം അനുസരിച്ചുള്ള വിവരങ്ങൾ മാത്രമാണ്. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ തീർച്ചയായും ഒരു വിദഗ്ദ ഡോക്ടറുടെ സേവനം തേടുകയും അവർ നൽകുന്ന നിർദേശാനുസരണം മുന്നോട്ടുപോകുകയും വേണം.

Content Summary: Stress affects our minds and body. Certain things can reduce severe mental stress. Here are 7 ways to relieve stress