ഗർഭപാത്രത്തെ കോവിഡ് ബാധിച്ചാൽ ഗർഭസ്ഥശിശുക്കളുടെ തലച്ചോറിന് തകരാറെന്ന് കണ്ടെത്തൽ

കോവിഡ് -19 അണുബാധ മറുപിള്ളയിലേക്ക് കടന്നുകയറുകയും ഭ്രൂണങ്ങളെ ബാധിക്കുകയും നവജാതശിശുക്കളുടെ തലച്ചോറിന് തകരാറുണ്ടാക്കുകയും ചെയ്യുമെന്ന് ഗവേഷകർ കണ്ടെത്തി. 2020-ൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം പോസിറ്റീവാണെന്ന് കണ്ടെത്തിയ ഗർഭിണികൾക്ക് ജനിച്ച കുഞ്ഞുങ്ങൾക്കാണ് തലച്ചോറിന് തകരാറുണ്ടെന്ന് കണ്ടെത്തിയത്. അമേരിക്കയിലെ മിയാമി സർവകലാശാല നടത്തിയ പഠനമാണ് അടുത്തിടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ രണ്ട് കുട്ടികളിൽ ഒരാൾ 13 മാസം പ്രായമുള്ളപ്പോൾ മരിച്ചതായും മറ്റൊരാൾ ഇപ്പോഴും ചികിത്സയിലാണെന്നും വ്യക്തമായി. 

കോവിഡ് ഗർഭസ്ഥശിശുക്കളെ ബാധിക്കുമോയെന്ന് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇതുവരെ കോവിഡ് ബാധിതനായി കുഞ്ഞ് ജനിച്ചെന്ന് ലോകത്ത് ഒരിടത്തും കണ്ടെത്തിയിട്ടില്ല. എന്നാൽ, അവരുടെ രക്തത്തിൽ വൈറസിന്റെ ഉയർന്ന അളവിലുള്ള ആന്റിബോഡികൾ ഉണ്ടായിരുന്നു. ഇത് സൂചിപ്പിക്കുന്നത്, പ്ലാസന്റയെ കോവിഡ് ബാധിക്കുകയും അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് വൈറസ് പകരാൻ സാധ്യതയുണ്ടെന്നുമാണ്. മിയാമി സർവകലാശാലയിലെ നിയോനാറ്റോളജിസ്റ്റ് ഡോ മെർലിൻ ബെന്നി ഇക്കാര്യം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. രണ്ട് അമ്മമാരുടെയും മറുപിള്ളയിൽ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. 

മരിച്ച കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലച്ചോറിൽ കൊറോണ വൈറസിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. കൊറോണ വൈറസ് അണുബാധ മസ്തിഷ്ക്കാഘാതത്തിന് കാരണമാകുന്നതായി ഡോ. ബെന്നി പറയുന്നു. കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തിയെങ്കിൽ, ഈ അമ്മമാരിൽ ഒരാൾക്ക് നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, കൂടാതെ ആരോഗ്യകരമായ പ്രസവമാണ് നടന്നത്. എന്നാൽ ഗർഭിണിയായ രണ്ടാമത്തെ യുവതിയിൽ കോവിഡ് ഗുരുതരമായിരുന്നു. ഇതേത്തുടർന്ന് എട്ട് ആഴ്ച മുമ്പ് സിസേറിയനായി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. 

Also Read: ഒരാൾക്ക് എത്ര തവണ കോവിഡ് 19 പിടിപെടാൻ സാധ്യതയുണ്ട്?

അതേസമയം ഇത്തരത്തിൽ കൊറോണ വൈറസ് ഗർഭസ്ഥശിശുവിന്‍റെ തലച്ചോറിനെ തകരാറിലാക്കുന്നത് ഡെൽറ്റ വകഭേദത്തിന് മാത്രമുള്ളതാണോ അതോ ഒമൈക്രോൺ വകഭേദത്തിന് സമാനമായ മെഡിക്കൽ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടോ എന്ന് കണ്ടെത്താനായില്ല.

Also Read: ലോങ് കോവിഡുള്ളവരിൽ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പഠനറിപ്പോർട്ട്

ഇത്തരം കേസുകൾ അപൂർവമാണെങ്കിലും ഗർഭാവസ്ഥയിൽ രോഗബാധിതരായ സ്ത്രീകൾ ശിശുരോഗ വിദഗ്ധരെ വിവരം അറിയിക്കണമെന്ന് സർവ്വകലാശാലയിലെ ഒബ്‌സ്ട്രെട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ. ഷഹനാസ് ദുവാര പറഞ്ഞു. ഗർഭിണികളായ അമ്മമാരിൽ നിന്ന് അവരുടെ കുഞ്ഞിന് മറുപിള്ള വഴി അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ നേരത്തെ നിർദ്ദേശിച്ചെങ്കിലും ഇതുവരെ നേരിട്ടുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

Content Summary: Maternal Covid 19 caused brain damage in two infants