ഡോക്ടർ ജേക്കബ് ജോൺ MS, M. Ch
മെഡി സെപ്പിനെപ്പറ്റിയുള്ള മനോരമയുടെ ലേഖന പരമ്പരയിൽ പറഞ്ഞിരിക്കുന്ന പലതും യാഥാർത്ഥ്യമാണ്. എന്നാൽ കുറേക്കൂടി സമഗ്രമായ ഒരു സമീപനം ഇക്കാര്യത്തിൽ ആവശ്യമുണ്ട് എന്ന് തോന്നുന്നു.
സർജറികൾക്ക് പാക്കേജ് അടിസ്ഥാനത്തിലാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇത് പൊതുവേ അംഗീകരിക്കപ്പെട്ട രീതിയാണ്. ഇത് കൂടാതെ മുൻകൂട്ടി നിശ്ചയിച്ച വാർഡ് – മുറി വാടകയും ലഭിക്കും. ഈ പാക്കേജ് നിരക്കുകൾ യുക്തിസഹമായി പരിഷ്കരിക്കേണ്ടതാണ്.
മെഡിക്കൽ സംബന്ധമായ ചികിത്സക്കും പാക്കേജ് നിരക്കാണ്. ഈ പാക്കേജിനോടൊപ്പം ആശുപത്രിയിൽ കഴിയേണ്ടുന്ന ദിവസങ്ങളുടെ എണ്ണവും പറയുന്നണ്ടെങ്കിലും കൂടുതൽ ദിവസം കിടന്നാലും കുറഞ്ഞ ദിവസങ്ങളാണ് കിടന്നതെങ്കിലും ഈ അടിസ്ഥാന പാക്കേജ് നിരക്ക് ലഭിക്കും. റൂം വാർഡ് ചാർജിൽ മാത്രമാണ് മാറ്റം വരുന്നത്. ഇത് ആശുപത്രി വാസവും ചികിത്സാ ചിലവും കുറഞ്ഞ രോഗങ്ങൾക്ക് ആശുപത്രികൾക്ക് വലിയ ലാഭം തന്നെയാണ്. സാധാരണ അസുഖങ്ങൾക്ക് വലിയ അടിസ്ഥാന പാക്കേജാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ പരിശോധനകളും മരുന്നുകളും ആവശ്യമുള്ള രോഗങ്ങളുടെ കാര്യത്തിൽ ആശുപത്രികൾക്ക് നഷ്ടമുണ്ടാകും. ഇതിന്
പരിഹാരമായി ഇത്തരം ശസ്ത്രക്രിയ ഇതര രോഗങ്ങൾക്ക് ദേശീയ ആരോഗ്യ അതോറിറ്റി പി.എം. ജെ. എ. വൈ യിൽ സ്വീകരിച്ചിരിക്കുന്ന നിരക്കുകളും മാനദണ്ഡവും സ്വീകരിക്കാവുന്നതാണ്. പ്രതിദിനം 2100 രൂപയാണ് ജനറൽ വാർഡ് നിരക്ക്. (HBP 2022). ഇതിന്റെ കൂടെ വാർഡ് റൂം വാടക കൂടി കൂട്ടാവുന്നതാണ്.പി.എം.ജെ.എ.വൈ പാക്കേജ് വാർഡ് ചാർജ് ഉൾപ്പെടെയാണന്നും ശ്രദ്ധിക്കണം. ആദ്യം രണ്ടു ദിവസത്തേക്ക് അംഗീകാരം നൽകുകയും പിന്നീട് മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ദിവസങ്ങൾ കൂട്ടി നൽകുകയും വേണം.ഈ മാനദണ്ഡം ആവശ്യമായ പരിഷ്കാരത്തോടു കൂടി മെഡി സെപ്പിലും നടപ്പാക്കണം. അതുമല്ലങ്കിൽ അടിസ്ഥാന പാക്കേജ് തുകയെ ഇപ്പോൾ അനുവദിക്കപ്പെട്ട ആശുപത്രിവാസ ദിനങ്ങൾ കൊണ്ട് ഭാഗിച്ച് ഒരു ദിവസത്തെ ചാർജ് കണക്കാക്കി എത്ര ദിവസം ആശുപത്രിയിൽ കിടക്കുന്നുവോ അതനുസരിച്ചുള്ള തുക മാത്രമേ ആശുപത്രിക്ക് ലഭ്യമാക്കാവൂ. എന്നാൽ ഇത്രയും ദിവസത്തെ കിടത്തി ചികിത്സ ആവശ്യമുണ്ടോ എന്ന് ഇൻഷുറൻസ് കമ്പനിയോ മറ്റേതെങ്കിലും ഏജൻസിയോ ചികിത്സാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓഡിറ്റ് ചെയ്യണം.
ദേശീയ ആരോഗ്യ അതോറിറ്റി അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും ചികിത്സാ പ്രമാണങ്ങളും പി.എം. ജെ. എ. വൈ പോലെ മെഡിസെപ്പിലും ബാധകമാക്കണം.
റീ ഇമ്പേഴ്സ്മെൻറിലെ കാലതാമസം ഒഴിവാക്കുന്നതിനായി ദേശീയ ആരോഗ്യ അതോറിറ്റി നിർദ്ദേശിക്കുന്ന ഗ്രീൻ ചാനൽ പെയ്മെന്റ് നടപ്പാക്കാവുന്നതാണ്. ക്ലെയിം സമർപ്പിച്ചാൽ 24 മണിക്കൂറിനകം സത്യസന്ധമായി സ്കീം ചെയ്യുന്ന ആശുപത്രികൾക്ക് ക്ലെയിം തുകയുടെ 50 ശതമാനം ഒരു ബാങ്ക് ഗാരന്റിയുടെ അടിസ്ഥാനത്തിൽ നൽകുന്നതാണ് ഗ്രീൻ ചാനൽ പെയ്മെന്റ്.
ചില രോഗങ്ങൾക്ക് അംഗീകൃത പാക്കേജ് നിരക്ക് ഇല്ലങ്കിൽ ഒരു ചികിത്സാ നിരക്ക് ആശുപത്രികൾ ആവശ്യപ്പെട്ടാൽ അത് നൽകുന്നതിന് പകരം ഏറ്റവും അടുത്തു നിൽക്കുന്ന പാക്കേജ് ബ്ലോക്ക് ചെയ്യാൻ ആശുപത്രികളോട് ആവശ്യപ്പെടുകയാണ് ഇൻഷുറൻസ് കമ്പനി ചെയ്യുന്നത്. മിക്കപ്പോഴും ഈ പാക്കേജ് ആവശ്യപ്പെട്ട തുകയേക്കാൾ വളരെയധികം കൂടുതലാണ് എന്ന വിരോധാഭാസം സ്വന്തം അനുഭവത്തിൽ നിന്ന് പറയാൻ കഴിയും.
ആശുപത്രി സാധാരണ ചാർജ് ചെയ്യുന്ന തുകയും പാക്കേജ് തുകയും തമ്മിലുള്ള വ്യത്യാസം ഗുണഭോക്താവിൽ നിന്നും വാങ്ങിക്കുന്ന ആശുപത്രികൾ കരാർ ലംഘനമാണ് നടത്തുന്നത്. അതുപോലെ അഡ്മിഷനു മുമ്പ് തന്നെ പരിശോധനകൾ നടത്തി പണം വാങ്ങുന്നതും. ഇത് സംബന്ധിച്ച് സർവ്വീസ് സംഘടനകൾക്ക് പോലും പരാതിയില്ല എന്നതാണ് ആശ്ചര്യം.
സന്ധി മാറ്റി വെക്കൽ തുടങ്ങിയ ശസ്ത്രക്രിയകൾ ദുരുപയോഗം ചെയ്യപ്പെട്ടു എന്ന ആക്ഷേപം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഇതുവരെ ചെയ്ത ശസ്ത്രക്രിയകൾ ഒരു ഓഡിറ്റിങ്ങിന് വിധേയമാക്കുകയും കുറ്റക്കാരെന്നു കണ്ടാൽ ഡോക്ടർമാരെയും ആശുപത്രിയേയും ശിക്ഷണ നടപടികൾക്ക് വിധേയമാക്കുകയാണ് വേണ്ടത്. ഇതിന് ഗവൺമെൻറ് – സ്വകാര്യ വകഭേദം യുക്തിരഹിതമാണ്. ഭാവിയിൽ ഇത്തരം ശസ്ത്രക്രിയകൾ ചെയ്യുന്നതിന് മുമ്പ് ഒരു വിദഗ്ദ്ധ സമിതിയുടെ അംഗീകാരം നിർബന്ധമാക്കണം. അല്ലാതെ സ്വകാര്യ ആശുപത്രികളെ ഒഴിവാക്കുന്നത് അഭികാമ്യമല്ല.
മെഡി സെപ്പിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് ഇപ്പോൾ ധനകാര്യ വകുപ്പാണ്. ഈ മേഖലയിൽ ധനകാര്യ വകുപ്പിന് പ്രവർത്തന അറിവ് (Domain Knowledge) ഇല്ല എന്നത് ഇതിന്റെ ഒരു പോരായ്മയാണ്. അതിന് പരിഹാരമായി ഗവൺമെന്റിന്റെ തന്നെ പ്രൊഫഷണൽ ആയി പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയെ ഇതിന്റെ നടത്തിപ്പ് ഏൽപ്പിക്കുന്നത് ആലോചിക്കേണ്ടതാണ്.
പരാതി പരിഹാര സംവിധാനം സമയബന്ധിതമായി പരാതികൾക്ക് തീർപ്പ് കൽപ്പിക്കുന്നില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്. ഇതും അടിയന്തിര ശ്രദ്ധ പതിയേണ്ടുന്ന ഒരു മേഖലയാണ്.
(കൊല്ലം അഷ്ടമുടി ഹോസ്പിറ്റൽ& ട്രോമാ കെയർ സെന്ററിന്റെ മെഡിക്കൽ സർവ്വീസസ് ഡയറക്ടറാണ് ലേഖകൻ)
Also Read: ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
Content Summary: Surgeries covered in the Medisep insurance scheme should be audited; packages should be modified- Says Dr. Jacob John