മൊബൈൽ ഫോൺ തലച്ചോറിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ?

ഇന്ന് മനുഷ്യജീവിതത്തിൽ സ്മാർട്ട് ഫോണിനോളം സ്വാധീനമുള്ള മറ്റൊരു വസ്തു ഇല്ലെന്ന് പറയാം. എന്തിനും ഏതിനും ഇപ്പോൾ ഫോൺ വേണം. നിത്യജീവിതത്തിൽ നമ്മൾ ചെയ്തിരുന്ന പല കാര്യങ്ങളും ഇന്ന് സ്മാർട്ഫോണിൻറെ സഹായത്തോടെ അനായാസം നടക്കും. കറണ്ട് ബിൽ അടയ്ക്കാൻ, ഗ്യാസ് ബുക്ക് ചെയ്യാൻ, ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ, സ്ഥലം കണ്ടെത്താൻ, ഓൺലൈൻ ഷോപ്പിങിന്, സോഷ്യൽ മീഡിയ ഉപയോഗിക്കാൻ, സിനിമ കാണാൻ, പാട്ട് കേൾക്കാൻ തുടങ്ങി ടോർച്ചായും കാൽക്കുലേറ്ററായും വരെ ഉപയോഗിക്കുന്നത് ഫോൺ ആണ്. നിരവധി ഗുണങ്ങൾ ഉള്ളതുപോലെ അമിതമായ ഫോൺ ഉപയോഗം കാരണം മാനസികവും ശാരീരികവുമായ ചില പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ആളുകൾ ചെലവിടുന്ന സമയം വർദ്ധിച്ചതോടെ ഫോൺ ഉപയോഗിക്കുന്ന സമയത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അമേരിക്കയിൽ മുതിർന്നവർ ഒരു ദിവസം ഓരോ നാലു മിനിട്ടിൽ ഒരുതവണയെങ്കിലും ഫോൺ നോക്കും. അതായത് ഒരുദിവസം ഏകദേശം 344 തവണയെങ്കിലും ഫോൺ നോക്കും. ശരാശരി ഒരാൾ ദിവസം മൂന്ന് മണിക്കൂർ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്. 4ജിയും 5ജിയുമൊക്കെ വ്യാപകമായതോടെ അമേരിക്കയിലേത് പോലെ തന്നെ നമ്മുടെ നാട്ടിലും ഫോൺ ഉപയോഗിക്കുന്നവരുടെയും ഫോൺ ഉപയോഗിക്കുന്ന സമയത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

എന്നാൽ ഫോണിൻറെ അമിത ഉപയോഗം നമ്മുടെ തലച്ചോറിൻറെ പ്രവർത്തനക്ഷമത കുറയ്ക്കുന്നുണ്ടെന്നാണ് പുതിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. എത്രത്തോളം ഉപയോഗിക്കാനാകുമോ അത്രത്തോളം നമ്മൾ ഫോൺ ഉപയോഗിക്കുന്നു. അവ കൂടുതൽ ഉപയോഗിക്കുന്തോറും, നമ്മുടെ തലച്ചോറിൽ ന്യൂറൽ പാതകൾ സ്ഥാപിക്കുന്നു, ഇത് എന്ത് ചെയ്യുന്നതിനും ഫോൺ വേണമെന്ന അവസ്ഥയിലേക്ക് ഒരാളെ നയിക്കുന്നു. ആവശ്യമില്ലാത്തപ്പോൾ പോലും ഫോൺ പരിശോധിക്കാനുള്ള ത്വര കൂടുതൽ അനുഭവപ്പെടും.

എല്ലാവർക്കും അറിയുന്നതുപോലെ സ്മാർട്ട്ഫോൺ പോലെയുള്ള ഉപകരണങ്ങളോടുള്ള നമ്മുടെ സാമൂഹിക ആശ്രിതത്വം ഓരോ വർഷവും അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഫോൺ ഉപയോഗം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളും സങ്കീർണമാകുന്നു. ഫോൺ ഉപയോഗം അമിതമാകുമ്പോൾ അത് മൾട്ടിടാസ്‌കിംഗ് ചെയ്യാനുള്ള നമ്മുടെ കഴിവിനെയും ഓർമ്മശക്തിയെയും ബാധിക്കുന്നുവെന്നതാണ് തലച്ചോറിലുണ്ടാക്കുന്ന ഏറ്റവും പ്രതികൂലമായ ഒരു കാര്യം. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ഏറ്റവും അപകടകരമായ ഉദാഹരണങ്ങളിലൊന്നാണ്. ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുമ്പോൾ, പെട്ടെന്നുണ്ടാകുന്ന അവസ്ഥകളോട് പ്രതികരിക്കാൻ ഡ്രൈവർക്ക് കഴിയാതെ വരുന്നു. ഇത് അപകടസാധ്യത വർദ്ധിപ്പിക്കും. ഇതുപോലെ തന്നെ ഫോൺ ഉപയോഗിച്ചുകൊണ്ട് ജോലി ചെയ്യുന്നവരിൽ പ്രവർത്തനക്ഷമത കുറവാണെന്ന കാര്യവും വ്യക്തമാണ്.

ഫോണിൽ വരുന്ന സന്ദേശങ്ങളുടെയും നോട്ടിഫിക്കേഷനുകളുടെയും ശബ്ദവും വൈബ്രേഷനും നമ്മുടെ ചിന്തയും ശ്രദ്ധയും മാറ്റാൻ ഇടയാക്കും. ഫോണിൻറെ സാന്നിദ്ധ്യം തലച്ചോറിൻറെ പ്രവർത്തനക്ഷമത കുറയ്ക്കുന്നു. ജോലിയിൽ ഏർപ്പെടുകയോ പഠിച്ചുകൊണ്ടിരിക്കുകയോ ചെയ്യുമ്പോൾ, ഫോണിനെക്കുറിച്ചുള്ള ചിന്തയും ഉപബോധമനസിൽ സൃഷ്ടിക്കപ്പെടുന്നു. അതായത്, ഫോൺ പരിശോധിക്കണമെന്ന ആഗ്രഹവും അതുപോലെ, ഫോണിൽ എന്തെങ്കിലും മെസേജോ കോളോ നോട്ടിഫിക്കേഷനോ വരുമോയെന്ന ചിന്തയും കൂടുതലായിരിക്കും. ഫോണിൽ ബീപ് ശബ്ദം ഉണ്ടാകുന്നുണ്ടോയെന്ന ഉത്കണ്ഠ കാരണം നിരന്തരം നിരീക്ഷിക്കുന്നതിനായി നമ്മുടെ മസ്തിഷ്കം ബോധപൂർവ്വമല്ലാതെ തന്നെ കഠിനാധ്വാനം ചെയ്തേക്കാം. ഇത്തരത്തിൽ ശ്രദ്ധ വഴിതെറ്റുന്നത് കാരണം ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ കൃത്യതയും വേഗതയുമില്ലാതെ വരുന്നു.

അതുപോലെ തന്നെ സ്മാർട്ട്ഫോൺ ഉപയോഗം അമിതമായതുവഴി ഓർമശക്തി കുറയുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. മുമ്പ് പല കാര്യങ്ങളും നമ്മൾ ഓർമിപ്പിച്ചുവെക്കാൻ ശ്രമിക്കുമായിരുന്നു. എന്നാൽ എല്ലാ വിവരങ്ങളും സ്മാർട്ട്ഫോണിൽ ശേഖരിക്കുകയോ, ലഭ്യമാകുകയോ ചെയ്യുന്നതുവഴി ഓർമിച്ചുവെക്കുക എന്ന ടാസ്ക്കിനെയാണ് മനുഷ്യൻ ഇല്ലാതാക്കുന്നത്. ഇത് തലച്ചോറിൻറെ പ്രവർത്തനക്ഷമതയെയാണ് കുറയ്ക്കുന്നത്.

മൊബൈൽഫോണുകളെ അമിതമായി ആശ്രയിക്കുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ ഇച്ഛാശക്തിയിലും അറിവിലും എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയുന്നതിന് ഇനിയും നിരവധി വർഷത്തെ ഗവേഷണം വേണ്ടിവരും. എന്നാൽ ഫോണിൻറെ ഉപയോഗം ലഘൂകരിക്കാൻ ബോധപൂർവം ശ്രമിച്ചാൽ തലച്ചോറിനുണ്ടാകുന്ന ദൂഷ്യഫലങ്ങളും കുറയ്ക്കാനാകുമെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്.

(കടപ്പാട്- ബിബിസി)

Content Summary: Know what changes does mobile phone make in your brain