World Liver Day: ഫാറ്റി ലിവർ ലക്ഷണങ്ങൾ എന്തൊക്കെ?

കരൾ രോഗങ്ങളെക്കുറിച്ചും അവ പ്രതിരോധിക്കുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ഏപ്രിൽ 19 ന് ലോക കരൾ ദിനം ആചരിക്കുന്നു. കരൾ രോഗങ്ങളുടെ അപകട ഘടകങ്ങളും ലക്ഷണങ്ങളും, പതിവ് പരിശോധനകളുടെയും സ്ക്രീനിംഗുകളുടെയും പ്രാധാന്യം, കരൾ ദുര്ബലമാകുന്നത് തടയുന്നതിന് ആരോഗ്യകരമായ ജീവിതശൈലിയുടെ ആവശ്യകത എന്നിവയെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കാൻ ഈ ദിനം അവസരമൊരുക്കുന്നു.

നമ്മുടെ ശരീരത്തിലെ ഒരു സുപ്രധാന അവയവമാണ് കരൾ. രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യുക, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുക, ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുക എന്നിങ്ങനെ നിരവധി നിർണായക പ്രവർത്തനങ്ങൾ കരൾ ചെയ്യുന്നുണ്ട്. അമിതമായ മദ്യപാനം, അമിതവണ്ണം, ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ രോഗം തുടങ്ങിയ നിരവധി ഘടകങ്ങൾ കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.

എല്ലാ പ്രായത്തിലുമുള്ള ആളുകളിലും പൊതുവെ കാണപ്പെടുന്ന ഒരു കരൾരോഗമാണ് ഫാറ്റി ലിവർ. കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്നും അറിയപ്പെടുന്ന ഫാറ്റി ലിവർ. ഇത് വിവിധ കാരണങ്ങൾ കൊണ്ട് ഉണ്ടാകാം.

ഫാറ്റി ലിവറിനെ രണ്ടായി തരം തിരിക്കാം: ആൽക്കഹോളിക് ഫാറ്റി ലിവർ, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ (NAFLD). അമിതമായ മദ്യപാനം മൂലമാണ് ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകുന്നത്, അതേസമയം അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, രക്തത്തിലെ ഉയർന്ന അളവിലുള്ള പഞ്ചസാര, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, മെറ്റബോളിക് സിൻഡ്രോം തുടങ്ങിയ ഘടകങ്ങളാൽ NAFLD ഉണ്ടാകുന്നു.

പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങൾ കാണിക്കാത്ത അസുഖമാണ് ഫാറ്റി ലിവർ. രോഗാവസ്ഥ പുരോഗമിക്കുമ്പോൾ ക്ഷീണം, ബലഹീനത, വയറിലെ അസ്വസ്ഥത, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഫാറ്റി ലിവർ ചികിത്സിച്ചില്ലെങ്കിൽ ലിവർ സിറോസിസ്, ലിവർ ക്യാൻസർ തുടങ്ങിയ ഗുരുതരമായ സങ്കീർണതകൾക്കും കാരണമാകും.

Also Read: ഫാറ്റി ലിവർ ഉള്ളവർക്ക് ഗുരുതരമായ മസ്തിഷ്കരോഗത്തിന് സാധ്യതയെന്ന് പഠനം

ഫാറ്റി ലിവറിന്റെ ചികിത്സ അടിസ്ഥാന കാരണത്തെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ആൽക്കഹോളിക് ഫാറ്റി ലിവറിന്റെ കാര്യത്തിൽ, മദ്യപാനം നിർത്തുക എന്നതാണ് ആദ്യപടി. അതേസമയം NAFLD ന്റെ കാര്യത്തിൽ, ശരീരഭാരം കുറയ്ക്കൽ, വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളാണ് ശുപാർശ ചെയ്യപ്പെടുന്നത്. ചില സന്ദർഭങ്ങളിൽ, ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളും സങ്കീർണതകളും നിയന്ത്രിക്കാൻ മരുന്നുകൾ നിർദ്ദേശിച്ചേക്കാം.

Content summary: World Liver Day – Symptoms and causes of fatty liver