മേശപ്പുറത്ത് ചെറിയ ചട്ടിയിലിരിക്കുന്ന കുഞ്ഞു ചെടി പോലും നിങ്ങളുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നുണ്ട് എന്നറിയാമോ? പൂക്കളും ചെടികളും കണ്ണിനു കുളിർമ്മ നൽകുന്നതിനൊപ്പം നമ്മെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. സസ്യങ്ങളോട് നമുക്ക് തോന്നുന്ന മാനസികബന്ധം നമ്മൾ കരുതുന്നതിനും അപ്പുറമാണ്.
നമ്മുടെ മാനസികാവസ്ഥയെ രൂപപ്പെടുത്തുന്നതിലും മാനസികവും ശാരീരികവുമായ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിലും സസ്യങ്ങൾ വഹിക്കുന്ന അടിസ്ഥാനപരമായ പങ്കിനെക്കുറിച്ച് ശാസ്ത്രീയ തെളിവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ മനുഷ്യരിൽ വിഷാദം, ഉത്കണ്ഠ, മൂഡ് ഡിസോർഡർ തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കാൻ സസ്യങ്ങൾക്ക് കഴിയും, ഇത് ഹൃദയമിടിപ്പ് കുറയ്ക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും.
പ്രകൃതിയോടും മറ്റ് ജീവജാലങ്ങളോടും ഉള്ള മനുഷ്യ സഹജമായ ബന്ധമാണ് ബയോഫീലിയ. പ്രകൃതിയുമായി ബന്ധപ്പെടാൻ മനുഷ്യർക്ക് അന്തർലീനമായ ആഗ്രഹമുണ്ടെന്നും നമ്മുടെ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമത്തിന് ഈ ബന്ധം അത്യന്താപേക്ഷിതമാണെന്നുമുള്ള ആശയമാണിത്.
പല പഠനങ്ങളും കാണിക്കുന്നത് ഹോർട്ടികൾച്ചർ തെറാപ്പി PTSD (പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ) ലക്ഷണങ്ങൾ നിയന്ത്രിക്കാനും ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ്.
കാർബൺ ഡൈ ഓക്സൈഡ് ഫലപ്രദമായി നീക്കം ചെയ്യുന്നതിന് പലരും ചെടികളെ ആശ്രയിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ വീടിനുള്ളിൽ ഒരു മണിക്കൂറിനുള്ളിൽ കാർബൺ ഡൈ ഓക്സൈഡിന്റെ സാന്ദ്രത 2,000ppm-ൽ നിന്ന് 480ppm-ലേക്ക് കുറയ്ക്കാൻ സസ്യങ്ങൾക്ക് കഴിയുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ചിലന്തി ചെടികൾ, പീസ് ലില്ലി, മുള തുടങ്ങി നിരവധി സസ്യങ്ങൾ പ്രകൃതിദത്ത വായു ശുദ്ധീകരണികളാണ്. അവ വിഷവസ്തുക്കളെ നീക്കം ചെയ്യാനും വീട്ടിലെയോ ഓഫീസിലെയോ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശുദ്ധവായു നമ്മുടെ മൊത്തത്തിലുള്ള മാനസികാവസ്ഥ മെച്ചപ്പെടുത്താനും ക്ഷീണവും ആലസ്യവും കുറയ്ക്കാനും സഹായിക്കും.
Also Read: വായു മലിനീകരണം കുട്ടികളുടെ ബുദ്ധിശക്തി കുറയ്ക്കുമോ?
ലാവെൻഡർ, ചമോമൈൽ, ജാസ്മിൻ തുടങ്ങിയ ചില സസ്യങ്ങളിൽ അടങ്ങിയിട്ടുള്ള പ്രകൃതിദത്ത സംയുക്തങ്ങൾ ഉത്കണ്ഠയും മാനസികസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും.
സൂര്യകാന്തി പോലെ തിളക്കമുള്ള നിറവും മനോഹരമായ സുഗന്ധവുമുള്ള സസ്യങ്ങൾ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും.
ചിലർ സസ്യങ്ങളെ വെറും കാഴ്ചവസ്തുക്കളായാണ് കണക്കാക്കുന്നത്. എന്നാൽ രോഗങ്ങളെ ചികിത്സിക്കുന്നതുൾപ്പെടെയുള്ള നിരവധി പ്രയോജനങ്ങളും സസ്യങ്ങൾ നൽകുന്നുണ്ട്. വർഷങ്ങളായി വേദന ഒഴിവാക്കാനും മറ്റ് രോഗശാന്തികൾക്കുമായി മനുഷ്യർ സസ്യങ്ങളെ ഉപയോഗിക്കുന്നുണ്ട്.
Content Summary: Here is how plants will make you happy