തിരുവനന്തപുരം കിംസ് ഹെൽത്തിലെ ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ.എ.രാജലക്ഷ്മി എഴുതുന്നു..
ലോകാരോഗ്യ സംഘടന (WHO) പ്രസിദ്ധീകരിച്ച ലോക മലേറിയ റിപ്പോർട്ട് 2020 പ്രകാരം ആഗോള തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 95 ശതമാനവും ആഫ്രിക്കൻ രാജ്യങ്ങളിലാണ്, അതേസമയം തെക്ക്-കിഴക്ക് ഏഷ്യയിലെ കേസുകൾ ഏകദേശം 2% വരും. ഇവിടെ തന്നെ 83 ശതമാനം കേസുകളും ഇന്ത്യയിലാണ്. കേരളത്തിൽ മലമ്പനി കുറവായാണ് കാണപ്പെടുന്നത്. ദേശീയ കണക്കുകൾ കാണിക്കുന്നത് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ കേരളത്തിലേത് 0.2 ശതമാനം ആണെന്നാണ്. 6 വർഷത്തെ ഡാറ്റ പരിശോധിച്ചു(2016 മുതൽ 2021 വരെ) അടുത്തിടെ പ്രസിദ്ധീകരിച്ച ഞങ്ങളുടെ സ്വന്തം പഠനത്തിൽ 10 ശതമാനം കേസുകളിൽ ഞങ്ങൾക്ക് ഒരു ട്രാവൽ ഹിസ്റ്ററി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബാക്കിയുള്ളവരെല്ലാം ഒന്നുകിൽ മറ്റൊരു സംസ്ഥാനം അല്ലെങ്കിൽ രാജ്യത്തുനിന്നു വന്നവരായിരുന്നു . മലേറിയ ബാധിതർ മറ്റേതൊരു രാജ്യത്തെക്കാളും കൂടുതൽ കാണപ്പെട്ടത് ആഫ്രിക്കയിൽ നിന്ന് മടങ്ങിയവരിലാണ്.
ഇന്ത്യയിലുടനീളം വ്യാപകമായ മലേറിയ വാഹകനായ അനോഫിലിസ് കൊതുകുകളിൽ സ്പീഷീസിലും വെക്റ്റർ ഡെൻസിറ്റിയിലും പ്രാദേശിക വ്യതിയാനങ്ങൾ ദൃശ്യമാണ്. കാലാവസ്ഥാ വ്യതിയാനം വെക്റ്റർ ഡെൻസിറ്റി സുഗമമാക്കും. ഇത് കൊതുകുകളുടെ ഉള്ളിൽ കടന്നു കൂടുന്ന മലേറിയ പരാന്നഭോജികളുടെ പ്രജനനം, സ്വഭാവം, അതിജീവനം, വികസനം എന്നിവ പോഷിപ്പിക്കുക വഴി മലേറിയ പരത്തുന്നതും വർധിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന കുറഞ്ഞ താപനിലാപ്രവണത, വർദ്ധിച്ച മഴ, ഈർപ്പം എന്നിവ വെക്റ്റർ പോപ്പുലേഷൻ വർദ്ധിപ്പിക്കുന്നു. മലേറിയ നിയന്ത്രിക്കുന്നതിൽ ഇത് ഒരു വലിയ വെല്ലുവിളിയാകാം. വളരെ ഉയർന്ന താപനില മലേറിയ പകരുന്നത് കുറയ്ക്കാൻ സഹായകമായേക്കും. അതേസമയം കനത്ത മഴയ്ക്ക് കൊതുകുകളുടെ പ്രജനന സ്ഥലങ്ങൾ നശിപ്പിച്ചു കളയാനും സാധിക്കും. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ മലേറിയ വ്യാപനത്തിൽ മാറ്റം വരുത്തിയേക്കാം.
ആഗോള ശരാശരി താപനില ക്രമാനുഗതവും ഗണ്യമായി ഉയരുന്നുണ്ടെന്ന് ഡാറ്റകൾ സൂചിപ്പിക്കുന്നു. അതിൽ, കഴിഞ്ഞ നൂറ്റാണ്ടിൽ, 1950 മുതൽ ത്വരിതഗതിയിലുള്ള വർദ്ധനവ് നിരീക്ഷിക്കപ്പെട്ടു വരുന്നു. നാസയുടെ അഭിപ്രായത്തിൽ, രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷങ്ങളിൽ പത്തൊൻപത് വർഷം 2000 മുതലാണ് സംഭവിച്ചത്. കൊതുകുജന്യ രോഗങ്ങൾ ഈ ഉയരുന്ന താപനിലയിൽ നിന്നും മറ്റ് കാലാവസ്ഥാ മാറ്റങ്ങളിൽ നിന്നും പ്രയോജനം നേടുന്നു എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു . നേരിയ ചൂടുള്ള കാലാവസ്ഥ മലേറിയ പോലുള്ള കൊതുക് പരത്തുന്ന രോഗങ്ങളുടെ വിതരണവും അവ പകരാനുള്ള സാധ്യതയും സുഗമമാക്കുന്നു.
മലേറിയ പകരുന്നതിൽ വളരെയധികം സ്വാധീനിക്കുന്നതാണ് മനുഷ്യർ തമ്മിലുള്ള സങ്കീർണ്ണമായ പരസ്പരബന്ധം വിളിച്ചോതുന്ന ചില പെരുമാറ്റരീതികൾ (അപകടസാധ്യത നിറഞ്ഞ ചുറ്റുപാടുകൾ, മലേറിയ നിർമ്മാർജ്ജനത്തെ ബാധിക്കുന്ന തരത്തിലുള്ള കുടിയേറ്റം), കൊതുകുകൾ (അവയുടെ പ്രജനനവും അതിജീവനവും, റിപ്പല്ലന്റുകളോടുള്ള പ്രതിരോധം വർദ്ധിപ്പിക്കുന്നത്), പരാന്നഭോജികൾ (ചില സ്പീഷീസുകളിൽ ആന്റിമലേറിയൽ മരുന്നുകളിൽ നിന്നുള്ള പ്രതിരോധം സംഭവിച്ചുകൊണ്ടിരിക്കുന്നു) കാലാവസ്ഥാ വ്യതിയാനം (കൊതുകിന്റെ എണ്ണം വർധിപ്പിക്കുന്നു) എന്നിവ.
ഓരോ വർഷവും, തടയാൻ കഴിയുമായിരുന്ന വലിയ മരണസംഖ്യകൾക്ക് കാരണമാകുന്ന മലേറിയ ഇപ്പോഴും ഒരു ഭീഷണിയായി നിലനിൽക്കുന്നു. 2023 ലെ ലോക മലേറിയ ദിനത്തിന്റെ തീം “മലേറിയ പൂജ്യമാക്കാനുള്ള സമയം: നിക്ഷേപിക്കുക, നവീകരിക്കുക, നടപ്പിലാക്കുക”. കാലാവസ്ഥാ വ്യതിയാനവും വെക്ടറും മന്ദഗതിയിലാക്കാൻ പ്രവർത്തിക്കുക എന്നത് മലേറിയ നിയന്ത്രണത്തിന്റെ ഒരു പ്രധാന ഭാഗമാണ്.
Content Summary: Malaria is a vector-borne disease that is transmitted by mosquitoes, and changes in temperature and precipitation patterns can affect both the distribution and intensity of malaria transmission.