സ്ത്രീകളിൽ ചികിത്സിച്ചില്ലെങ്കിൽ മാരകമായേക്കാവുന്ന നിശബ്ദ രോഗങ്ങൾ

സ്ത്രീകൾക്ക് അസുഖം വന്നാൽ കുടുംബത്തിന് മുഴുവൻ അസുഖം വന്നപോലെയാണ്. കാരണം, സ്ത്രീകളായിരിക്കും മിക്ക കുടുംബങ്ങളെയും മുന്നോട്ട് കൊണ്ടുപോകുന്നത്. പലപ്പോഴും ജോലിത്തിരക്കും കുടുംബകാര്യങ്ങളും കഴിഞ്ഞ് സ്വന്തം ആരോഗ്യം നോക്കാൻ സ്ത്രീകൾ ശ്രദ്ധിക്കാറില്ല.

സ്ത്രീകൾ അവരുടെ ആരോഗ്യം ശ്രദ്ധിക്കുകയും ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പൊതുവെ നിസാരമെന്ന് കരുതുന്ന അസുഖങ്ങൾ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകാറുണ്ട്. ചില അസുഖങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതും സാധാരണമാണ്.

സ്ത്രീകളിൽ മാരകമായി മാറുന്ന നിശബ്ദ രോഗങ്ങൾ

1.അനീമിയ

ശരീരത്തിലെ കലകളിലേക്ക് ആവശ്യമായ ഓക്‌സിജൻ എത്തിക്കാൻ ആവശ്യമായ ചുവന്ന രക്താണുക്കളുടെ അഭാവമാണ് അനീമിയ ഉണ്ടാകാൻ കാരണം. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന ഈ അവസ്ഥ തളർച്ചയും ക്ഷീണവും അനുഭവപ്പെടാൻ കാരണമാകും. ചുവന്ന മാംസം, കോഴിയിറച്ചി, ബീൻസ്, ഇലക്കറികൾ, ഡ്രൈ ഫ്രൂട്സ്, ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നതിലൂടെ അനീമിയ വരാതെ നോക്കാം.

2. ഭക്ഷണ ക്രമക്കേടുകൾ

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ശരീരത്തെക്കുറിച്ചുള്ള വികലമായ ധാരണയും കാരണം ഉണ്ടാകുന്ന ഒരു മാനസികാരോഗ്യ അവസ്ഥയാണ് ഭക്ഷണ ക്രമക്കേട്. ഈ അവസ്ഥ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു.

പ്രത്യേകിച്ച് അനോറെക്സിയ നെർവോസ, ബുളിമിയ നെർവോസ എന്നീ ഭക്ഷണക്രമക്കേടുകളാണ് സ്ത്രീകളിൽ സാധാരണ കണ്ടുവരാറ്‌. ശരീര ഭാരം കൂടുമോ എന്ന അമിതമായ ഭയം കാരണം ഭക്ഷണം കഴിക്കാത്ത അവസ്ഥയാണ് അനോറെക്സിയ നെർവോസ. അമിതമായി ഭക്ഷണം കഴിക്കുകയും തുടർന്ന് അമിതമായി കഴിച്ച ഭക്ഷണം ഛർദ്ദിച്ച് കളയാൻ ശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ബുളിമിയ നെർവോസ.

ഭക്ഷണ ക്രമക്കേടുകൾ ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ ശാരീരിക മാനസിക ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

3. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്)

സ്ത്രീകളിൽ വളരെ നീണ്ട കാലയളവിൽ അനുഭവപ്പെടുന്ന ഒരു ആരോഗ്യാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. പലപ്പോഴും ആൻഡ്രോജൻ എന്ന പുരുഷ ഹോർമോണിന്റെ അമിതമായ ഉൽപ്പാദനമാണ് പിസിഒഎസ് ഉണ്ടാകാൻ കാരണമാകുന്നത്. പിസിഒഎസ് വന്ധ്യതയ്ക്കും അമിതവണ്ണത്തിനും ഇടയാക്കും.

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, കുറഞ്ഞ അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുള്ള പ്രോട്ടീനുകൾ, ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങളും സംയുക്തങ്ങളും അടങ്ങിയ ആന്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ളവർ കഴിക്കേണ്ടത്.

Also Read: പോളിസിസ്റ്റിക് ഓവറി സിൻഡ്രോം; പ്രമേഹ സാധ്യതയും ഡയറ്റും

4. അസ്ഥികളുടെ ആരോഗ്യം

അസ്ഥിരോഗങ്ങൾ കൂടുതലും സ്ത്രീകളെയാണ് ബാധിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് ഓസ്റ്റിയോപൊറോസിസ് ബാധിക്കുന്നത് സ്ത്രീകളിലാണ്. 50 വയസ്സിനു മുകളിലുള്ള സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് കാരണം അസ്ഥി ഒടിയാൻ സാധ്യത കൂടുതലാണ്. സ്ത്രീകളിൽ
എല്ലുകളെ സംരക്ഷിക്കുന്ന ഈസ്ട്രജൻ ഹോർമോൺ ആർത്തവവിരാമം എത്തുമ്പോൾ കുറയുന്നത്, സ്ത്രീകളുടെ അസ്ഥികൾ പുരുഷന്മാരേക്കാൾ ചെറിയതായത് എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ കാരണം സ്ത്രീകൾക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കാൽസ്യവും വൈറ്റമിൻ ഡിയും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും അസ്ഥികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങൾ ചെയ്യുന്നതും അസ്ഥികൾ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കും.

5. മാനസികാരോഗ്യം

മാനസികാരോഗ്യ വൈകല്യങ്ങൾ സ്ത്രീകളെയും പുരുഷന്മാരെയും വ്യത്യസ്തമായാണ് ബാധിക്കുന്നത്. സ്ത്രീകളിൽ സവിശേഷമായ ചില മാനസികാരോഗ്യ വൈകല്യങ്ങൾ കണ്ടുവരാറുണ്ട്. ചില സ്ത്രീകൾക്ക് ഹോർമോൺ വ്യതിയാനത്തിന്റെ സമയത്ത് പെരിനാറ്റൽ ഡിപ്രഷൻ, പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ, പെരിമെനോപോസുമായി ബന്ധപ്പെട്ട വിഷാദം തുടങ്ങിയ മാനസിക വൈകല്യങ്ങളുടെ ലക്ഷണങ്ങൾ അനുഭവപ്പെടാം. അതുപോലെ പ്രസവശേഷം പോസ്റ്റ്പാർട്ടം ഡിപ്രഷൻ കണ്ടുവരാറുണ്ട്.

യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ മാനസികാരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകും.

Content Summary: Silent killer diseases that can be fatal if left untreated in women