വാൾനട്ട് വേനൽക്കാലത്ത് കുതിർത്ത് കഴിക്കണം; കാരണങ്ങൾ അറിയാം

മനുഷ്യന്റെ തലച്ചോറിന്റെ ആകൃതിയിൽ കാണുന്ന പരിപ്പാണ് വാൾനട്ട്. നമ്മുടെ ഓർമ്മശക്തിയും മാനസിക പ്രകടനവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ധാരാളം പോഷകങ്ങൾ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീൻ, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വാൾനട്ട് നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ്. ഇത് ശരിയായ രീതിയിൽ കഴിച്ചാൽ പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്.

വാൾനട്ട് കഴിക്കാനുള്ള ഏറ്റവും നല്ല വഴികളിൽ ഒന്ന് രാത്രി മുഴുവൻ കുതിർത്ത ശേഷം രാവിലെ കഴിക്കുക എന്നതാണ്. ഇത് ചെയ്യുന്നതിന്, 2-4 വാൾനട്ട് കഷണങ്ങൾ ഒരു കപ്പ് വെള്ളത്തിൽ രാത്രി മുക്കിവയ്ക്കുക. പിറ്റേന്ന് രാവിലെ വെറുംവയറ്റിൽ കഴിക്കുക.

ശരീരത്തിലെ ഹാനികരമായ കൊളസ്ട്രോൾ കുറയ്ക്കാൻ കുതിർത്ത വാൽനട്ട് സഹായിക്കും. കൂടാതെ, സാധാരണ വാൽനട്ടുകളെ അപേക്ഷിച്ച്, ഇവ ദഹിപ്പിക്കാൻ എളുപ്പമാണ്. വാൾനട്ട് കുതിർക്കുമ്പോൾ, നിങ്ങളുടെ ശരീരത്തിന് പോഷകങ്ങൾ കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയും.

വേനൽക്കാലത്ത് വാൽനട്ട് കഴിക്കുന്നതിന്റെ ഗുണങ്ങൾ

ഉറക്കം മെച്ചപ്പെടുത്തുന്നു

മെലറ്റോണിൻ എന്ന രാസവസ്തു അടങ്ങിയതിനാൽ വാൾനട്ട് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കും. നല്ല ഉറക്കം ലഭിക്കാൻ നമ്മെ സഹായിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് മെലറ്റോണിൻ. രാവിലെയും കിടക്കുന്നതിന് തൊട്ടുമുമ്പും കുതിർത്ത വാൽനട്ട് കഴിച്ചാൽ നല്ല ഉറക്കം ലഭിക്കും.

ശരീരഭാരം കുറയ്ക്കാൻ/ നിലനിർത്താനുള്ള നല്ല മാർഗം

അടുത്ത തവണ വിശക്കുമ്പോൾ ജങ്ക് ഫുഡ് കഴിക്കരുത്. പകരം വാൾനട്ട് കഴിക്കുക. അവ ആരോഗ്യകരവും വിശപ്പ് മാറ്റാൻ സഹായിക്കുന്നതുമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

പ്രതിരോധശേഷിക്ക്

വാൾനട്ടിൽ ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ആരോഗ്യകരവും ശക്തവുമായ രോഗപ്രതിരോധ സംവിധാനം വേനൽക്കാല ജലദോഷം പോലുള്ള അസുഖങ്ങൾ വരാതിരിക്കാൻ സഹായിക്കും.

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്

മറ്റേതൊരു സാധാരണ നട്ടിനെക്കാളും, വാൾനട്ടിൽ ഏറ്റവും ഉയർന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ഇ, മെലറ്റോണിൻ, വാൾനട്ടിന്റെ തൊലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോളിഫെനോൾസ് എന്നറിയപ്പെടുന്ന സസ്യ രാസവസ്തുക്കൾ എന്നിവ ആന്റിഓക്‌സിഡന്റുകളുടെ ഉറവിടങ്ങളാണ്. വേനൽക്കാലത്ത് നമ്മൾ പലപ്പോഴും സമ്പർക്കം പുലർത്തുന്ന അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നമ്മുടെ ചർമ്മത്തെ സംരക്ഷിക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കും.

വീക്കം കുറയ്ക്കുന്നു

നിരവധി വിട്ടുമാറാത്ത രോഗങ്ങൾ വീക്കം മൂലമാണ് ആരംഭിക്കുന്നത്, ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കൊണ്ടാകാം. വാൾനട്ടിൽ കാണപ്പെടുന്ന പോളിഫെനോൾസ് വീക്കം, ഓക്‌സിഡേറ്റീവ് കേടുപാടുകൾ എന്നിവയ്‌ക്കെതിരായ പ്രവർത്തനങ്ങൾ ചെയ്യും. പോളിഫെനോളുകളുടെ ഒരു ഉപവിഭാഗമായ എല്ലഗിറ്റാനിൻസ് വേനൽക്കാലത്ത് ഉണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കും.

കൊളസ്ട്രോൾ കുറയ്ക്കുന്നു

ഉയർന്ന “മോശം” എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവക്ക് ഹൃദ്രോഗവുമായുള്ള ബന്ധം എല്ലാവര്ക്കും അറിയാവുന്നതാണ്. വാൾനട്ട് പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. .

ഊർജ്ജം വർദ്ധിപ്പിക്കുന്നു

ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വാൾനട്ട്. വേനൽക്കാലത്ത് നിങ്ങൾക്ക് ദിവസം മുഴുവൻ ലഭിക്കാൻ ആവശ്യമായ ഊർജം വാൾനട്ടിൽ നിന്ന് ലഭിക്കും.

Content Summary: Know the benefits of eating soaked walnuts in Summer