ക്ഷീണം മാറുന്നില്ലേ? ശരീരത്തിന് തളർച്ച അനുഭവപ്പെടാനുള്ള കാരണങ്ങൾ അറിയാം

രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി കിടക്കുന്നവരെ അമിതമായ ക്ഷീണം അനുഭവപ്പെടുന്നവരാണോ നിങ്ങൾ? തളർച്ച കാരണം നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലാകുന്നുണ്ടോ? ഇങ്ങനെ ക്ഷീണം അനുഭവപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. നിങ്ങളുടെ ശരീരത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കാൻ സമയമായി എന്നതിന്റെ സൂചനയാണ് ക്ഷീണം. എന്തൊക്കെ കാരണങ്ങൾകൊണ്ടാണ് വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുന്നതെന്ന് നോക്കാം.

നിർജ്ജലീകരണം

ശരീരത്തിൽ ആവശ്യത്തിന് ജലാംശമില്ലാത്തത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. ചർമ്മത്തിന്റെ ആരോഗ്യം മുതൽ ശരീരഭാരം കുറയ്ക്കുന്നത് വരെയുള്ള ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ ലഭിക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതുണ്ട്. നിർജ്ജലീകരണം ശരീരം പെട്ടെന്ന് ക്ഷീണിക്കാൻ ഒരു കാരണമാണ്.

പോഷകങ്ങളുടെ അപര്യാപ്തത

പോഷകങ്ങളുടെ കുറവ് ശരീരത്തെ ക്ഷീണിപ്പിക്കും. വിറ്റാമിൻ ഡി, വിറ്റാമിൻ ബി-12, ഇരുമ്പ്, മഗ്നീഷ്യം അല്ലെങ്കിൽ പൊട്ടാസ്യം എന്നിവയുടെ അളവ് കുറയുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നു. ഇത് സാധാരണയായി എല്ലാവരിലും കണ്ടുവരുന്ന പ്രശ്നമാണ്. ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഈ പോഷകങ്ങളുടെ അളവ് പരിശോധിക്കുന്നത് നല്ലതാണ്.

ഉറക്കമില്ലായ്മ

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടതുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തത് ക്ഷീണത്തിലേക്ക് നയിച്ചേക്കാം. ഉറക്കത്തിൽ, നിങ്ങളുടെ ശരീരം പ്രധാനപ്പെട്ട വളർച്ചാ ഹോർമോണുകൾ പുറത്തുവിടുന്നതും കോശങ്ങളെ നന്നാക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഉൾപ്പെടെ നിരവധി നിർണായക പ്രക്രിയകൾ നിർവ്വഹിക്കുന്നുണ്ട്.

തെറ്റായ ഭക്ഷണക്രമം

തോന്നുന്നപോലെ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കും. പോഷകങ്ങൾ കുറവായ അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ, അമിതമായ ഉപ്പും പഞ്ചസാരയും എണ്ണയും അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന് ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കാതിരിക്കാൻ കാരണമാകും. ഇത് ക്ഷീണം അനുഭവപ്പെടാൻ ഇടയാക്കും.

മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദം അനുഭവിക്കുമ്പോൾ നിങ്ങളുടെ ശരീരം കോർട്ടിസോൾ, അഡ്രിനാലിൻ എന്നീ സ്ട്രെസ് ഹോർമോണുകൾ അമിതമായി ഉൽപ്പാദിപ്പിക്കുന്ന. ദീർഘകാലം നീണ്ടുനിൽക്കുന്ന സമ്മർദ്ദം ശരീരത്തിന് ക്ഷീണം ഉണ്ടാക്കും. മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഒരു ഡോക്ടറുടെ സഹായം തേടാൻ മടിക്കേണ്ടതില്ല.

Content Summary: Possible causes for extreme fatigue.