നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴമാണ് ചക്ക. സീസണായാൽ പല വീടുകളിലും തൊടിയിൽ ആർക്കും വേണ്ടാതെ നിൽക്കുന്ന ചക്കപ്പഴം കാണാം. എന്നാൽ അടുത്തകാലങ്ങളിലായി അതിന് മാറ്റം വന്നിട്ടുണ്ട്. ചക്കയുടെ ഗുണങ്ങൾ മലയാളികൾ പതുക്കെയാണെങ്കിലും മനസിലാക്കി. പച്ച ചക്ക പൊടിച്ചും പഴുപ്പിച്ചും പലഹാരങ്ങൾ ഉണ്ടാക്കാനും ജാമും ഐസ്ക്രീമും ഉണ്ടാക്കാനും ഇന്ന് മലയാളിക്കറിയാം.
ലോഡുകണക്കിന് ചക്ക സംസ്ഥാനത്തിന് പുറത്തേക്കും രാജ്യത്തിന് പുറത്തേക്കും പോകുന്നുണ്ട്. അവിടെ നമ്മുടെ ചക്ക ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരുടെ ഇറച്ചിയാണ് ചക്ക. പച്ച ചക്ക ഇറച്ചിക്ക് പകരമായി പല സ്ഥലങ്ങളിലും ഉപയോഗിക്കുന്നു. ചേർക്കുന്ന ചേരുവകളുടെ രുചി സ്വീകരിച്ച് ഇറച്ചിയെപ്പോലെ രുചി നൽകാൻ ചക്കക്ക് സാധിക്കും. ചക്ക കൊണ്ട് സാൻഡ്‌വിച്ചും ബർഗറും വരെ ഉണ്ടാക്കാം എന്ന് സാരം. ഇറച്ചിക്ക് പകരമായി ഉപയോഗിക്കുന്നത് മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങളുമുണ്ട് ചക്കക്ക്.
ഉയർന്ന അളവിൽ നാരുകൾ
ചക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും.
വിറ്റാമിനുകളും ധാതുക്കളും
വിറ്റാമിൻ സി, ബി 6 എന്നിവയുടെ നല്ല ഉറവിടമാണ് ചക്ക. കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.
കുറഞ്ഞ കലോറി
മറ്റ് പഴങ്ങളെ അപേക്ഷിച്ച് ചക്കയ്ക്ക് കലോറി താരതമ്യേന കുറവാണ്. ഇത് ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഡയറ്റിൽ ഉൾപ്പെടുത്താം.
ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ
ചക്കയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് ചില പഠനങ്ങൾ അഭിപ്രായപ്പെടുന്നു. ഇത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
പ്രമേഹം നിയന്ത്രിക്കുന്നു
കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള പഴമാണ് ചക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന സംയുക്തങ്ങളും ചക്കയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പ്രമേഹരോഗികൾക്കും പേടി കൂടാതെ കഴിക്കാൻ പറ്റുന്ന പഴമാണ് ചക്ക.
Content Summary: Health benefits of jack fruit