ഏറെ കാലമായി ആരോഗ്യവൃത്തങ്ങളിൽ നിലനിൽക്കുന്ന ഒരു പ്രചാരണമാണ് തക്കാളി കൂടുതൽ കഴിച്ചാൽ മൂത്രത്തിൽ കല്ല് വരുമെന്നത്. ഇതിൽ എത്രത്തോളം ശരിയുണ്ട്? ഇത് സംബന്ധിച്ച് കൃത്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. എന്നാൽ ലഭ്യമായ വിവരങ്ങൾവെച്ച് ആരോഗ്യവിദഗ്ദർ ഇതേക്കുറിച്ച് മറുപടി നൽകുന്നുണ്ട്. തക്കാളി കഴിച്ചാൽ വൃക്കയിലോ മൂത്രനാളിയിലോ കല്ല് ഉണ്ടാകില്ലെന്നാണ് അവർ ഉറപ്പിച്ച് പറയുന്നത്.
യഥാർഥത്തിൽ തക്കാളി പൊതുവെ ആരോഗ്യകരമായ ഭക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല തക്കാളി കഴിക്കുന്നതുകൊണ്ട് വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ സാധ്യതയില്ലെന്നും അവർ ഉറപ്പിച്ചുപറയുന്നു.
മൂത്രത്തിൽ കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ചില പദാർത്ഥങ്ങൾ വളരെ സാന്ദ്രീകരിക്കപ്പെടുകയും ക്രിസ്റ്റലൈസ് ചെയ്യുകയും ചെയ്യുമ്പോഴാണ് വൃക്കയിലെ കല്ലുകൾ സാധാരണയായി രൂപപ്പെടുന്നത്. ഉപ്പ്, മാംസാഹാരത്തിൽനിന്നുള്ള പ്രോട്ടീൻ, ഓക്സലേറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ വൃക്കയിലെ കല്ല് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. എന്നിരുന്നാലും, തക്കാളിയോ മറ്റേതെങ്കിലും പ്രത്യേക ഭക്ഷണമോ വൃക്കയിലെ കല്ലിന് കാരണമാകുന്നു എന്നതിന് തെളിവുകളൊന്നുമില്ല.
തക്കാളി വിറ്റാമിൻ സി, പൊട്ടാസ്യം, ലൈക്കോപീൻ തുടങ്ങിയ പോഷകങ്ങളുടെ നല്ല ഉറവിടമാണ്, ചില വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതുൾപ്പെടെയുള്ള ആരോഗ്യപരമായ ഗുണങ്ങളും തക്കാളിക്ക് ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
Also Read: വൃക്കയുടെ പ്രവർത്തനം തകരാറിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുതേ
ഏതൊരു ഭക്ഷണത്തെയും പോലെ തക്കാളിയുടെ കാര്യത്തിലും മിതത്വം ആവശ്യമാണ്. അമിതമായാൽ അമൃതും വിഷം എന്ന് പറഞ്ഞതുപോലെ തക്കാളി അമിതമായ അളവിൽ കഴിക്കരുതെന്ന് ന്യൂട്രീഷ്യൻമാർ നിർദേശിക്കുന്നു. എന്നാൽ സമീകൃതാഹാരത്തിന്റെ ഭാഗമായി തക്കാളി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം മാത്രമെ ചെയ്യുകയുള്ളുവെന്നും വിദഗ്ദർ വ്യക്തമാക്കുന്നു.
Content Summary: Tomatoes and kidney stone – Does eating tomatoes cause kidney stones?