ദിവസം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും ഒരാൾ കുടിച്ചിരിക്കണമെന്നാണ് ആരോഗ്യവിദഗ്ദർ നിർദേശിക്കുന്നത്. മതിയായ അളവിൽ വെള്ളം കുടിക്കുന്നത് ആരോഗ്യസംരക്ഷണത്തിൽ പ്രധാനമാണ്. വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ ശരീരത്തിലെ ജലാംശം കുറയുകയും അത് പലതരം ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യും. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണോയെന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്. ഇതുസംബന്ധിച്ച് ആരോഗ്യപ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങളും വന്നിട്ടുണ്ട്.
രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് വെള്ളം കുടിക്കുന്നത് നല്ല ശീലമാണെന്നാണ് ആരോഗ്യവിദഗ്ദർ നിർദേശിക്കുന്നത്. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും അതുവഴി മൊത്തത്തിലുള്ള ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഉറങ്ങുന്നതിനുമുമ്പ് വെള്ളം കുടിക്കുന്നത് ഉറക്കത്തിനിടെയുള്ള നിർജ്ജലീകരണം തടയാൻ സഹായിക്കും.
ഉറങ്ങുന്നതിനുമുമ്പ് വെള്ളം കുടിക്കുന്നത് രാത്രിയിൽ മൂത്രശങ്ക വർദ്ധിപ്പിക്കുമെങ്കിലും, മൂത്രാശയസംബന്ധമായ രോഗങ്ങളില്ലാത്തവരാണെങ്കിൽ അതൊരു പ്രശ്നമായി കണക്കാക്കേണ്ടതില്ലെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്.
Also Read: ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിച്ചാൽ ആയുസ് വർദ്ധിക്കുമോ?
ചില പഠനങ്ങൾ അനുസരിച്ച് ഉറങ്ങുന്നതിനുമുമ്പ് വെള്ളം കുടിക്കുന്നത് ശരീരത്തിൻറെ വിശ്രമം പ്രോത്സാഹിപ്പിക്കുകയും കൂർക്കംവലിയുടെയും മറ്റ് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെയും അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. രാത്രിയിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് വിദഗ്ദർ നിർദ്ദേശിക്കുന്നു.
Also Read: അമിതമായി വെള്ളം കുടിക്കുന്നത് വൃക്കകളെ പ്രതികൂലമായി ബാധിക്കുമോ?
എന്നാൽ ഉറങ്ങുന്നതിന് മുമ്പോ അല്ലാതെയോ അമിതമായ അളവിൽ വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ശരീരത്തിൽ ജലാംശം അമിതമാകുന്നതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. വൃക്കകളുടെ പ്രവർത്തനഭാരം കൂടുകയും, അതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. ശരീരത്തിലെ ജലാംശം ദിവസം മുഴുവൻ നിലനിൽക്കുന്ന രീതിയിൽ വേണം വെള്ളം കുടിക്കേണ്ടത്. മൂത്രത്തിൻറെ നിറം ഇളംമഞ്ഞ നിറമാണെങ്കിൽ, ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടെന്ന് ഉറപ്പിക്കാം. എന്നാൽ മൂത്രത്തിൻറെ നിറം കടുംമഞ്ഞ നിറമാണെങ്കിൽ, ശരീരത്തിൽ ജലാംശം കുറവാണെന്നതിൻറെ സൂചയാണ് അത്.
Content Summary: Is drinking water before bed a good habit?