ഏറെ ആരോഗ്യഗുണമുള്ള ഒരു ഭക്ഷ്യപദാർഥമാണ് തൈര്. ഒരു മികച്ച പ്രോബയോട്ടിക് ആയ തൈര്, ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു. കൂടാതെ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയെ ചെറുക്കാനും സഹായിക്കും. എന്നാൽ രാത്രിയിൽ തൈര് കഴിക്കാൻ പാടില്ലെന്ന് പഴമക്കാർ പറയാറുണ്ട്. ഇത് എത്രത്തോളം ശരിയാണെന്ന് പരിശോധിക്കാം…
രാത്രിയിൽ തൈര് കഴിക്കുന്നത് പൊതുവെ സുരക്ഷിതമാണെന്നാണ് വിദഗ്ദരായ ന്യൂട്രീഷ്യൻമാർ പറയുന്നത്. വാസ്തവത്തിൽ, തൈര് ദിവസത്തിൽ ഏത് സമയത്തും കഴിക്കാവുന്ന ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണമാണെന്നും ഇവർ സൂചിപ്പിക്കുന്നു.
തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഗുണം ചെയ്യുന്ന ബാക്ടീരിയകളാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമായ കാൽസ്യം, പ്രോട്ടീൻ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയും തൈരിൽ അടങ്ങിയിരിക്കുന്നു.
എന്നാൽ ഏതെങ്കിലും തരത്തിലുള്ള അലർജിയുള്ളവരും ദഹനപ്രശ്നങ്ങളള്ളവരും രാത്രിയിൽ തൈര് ഒഴിവാക്കുന്നതാണ് നല്ലത്. ഉറങ്ങുന്നതിന് തൊട്ടുമുമ്പായി തൈര് കഴിക്കുന്നത് ചിലരിൽ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കും. ഇത്തരക്കാർ തൈര് ഒഴിവാക്കുകയോ മിതമായ അളവിൽ കഴിക്കുകയോ വേണം. മറ്റ് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയോ ദഹനപ്രശ്നങ്ങളോ ഉണ്ടാക്കാത്തിടത്തോളം കാലം രാത്രിയിൽ തൈര് കഴിക്കുന്നത് സുരക്ഷിതമാണ്.
തൈര് എപ്പോൾ, എങ്ങനെ കഴിക്കണം?
തൈര് പകൽ സമയം കഴിക്കുന്നതാണ് കൂടുതൽ ഗുണം ചെയ്യുക. രാവിലെയോ ഉച്ചയ്ക്കുശേഷമോ തൈര് കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുമത്രെ. തൈര് മാത്രമായോ, അരിയാഹാരത്തിനും പച്ചക്കറികൾക്കുമൊപ്പമോ കഴിക്കാവുന്നതാണ്. തൈരിനൊപ്പം പഴമോ മാമ്പഴമോ ചേർത്ത് കഴിക്കുന്നത് അതിൻറെ പോഷകഗുണവും രുചിയും വർദ്ധിപ്പിക്കാൻ സഹായിക്കും.
Also Read:
നല്ല ആരോഗ്യത്തിന് ബാക്ടീരിയകൾ; എന്താണ് പ്രോബയോട്ടിക്കുകൾ?
Content Summary: Yoghurt before bed – Is it better or not?