എല്ലായ്പ്പോഴും ഹൃദയത്തിൻറെ ആരോഗ്യം നിലനിർത്തുന്നത് പ്രധാനമാണ്. കടുത്ത ഉഷ്ണം അനുഭവപ്പെടുന്ന വേനൽക്കാലത്ത്, മൊത്തത്തിലുള്ള ആരോഗ്യം ശ്രദ്ധിക്കുന്നതിനൊപ്പം ഹൃദയത്തിൻറെ സംരക്ഷണവും മനസിലുണ്ടാകണം. വേനൽക്കാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം
- ബെറി പഴങ്ങൾ: ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ആൻറി ഓക്സിഡൻറുകൾ, നാരുകൾ, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമൃദ്ധമാണ് ബെറി പഴങ്ങൾ. അവയിൽ കലോറിയും കുറവാണ്, ഇത് വേനൽക്കാലത്ത് ലഘുഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്.
- തണ്ണിമത്തൻ: തണ്ണിമത്തൻ ലൈക്കോപീനിന്റെ മികച്ച ഉറവിടമാണ്, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ജലാംശം കൂടുതലാണ്, തണ്ണമത്തൻ വേനൽക്കാലത്ത് ഉന്മേഷദായകവും ശരീരത്തിന് ആവശ്യമായ ജലാംശം നൽകുകയും ചെയ്യും.
- ഇലക്കറികൾ: ചീര ഉൾപ്പടെയുള്ള ഇലക്കറികളിൽ വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തെ സഹായിക്കും. അവ സലാഡുകളിൽ ചേർത്തോ ഒരു സൈഡ് വിഭവമായോ ആസ്വദിക്കാം.
- മത്സ്യം: സാൽമൺ അല്ലെങ്കിൽ ട്യൂണ പോലുള്ള മത്സ്യങ്ങൾ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടങ്ങളാണ്, ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഫലപ്രദമാണ്. വേനൽക്കാല ബാർബിക്യൂകൾക്കും ഒമേഗാത്രീ ഫാറ്റി ആസിഡുള്ള മത്സ്യങ്ങൾ ഏറെ ഉത്തമമാണ്.
- അവോക്കാഡോ: ഹൃദയത്തിന് ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, നാരുകൾ, പൊട്ടാസ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് അവോക്കാഡോ. ഇത് ടോസ്റ്റ് ചെയ്തോ സാലഡിനൊപ്പമോ കഴിക്കുന്നത് വളരെ നല്ലതാണ്.
- നട്സ്: ബദാം, വാൽനട്ട്, പിസ്ത, കശുവണ്ടി തുടങ്ങിയ നട്സുകളിൽ ഹൃദയാരോഗ്യകരമായ കൊഴുപ്പുകളും നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അവ വൈകുന്നേരത്തെ ചായയ്ക്കൊപ്പം ലഘുഭക്ഷണമായി ആസ്വദിക്കാം. അല്ലെങ്കിൽ സലാഡുകൾക്കൊപ്പവും കഴിക്കാവുന്നതാണ്.
സമീകൃതവും വൈവിധ്യപൂർണ്ണവുമായ ഭക്ഷണക്രമം, പതിവ് വ്യായാമം, സമ്മർദ്ദം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.
Content Summary: Foods that can help keep your heart healthy in this summer