നമ്മുടെ രക്തത്തിൽ കാണപ്പെടുന്ന ഒരു രാസവസ്തുവാണ് യൂറിക് ആസിഡ്. ഭക്ഷണത്തിലടങ്ങിയ പ്യൂരിൻ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യമാണ് ഈ രാസവസ്തു. നാം കഴിക്കുന്ന ചില ഭക്ഷണപദാർഥങ്ങളിൽ പ്യൂരിൻറെ അളവ് വളരെക്കൂടുതലാണ്. സാധാരണയായി ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന യൂറിക് ആസിഡിന്റെ ഏറിയ പങ്കും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. മൂത്രത്തിലൂടെ പുറംതള്ളപ്പെടുകയും ചെയ്യും. എന്നാൽ കഴിക്കുന്ന ഭക്ഷണത്തിൽ പ്യൂരിൻ അമിതമാണെങ്കിൽ യൂറിക് ആസിഡിന്റെ അളവും കൂടുതലാകും. ഇത് ശരീരത്തെ ദോഷകരമായി ബാധിക്കും. ഉയർന്ന യൂറിക് ആഡിസ് സന്ധികളിൽ വീക്കവും വേദനയും ഉണ്ടാകാൻ കാരണമാകുന്നു.
വൃക്കരോഗം, പ്രമേഹം, ഹൈപ്പോതൈറോയിഡിസം, കാൻസർ അല്ലെങ്കിൽ സോറിയാസിസ് തുടങ്ങിയ രോഗങ്ങൾ ശരീരത്തിൽ യൂറിക് ആസിഡ് ഉയരുന്നതിന് കാരണമാകാറുണ്ട്. ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിച്ച് നിർത്താൻ സാധിക്കും. പോഷകാഹാര വിദഗ്ധയായ ലോവ്നീത് ബത്രയുടെ അഭിപ്രായത്തിൽ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഉയർന്ന യൂറിക് ആസിഡ് കുറയ്ക്കുന്നതിനുള്ള 5 ഭക്ഷണങ്ങൾ
വാഴപ്പഴം
വളരെ കുറഞ്ഞ അളവിൽ മാത്രം പ്യൂരിൻ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് വാഴപ്പഴം. വൈറ്റമിൻ സിയുടെ നല്ലൊരു സ്രോതസ്സ് കൂടിയാണ് ഇവ. സന്ധിവാതം ഉള്ളവർ കഴിക്കാൻ വാഴപ്പഴം മികച്ച ഭക്ഷണമാണ്.
കൊഴുപ്പ് കുറഞ്ഞ പാലും കൊഴുപ്പ് കുറഞ്ഞ തൈരും
യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനും ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് പുറന്തള്ളുന്നതിനും കൊഴുപ്പ് കുറഞ്ഞ പാലും കൊഴുപ്പ് കുറഞ്ഞ തൈരും സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
കാപ്പി
ശരീരത്തിൽ യൂറിക് ആസിഡ് ഉൽപാദന നിരക്ക് കുറയ്ക്കാൻ കാപ്പി സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് പുറംതള്ളുന്നതിന്റെ നിരക്ക് കൂട്ടാനും കാപ്പിക്ക് കഴിയും.
സിട്രസ് പഴങ്ങൾ
സിട്രസ് പഴങ്ങളായ നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, പപ്പായ, പൈനാപ്പിൾ എന്നിവ വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ്. ഉയർന്ന അളവിലുള്ള യൂറിക് ആസിഡിനെ സ്വാഭാവികമായി കുറയ്ക്കാൻ ഇവ സഹായിക്കുന്നു.
ഡയറ്ററി ഫൈബർ
ഓട്സ്, ചെറി, ആപ്പിൾ, പിയർ, സ്ട്രോബെറി, ബ്ലൂബെറി, വെള്ളരി, സെലറി, കാരറ്റ്, ബാർലി തുടങ്ങിയ ഭക്ഷണത്തിൽ ലയിക്കുന്ന നാരുകളടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക. ഇത് യൂറിക് ആസിഡിന്റെ സാന്ദ്രത കുറയ്ക്കാൻ സഹായിക്കും.
ഈ ഭക്ഷണങ്ങൾ കഴിക്കുന്നതിനൊപ്പം പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം. പഞ്ചസാര, മദ്യം, ചുവന്ന മാംസം തുടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുക.
Content Summary: How to lower uric acid naturally? Here are 5 foods to lower uric acid level naturally.