എലിപ്പനിയെ സൂക്ഷിക്കുക; വേണം ജീവന്‍റെ വിലയുള്ള ജാഗ്രത

മഴക്കാലമെത്തിയതോടെ പലതരം പനികളും സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വിവിധതരം പനി ബാധിച്ച് 13000ഓളം പേരാണ് സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സ തേടിയത്. വൈറൽ പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവയാണ് കൂടുതലായി കണ്ടുവരുന്നത്. ഇതിൽ ഏറെ അപകടകരമായ ഒന്നാണ് എലിപ്പനി. കൃത്യമായ ജാഗ്രത പുലർത്തിയാൽ എലിപ്പനിയെ പ്രതിരോധിക്കാനാകും.

 

എന്താണ് എലിപ്പനി?

എലി, മറ്റ് വളർത്തുമൃഗങ്ങൾ എന്നിവയുടെ മൂത്രം കലർന്ന വെള്ളത്തിലൂടെയാണ് എലിപ്പനി പ്രധാനമായും പകരുന്നത്. വീടിനകത്തോ പുറത്തോ എലി, നായ, കന്നുകാലികൾ എന്നിവയുടെ മൂത്രം കലർന്ന വസ്തുക്കളുമായുള്ള സമ്പർക്കത്തിലൂടെ ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ തൊലിയിലുള്ള മുറിവുകളിലൂടെയോ കണ്ണുകളിലൂടെയോ മനുഷ്യശരീരത്തിൽ പ്രവേശിച്ചാണ് എലിപ്പനി പകരുന്നത്. 

എലിപ്പനിയുടെ ലക്ഷണങ്ങൾ

കടുത്ത പനി, തലവേദന, ശക്തമായ ശരീരവേദന, കണ്ണിന് ചുവപ്പ്-മഞ്ഞ നിറം, വെളിച്ചത്തിൽ നോക്കാൻ പ്രയാസം, മൂത്രത്തിന്‍റെ അളവ് കുറയുകയും കടുത്ത നിറമാകുകയും ചെയ്യുന്നത് എന്നിവയൊക്കെ എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങളാണ്. 

എലിപ്പനി ബാധിക്കുന്നത് എങ്ങനെ?

ഓടകൾ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ കൈയുറ, കാലുറ തുടങ്ങിയവ ധരിക്കാതെ ജോലി ചെയ്യുന്നവർക്കും, അവിടങ്ങളിൽ ഇറങ്ങുന്നവർക്കും എലിപ്പനി പിടിക്കാൻ സാധ്യത കൂടുതലാണ്. 

വയലിൽ ജോലി ചെയ്യുന്നവർ, ഓട, കനാൽ, തോട്, കുളങ്ങൾ, വെള്ളക്കെട്ട് എന്നിവ വൃത്തിയാക്കുന്നവരിലും എലിപ്പനി സാധ്യത കൂടുതലാണ്. മുറിവുകൾ വഴിയാണ് രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. കൈകാലുകളിലോ മറ്റ് ശരീരഭാഗങ്ങളിലോ മുറിവുള്ളവർ അത് ഉണങ്ങുന്നതുവരെ മേൽ പറഞ്ഞ ജോലികൾ ചെയ്യാതിരിക്കുകയോ വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കുകയോ ചെയ്യണം. ഒഴിവാക്കാനാകാത്ത ജോലിയാണെങ്കിൽ ജോലിക്ക് മുമ്പും ശേഷവും ആന്‍റി സെപ്റ്റിക് ഓയിൻമെന്‍റ് പുരട്ടി മുറിവ് കെട്ടുക. 

എലിപ്പനി പ്രതിരോധം

മണ്ണിലും ചെളിയിലും വെള്ളക്കെട്ടിലും ജോലി ചെയ്യുന്നവർ വ്യക്തിഗത സുരക്ഷാമാർഗങ്ങളായ കൈയുറയും കാലുറയും ധരിക്കുക. പ്രതിരോധമരുന്നായ ഡോക്സി സൈക്ലിൻ ആരോഗ്യവിദഗ്ദരുടെ നിർദേശാനുസരണം കഴിക്കുകയും വേണം. 

കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം, എന്നിവിടങഅങളിൽ കുളിക്കുകയോ മുഖം, വായ എന്നിവ കഴുകുകയോ ചെയ്യരുത്. തൊഴുത്ത്, പട്ടിക്കൂട് എന്നിവ വൃത്തിയാക്കുമ്പോൾ മൃഗങ്ങളുടെ വിസർജ്യങ്ങളുമായി സമ്പർക്കം ഉണ്ടാകരുത്. 

ശരീരത്തിൽ മുറിവുള്ളവർ മലിനജല സമ്പർക്കം ഒഴിവാക്കുക. ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയോ കൂട്ടി ഇടുകയോ ചെയ്യരുത്. വീടിന് പുറത്തിറങ്ങുമ്പോൾ ഉറപ്പായും പാദരക്ഷകൾ ധരിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാൻ കുട്ടികളെ അനുവദിക്കരുത്. 

ഡോക്സി സൈക്ലിൻ കഴിക്കേണ്ടവിധം

ആഴ്ചയിൽ ഒരിക്കൽ ഭക്ഷണത്തിന് ശേഷം 100 എംജിയുടെ രണ്ടു ഗുളികകൾ തുടർച്ചയായി കഴിക്കുക. 

Content Summary: How to prevent Leptospirosis