യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഏറെ പേരും. ഓരോ യാത്രയും റിലാക്സേഷനായി കാണുന്നവരുണ്ട്. എന്നാൽ യാത്രയെ ഭയത്തോടെയോ ഉത്കണ്ഠയോടെയോ കാണുന്നവരും നമുക്കിടയിലുണ്ട്. അത്യാവശ്യമായി പോകേണ്ട യാത്ര എങ്ങനെ ഒഴിവാക്കുമെന്ന് ചിന്തിക്കുന്നവരാണ് ഇക്കൂട്ടർ. ഇവർ നേരിടുന്നത് ട്രാവൽ ആൻക്സൈറ്റി എന്ന പ്രശ്നമാണ്.
ഇത് ഒരുതരം മാനസികപ്രശ്നമാണ് സൈക്കോളജിസ്റ്റുകൾ പറയുന്നു. യാത്രയെക്കുറിച്ച് ആലോചിക്കുമ്പോൾ മനസിൽ ടെൻഷനോ വിഷമമോ സമ്മർദ്ദമോ തോന്നുന്നുണ്ടെങ്കിൽ അത് ശരിക്കും ശ്രദ്ധിക്കേണ്ടതും പരിഹാരം കാണേണ്ടതുമായ ഒരു പ്രശ്നമാണ്. ഇത് കൌൺസിലിങ്ങിലൂടെയോ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയോ പരിഹരിക്കാനാകും.
ട്രാവൽ ആൻക്സൈറ്റിയുടെ ലക്ഷണങ്ങൾ
- മാനസിക സമ്മർദ്ദം: ഗതാഗതം, യാത്രാക്രമം, താമസം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചിന്തകളാൽ അമിതമായ മാനസിക സമ്മർദ്ദം ട്രാവൽ ആൻക്സൈറ്റിയുടെ ലക്ഷണമാണ്.
- ഉറക്കക്കുറവ്: യാത്രയെക്കുറിച്ചുള്ള അമിതമായ ടെൻഷനും ഉത്കണ്ഠയും ഉറക്കക്കുറവിന് കാരണമാകും. എപ്പോഴും അതേക്കുറിച്ച് ആലോചിച്ച് മാനസികസമ്മർദ്ദം വർദ്ധിപ്പിക്കുന്നത് ഉറക്കം നഷ്ടപ്പെടുത്തുകയേയുള്ളു.
- പെട്ടെന്ന് ദേഷ്യം വരുക: യാത്രയുടെ ആസൂത്രണത്തിന്റെയും തയ്യാറെടുപ്പിന്റെയും സമ്മർദ്ദം യാത്ര ചെയ്യാനുള്ള ആശങ്ക എന്നിവ ഉത്കണ്ഠ വർദ്ധിപ്പിക്കുയും നമുക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും പെട്ടെന്ന് ദേഷ്യമുണ്ടാകാനും കാരണമാകുന്നു.
ട്രാവൽ ആൻക്സൈറ്റി എങ്ങനെ പരിഹരിക്കാം
യാത്ര ചെയ്യാൻ അമിതമായ ഭയമുള്ളവർ തീർച്ചയായും ഒരു കൌൺസിലറുടെ സഹായം തേടുക. കൌൺസിലിങ്ങ് കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാകുന്നില്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയോ സൈക്യാട്രിസ്റ്റിന്റെയോ സഹായം തേടാവുന്നതാണ്.
യാത്രയെക്കുറിച്ചുള്ള ഉത്കണ്ഠകളാണുള്ളതെങ്കിൽ നമ്മൾ സ്വയം ചില കാര്യങ്ങൾ ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാനാകും. അത് എന്തൊക്കെയെന്ന് നോക്കാം
- മുൻകൂട്ടി ആസൂത്രണം ചെയ്യുക: യാത്രയെക്കുറിച്ചും യാത്രയിൽ സ്വീകരിക്കേണ്ട മുൻകരുതലിനെക്കുറിച്ചും ആഴത്തിൽ പഠിക്കുകയും മനസിലാക്കുകയും ചെയ്യുക. അതേക്കുറിച്ച് കൃത്യമായ ആസൂത്രണവും ഏറെ ഗുണം ചെയ്യും. ഉദാഹരണത്തിന് യാത്ര ചെയ്യേണ്ട മാർഗം, യാത്രയ്ക്കിടെ താമസിക്കേണ്ട സ്ഥലം സന്ദർശിക്കേണ്ട സ്ഥലങ്ങൾ, ഷോപ്പിങ് എന്നിവയെക്കുറിച്ചൊക്കെ വിശദമായി മനസിലാക്കുക. ഇതെല്ലാം കൃത്യമായി ആസൂത്രണം ചെയ്താൽ നിങ്ങൾ പതിയെ യാത്ര ഇഷ്ടപ്പെടുന്നവരായി മാറും.
- പിന്തുണ തേടുക: യാത്രയെക്കുറിച്ചുള്ള ഉത്കണ്ഠ, ടെൻഷൻ, ഭയം എന്നിവയെക്കുറിച്ച് കുടുംബാംഗങ്ങളുമായോ പിന്തുണയ്ക്കുന്ന സുഹൃത്തുമായോ സംസാരിക്കുക, നിങ്ങൾക്ക് അത് എങ്ങനെ നന്നായി കൈകാര്യം ചെയ്യാമെന്ന് മനസിലാക്കുക.
- പ്രതീക്ഷകൾ യാഥാർത്ഥ്യബോധത്തോടെ വേണം: എല്ലാം പ്ലാൻ അനുസരിച്ച് കൃത്യമായി നടക്കില്ലെന്ന് മനസ്സിലാക്കുക. നിങ്ങളുടെ യാത്രയിൽ നിന്ന് അപ്രതീക്ഷിതമായ വെല്ലുവിളികളോ ബുദ്ധിമുട്ടുകളോ ഉണ്ടാകുമെന്ന് മനസ്സിലാക്കുക. വഴക്കവും പൊരുത്തപ്പെടുത്തലും അത്തരം സാഹചര്യങ്ങളെ ഉത്കണ്ഠയില്ലാതെ മറികടക്കാൻനിങ്ങളെ സഹായിക്കും.
Content Summary: How to overcome the fear of traveling