കോട്ടയം: പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ സുന്ദരൻ നായക്കുട്ടിയെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് രണ്ടു ചെറുപ്പക്കാർ പാലാ പോലീസ് സ്റ്റേഷനിലെത്തിച്ചത്. പാലാ പൊലീസ് ഇതുസംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഇതുവരെ അവനെ തേടി ഉടമ എത്തിയിട്ടില്ല.
ബീഗിൾ ഇനത്തിൽപ്പെട്ടതാണ് നായക്കുട്ടി. വിപണിയിൽ നല്ല വിലയുള്ള ബീഗിൾ ബുദ്ധിയിലും സ്നേഹപ്രകടനങ്ങളിലും മുന്നിലാണ് . രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് ഇവനെ കൈമാറാനാണ് തീരുമാനം. ഉടമസ്ഥർക്ക് പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാം. ഫോൺ: 0482 2212334
ബീഗിളിന്റെ കഥ
യൂറോപ്പിൽ ഉൾപ്പടെ ലോകത്താകമാനം ഏറെ പ്രിയപ്പെട്ട ഒരു വളർത്തുനായയാണ് ബീഗിൾ. അതീവ ബുദ്ധിശാലിയാണ് ബീഗിൾ. മണം പിടിക്കുന്നതിൽ സമർത്ഥനാണിവൻ. നിരോധിത കാർഷിക ഭക്ഷ്യ ഉൽപന്നങ്ങളുടെ ഇറക്കുമതി കണ്ടെത്താനായി ബീഗിളിനെ ലോകത്താകമാനം വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഏറെ ആരോഗ്യത്തോടെ കഴിയുന്നതും, നല്ല അനുസരണശീലമുള്ള സ്വഭാവവും ബീഗിളിനെ മൃഗസ്നേഹികൾക്ക് പ്രിയങ്കരമാക്കി തീർക്കുന്നു.
ടാൽബോട്ട് ഹൗണ്ട്, നോർത്ത് കൺട്രി ബീഗിൾ, സതേൺ ഹൗണ്ട്, ഒരുപക്ഷേ ഹാരിയർ എന്നിവയുൾപ്പെടെ നിരവധി ഇനങ്ങളിൽ നിന്ന് ബ്രീഡ് ചെയ്ത് 1830-കളിൽ ഗ്രേറ്റ് ബ്രിട്ടനിലാണ് ഈ നായയെ വികസിപ്പിച്ചെടുക്കുന്നത്. ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ കാലം മുതൽ സാഹിത്യത്തിലും പെയിന്റിംഗുകളിലും അടുത്തിടെ സിനിമ, ടെലിവിഷൻ, കോമിക് പുസ്തകങ്ങൾ എന്നിവയിലും ബീഗിൾ നായകളെ പ്രാധാന്യത്തോടെ ചിത്രീകരിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിലാണ് ബീഗിൾ ജന്മംകൊണ്ടതെങ്കിലും അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലുമൊക്കെ ബീഗിൾ പ്രിയങ്കരനാണ്. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും യൂറോപ്പിലെയും അമേരിക്കയിലെയും ഡോഗ് ഷോകളിൽ നിരവധി തവണ ബീഗിൾ ഒന്നാമനായി മാറി.
ബീഗിളിന്റെ പ്രത്യേകതകൾ
മണം പിടിക്കുന്നതിൽ മിടുക്കൻ
മണം പിടിക്കുന്നതിലെ വൈദഗ്ദ്ധ്യം തന്നെയാണ് ബീഗിളിന്റെ പ്രത്യേകത. 1950ൽ നായകളുടെ മണംപിടിക്കാനുള്ള ശേഷിയെക്കുറിച്ച് 13 വർഷത്തോളം നീണ്ട പഠനത്തിൽ ബീഗിളിന്റെ ഈ കഴിവ് അടിവരയിട്ട് പറയുന്നു. ഒരു ഏക്കറോളം വരുന്ന പറമ്പിൽ എലികളെ കണ്ടെത്തുക എന്നതായിരുന്നു ടാസ്ക്ക്. ഒരു മിനിട്ടിനുള്ളിൽ ബീഗിൾ അത് കണ്ടെത്തി. രണ്ടാമതെത്തിയ ഫോക്സ് ടെറിയറുകൾ 15 മിനിട്ട് സമയം വേണ്ടിവന്നു. സ്കോട്ടിഷ് ടെറിയേഴ്സിന് അത് കണ്ടെത്താനായില്ല. ബീഗിളിന്റെ നീളമേറിയ ചെവികളും വലിയ ചുണ്ടുകളും മൂക്കും ചേർന്നാണ് മണം പിടിക്കുന്നത്.
ലക്ഷണമൊത്ത മുയൽവേട്ടക്കാരൻ
ഇംഗ്ലണ്ടിൽ ആദ്യകാലത്ത് ബീഗിളിനെ വികസിപ്പിച്ചെടുത്തത് മുയലിനെ വേട്ടയാടാനാണ്. വേട്ടക്കാർ എപ്പോഴും ഒപ്പംകൂട്ടുന്ന പ്രിയപ്പെട്ട നായയായി ബീഗിൾ മാറി. മണംപിടിക്കാനുള്ള ബീഗിളിന്റെ കഴിവ് തന്നെയാണ് വേട്ടയാടലിലും പ്രയോജപ്പെടുത്തിയത്. ബീഗിളിന്റെ വേഗതയും വേട്ടയിൽ ഗുണം ചെയ്തു. മുയലിനെ വേട്ടയാടുന്നതിനായാണ് അമേരിക്കയിലേക്കും ആദ്യമായി ബീഗിളിനെ ഇറക്കുമതി ചെയ്തത്.
ഔദ്യോഗിക ജോലി
അധികംവൈകാതെ ബീഗിളുകൾക്ക് ഔദ്യോഗിക ജോലി ലഭിച്ചു തുടങ്ങി. പ്രധാനമായും കാർഷികവസ്തുക്കളും ഭക്ഷ്യവസ്തുക്കളും കണ്ടെത്തുകയെന്നതായിരുന്നു പ്രധാന ജോലി. അമേരിക്കയിലെ കാർഷിക വകുപ്പിൽ ബീഗിൾ ഇപ്പോൾ സ്ഥിരംജോലിക്കാരനാണ്. അമേരിക്കയിലേക്ക് എത്തിക്കുന്ന കാർഷിക ഉൽപന്നങ്ങളും ഭക്ഷ്യവസ്തുക്കളും നിരോധിക്കപ്പെട്ട ഇനമാണോയെന്ന് ലഗേജുകൾ മണത്ത് ബീഗിളുകൾ വിവരം നൽകും. ന്യൂസിലാൻഡിലെ കൃഷി, വനം മന്ത്രാലയം, ഓസ്ട്രേലിയൻ ക്വാറന്റൈൻ ആന്റ് ഇൻസ്പെക്ഷൻ സർവീസ്, കാനഡ, ജപ്പാൻ, ചൈന എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലും ഇതേ ആവശ്യങ്ങൾക്കായി ബീഗിളിനെ ഉപയോഗിക്കുന്നു.
Content summary: Cute Beagle puppy is in police custody! If the owner does not come, he will be handed over to the dog squad of the police.