നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ദഹനപ്രക്രിയക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ദഹനപ്രശനങ്ങൾ ഒരാളുടെ മൊത്തം ആരോഗ്യത്തേയും ദോഷകരമായി ബാധിക്കും. വിട്ടുമാറാത്ത ദഹനപ്രശനങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ദഹനപ്രശനങ്ങൾക്ക് ആശ്വാസം നൽകാൻ വീട്ടിൽത്തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുമുണ്ട്. ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് പരിഹാരമാകുന്ന ചില ഔഷധപാനീയങ്ങൾ നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും. ചിട്ടയായ ആഹാരക്രമം, മതിയായ വ്യായാമം, അനാവശ്യമായ മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കൽ എന്നിവയോടൊപ്പം ഈ പാനീയങ്ങളും കഴിക്കുകയാണെങ്കിൽ ദഹനപ്രശ്നങ്ങളും അതുമൂലമുണ്ടാകുന്ന മറ്റ് ആരോഗ്യപ്രശനങ്ങളും തടയാൻ സാധിക്കും.
- ഇഞ്ചി ചായ
ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് പരിഹാരമായി പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന ഔഷധമാണ് ഇഞ്ചി. ഇഞ്ചി ചതച്ചത് ചേർത്ത് ചായ ഉണ്ടാക്കി കുടിക്കുന്നത് ദഹനം എളുപ്പമാകാൻ സഹായിക്കും.
- പെപ്പർമിന്റ് ടീ
ദഹനപ്രശനങ്ങൾക്ക് പരിഹാരമാകാൻ കഴിയുന്ന പാനീയമാണ് പെപ്പർമിന്റ് ടീ. വെള്ളം തിളപ്പിച്ച് പുതിനയിലയും ചേർത്താൽ പെപ്പർമിന്റ് ടീ റെഡിയായി. ആവശ്യമെങ്കിൽ മധുരം ചേർക്കാം.
- കറ്റാർ വാഴ ജ്യൂസ്
കറ്റാർ വാഴ ജ്യൂസ് ദഹനവ്യവസ്ഥയും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും. ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ കറ്റാർ വാഴയിൽ അടങ്ങിയിട്ടുണ്ട്.ചെറിയ അളവിൽ മാത്രം കറ്റാർ വാഴ ഉപയോഗിക്കുക. അലർജിയോ മറ്റ് പ്രശ്നങ്ങളോ ഇല്ലെങ്കിൽ മാത്രം ക്രമേണ അളവ് വർദ്ധിപ്പിക്കാവുന്നതാണ്.
- പെരുംജീരക വെള്ളം
പെരുംജീരകത്തിന് കാർമിനേറ്റീവ് ഗുണങ്ങളുണ്ട്, ഇത് വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു. ചതച്ച പെരുംജീരകം ചൂടുവെള്ളത്തിൽ കുറച്ച് മിനിറ്റ് മുക്കിവെച്ച് വെള്ളം അരിച്ച് കുടിക്കാവുന്നതാണ്.
- പപ്പായ സ്മൂത്തി
പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്, ഇത് പ്രോട്ടീനുകളുടെ വിഘടനത്തിന് സഹായിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. പഴുത്ത പപ്പായയിൽ ചെറുനാരങ്ങാനീരും അൽപം തേനും ചേർത്ത് ഇളക്കി സ്മൂത്തി ഉണ്ടാക്കാം.
Content Summary: 5 healthy drinks to improve digestion