ആറുദിവസത്തിനിടെ 60000 പേർ പനിക്ക് ചികിത്സതേടി; മരണനിരക്കും കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ പനി ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമാകുന്നു. ജൂലായിലെ ആദ്യത്തെ ആറു ദിവസത്തിനിടെ പനി ക്ലിനിക്കുകളിൽ ചികിത്സ തേടിയെത്തിയത് 60000 പേരാണ്. ജൂണിൽ മൂന്ന് ലക്ഷം പേർക്കാണ് പനി സ്ഥിരീകരിച്ചതെങ്കിൽ ജൂലൈയിലെ കണക്കുകൾ ഭീതിപ്പെടുത്തുന്നതാണ്. പ്രതിദിനം കുറഞ്ഞത് പതിനായിരം പേരാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്. ഇതിൽ സാധാരണ വൈറൽ പനി മുതൽ ഡെങ്കി, എലിപ്പനി, എച്ച്1എൻ1, ടൈഫോയ്ഡ് ഹെപ്പറ്റൈറ്റിസ്, അഞ്ചാംപനി ബാധിതരുമുണ്ട്.

നാൾക്കുനാൾ പനിബാധിതരെക്കൊണ്ട് ആശുപത്രികൾ നിറയുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. രോഗികളുടെ തിരക്കേറിയതോടെ കാര്യക്ഷമമായ ചികിത്സയും ലഭ്യമാക്കാനാകുന്നില്ലെന്നും റിപ്പോർട്ടുണ്ട്. നിയന്ത്രണാതീതമായി രോഗികൾ എത്തിയതോടെ ഡോക്ടർമാരുടെ പരിശോധനയും പേരിനായി മാറുന്നുവെന്നാണ് ആക്ഷേപം. പലപ്പോഴും കൃത്യമായ രോഗനിർണയം നടത്താത്തത് പനി ഗുരുതരമാകാനും, മരണത്തിന് ഇടയാകാനും കാരണമാകുന്നതായി റിപ്പോർട്ടുണ്ട്.

കുതിച്ചുയർന്ന് പനി മരണങ്ങൾ

പനി ബാധിച്ചുള്ള മരണവും വർദ്ധിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. ജൂൺ മാസത്തിൽ ആരോഗ്യവകുപ്പ് കണക്ക് അനുസരിച്ച് 28 മരണങ്ങളാണ് പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്. എന്നാൽ ജൂലൈയിലെ ആദ്യ ആറ് ദിവസത്തിനിടെ 13 മരണങ്ങൾ പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതൽ മരണങ്ങൾ എലിപ്പനി മൂലം

സംസ്ഥാനത്ത് ഏറ്റവുമധികം പനിമരണങ്ങൾക്കും കാരണം എലിപ്പനിയാണ്. ഈ വർഷം 36 പേർ എലിപ്പനി ബാധിച്ച് മരിച്ചതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതുകൂടാതെ 54 മരണങ്ങൾ എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുണ്ട്. ഡെങ്കിപ്പനി മൂലം 21 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും 40 മരണങ്ങൾക്ക് കാരണം ഡെങ്കിപ്പനിയാണെന്ന് സംശയിക്കുന്നുണ്ട്. അതേസമയം യഥാർഥ പനിബാധിതരുടെ എണ്ണവും മരണകണക്കും ഇതിലും ഇരട്ടിയാണെന്നും റിപ്പോർട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തി മരണപ്പെടുന്നവരിൽ എന്തുതരം പനിയാണെന്ന് കണ്ടെത്താനാകാതെ പോകുന്ന അവസ്ഥയുമുണ്ട്.

സ്വയം ചികിത്സ അരുത്

യഥാസമയം വിദഗ്ദ ചികിത്സ ലഭ്യമാകാത്തതാണ് സംസ്ഥാനത്ത് പനി ഗുരുതരമാകാനും മരണം സംഭവിക്കാനും ഇടയാക്കുന്നതെന്ന് ഡോക്ടർമാർ ഹെൽത്ത് മലയാളത്തോട് പറഞ്ഞു. മിക്കവരും പനി തുടങ്ങുമ്പോൾ മെഡിക്കൽ സ്റ്റോറിൽനിന്നോ മറ്റോ ഗുളിക വാങ്ങി കഴിക്കുകയാണ് ചെയ്യുന്നത്. പനി ഗുരുതരമാകുമ്പോഴാകും പലരും ആശുപത്രിയിൽ പോകാൻ തയ്യാറാകുന്നത്. എലിപ്പനിയും മറ്റും ബാധിക്കുന്നവരിൽ ജീവൻ രക്ഷിക്കുന്നതിന് തുടക്കത്തിലേ ചികിത്സ ലഭ്യമാക്കുകയാണ് ഏറ്റവും പ്രധാനമെന്നും ഡോക്ടർമാർ പറയുന്നു.

Content Summary: 60000 people sought treatment for fever in six days; The death rate is also on the rise