ശരീരത്തിൽ ഗ്ലൂട്ടത്തയോണിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്ന പദാർത്ഥങ്ങളാണ് ആന്റിഓക്‌സിഡന്റുകൾ. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ശക്തവുമായ ആന്റിഓക്‌സിഡന്റുകളിൽ ഒന്നാണ് ഗ്ലൂട്ടത്തയോൺ.

നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ മിക്ക ആന്റിഓക്‌സിഡന്റുകളും കാണപ്പെടുന്നുണ്ടെങ്കിലും ഗ്ലൂട്ടത്തയോൺ നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്നു. ഗ്ലൂട്ടാമൈൻ, ഗ്ലൈസിൻ, സിസ്റ്റൈൻ എന്നീ മൂന്ന് അമിനോ ആസിഡുകൾ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. മോശം ഭക്ഷണക്രമം, വിട്ടുമാറാത്ത രോഗങ്ങൾ, അണുബാധ, നിരന്തരമായ സമ്മർദ്ദം എന്നിവ ഉൾപ്പെടെ ശരീരത്തിലെ ഗ്ലൂട്ടത്തയോണിന്റെ അളവ് കുറയുന്നതിന് നിരവധി കാരണങ്ങളുണ്ട്.

പ്രായം കൂടുന്തോറും ശരീരത്തിൽ ഗ്ലൂട്ടത്തയോണിന്റെ അളവ് കുറയുന്നു.

ശരീരത്തിൽ ഗ്ലൂട്ടത്തയോണിന്റെ അളവ് സ്വാഭാവികമായി വർദ്ധിപ്പിക്കുന്നതിനുള്ള ചില മാർഗങ്ങൾ നോക്കാം

  1. സൾഫർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

ഗ്ലൂട്ടത്തയോൺ ഉൽപ്പാദിപ്പിക്കുന്നതിന് സൾഫർ പ്രധാനമാണ്. അതിനാൽ, ബീഫ്, മത്സ്യം, കോഴി തുടങ്ങിയ സൾഫർ അടങ്ങിയ പ്രോട്ടീനുകളും വെളുത്തുള്ളി, ക്രൂസിഫറസ് പച്ചക്കറികൾ എന്നിവയും കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

  1. വിറ്റാമിൻ സി കഴിക്കുന്നത് വർദ്ധിപ്പിക്കുക

ഗ്ലൂട്ടാത്തയോണിന്റെ അളവ് നിലനിർത്തുന്നതിൽ വിറ്റാമിൻ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇക്കാരണത്താൽ, വിറ്റാമിൻ സി സപ്ലിമെന്റുകൾ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ഗ്ലൂട്ടത്തയോണിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായകരമാണ്.

  1. സെലിനിയം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

സെലിനിയം ഗ്ലൂട്ടത്തയോണിന്റെ ഉൽപാദനത്തിനുള്ള ഒരു സഹഘടകമാണ്. മത്സ്യം, മാംസം, പരിപ്പ് എന്നിവയെല്ലാം സെലിനിയം അടങ്ങിയ ഭക്ഷണങ്ങളാണ്. ഇത് ഗ്ലൂട്ടത്തയോണിന്റെ അളവ് സ്വാഭാവികമായി വർദ്ധിപ്പിക്കാൻ സഹായിക്കും.

  1. ഗ്ലൂട്ടത്തയോൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

ഭക്ഷണത്തിലെ ഗ്ലൂട്ടത്തയോൺ ശരീരം പൂർണ്ണമായി ആഗിരണം ചെയ്യുന്നില്ല. എന്നിരുന്നാലും, അവോക്കാഡോ, ചീര തുടങ്ങിയ ഗ്ലൂട്ടത്തയോണിൽ സ്വാഭാവികമായി ഉയർന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്.

  1. മഞ്ഞൾ കഴിക്കുക

മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിൻ ഗ്ലൂട്ടത്തയോണിന്റെ അളവ് വർദ്ധിപ്പിക്കും. ഭക്ഷണത്തിൽ മഞ്ഞൾ ഉപയോഗിക്കുന്നത് സ്വാഭാവികമായ ഗ്ലൂട്ടത്തയോണിന്റെ അളവ് കൂടാൻ സഹായകരമാണ്.

  1. മതിയായ ഉറക്കം ഉറപ്പാക്കുക

വിട്ടുമാറാത്ത ഉറക്കക്കുറവ് ഗ്ലൂട്ടത്തയോണിന്റെ അളവ് കുറയുന്നതിന് കാരണമാകും. നേരെമറിച്ച്, പതിവായി മതിയായ ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ ഗ്ലൂട്ടത്തയോണിന്റെ അളവ് വർദ്ധിപ്പിക്കാനോ നിലനിർത്താനോ സഹായിക്കും.

  1. പതിവായി വ്യായാമം ചെയ്യുക

പതിവ് ശാരീരിക പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് കാർഡിയോ, ഭാരോദ്വഹനം എന്നിവ ഗ്ലൂട്ടത്തയോണിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിച്ചേക്കാം. സമീകൃതാഹാരവും ശരിയായ വിശ്രമവുമില്ലാതെയുള്ള ഓവർട്രെയിനിംഗ് ഗ്ലൂട്ടത്തയോണിന്റെ അളവ് കുറയാനും കാരണമാകും.

  1. അമിതമായ മദ്യപാനം ഒഴിവാക്കുക

മദ്യപാനം ശരീരത്തിലുടനീളം, പ്രത്യേകിച്ച് ശ്വാസകോശങ്ങളിൽ ഗ്ലൂട്ടത്തയോണിന്റെ അളവ് കുറയ്ക്കുന്നു. പതിവായി അമിതമായി മദ്യം കഴിക്കുന്നവരിൽ ശ്വാസകോശത്തിലെ ഗ്ലൂട്ടത്തയോണിന്റെ അളവ് 80-90% കുറയും.

Content Summary: How to increase glutathione naturally