കൊളസ്ട്രോൾ കൂടുന്നത് കണ്ണിൽ അറിയാൻ കഴിയുമോ?

ശരീരത്തിലെ കൊളസട്രോൾ കൂടുന്നത് ഹൃദയത്തിന്‍റെ ആരോഗ്യം അപകടത്തിലാക്കും. കൊളസ്ട്രോൾ നില അറിയാൻ രക്തപരിശോധനയാണ് സാധാരണയായി ചെയ്യുന്നത്. രക്തപരിശോധനയിലൂടെ കൊളസ്ട്രോളിന്‍റെ മാത്രമല്ല, രക്തത്തിലെ നല്ല കൊളസ്ട്രോൾ, ചീത്ത കൊളസ്ട്രോൾ എന്നിങ്ങനെ ഘടനകളുടെ അവസ്ഥയും വേർതിരിച്ച് അറിയാനാകും. എന്നാൽ കൊളസ്ട്രോൾ കൂടുമ്പോൾ കണ്ണിലുണ്ടാകുന്ന ചില മാറ്റങ്ങളും ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

മഞ്ഞനിറം

ശരീരത്തിലെ കൊളസ്ട്രോൾ നില ഉയരുമ്പോൾ കണ്ണിൽ മഞ്ഞ നിറം വർദ്ധിപ്പിക്കുന്ന സാന്തലാസ്മ എന്ന ഘടകം കൂടുതലായി ഉണ്ടാകും. മഞ്ഞനിറം സാധാരണയായി കണ്ണിന് മുകളിലോ താഴെയോ കൺപോളകളിൽ, അകത്തെ കോണുകൾക്ക് സമീപം മൃദുവായതും ഉയർന്നതുമായ പാടുകളായി കാണപ്പെടുന്നു. ത്വക്കിന് താഴെ കൊളസ്ട്രോൾ അടങ്ങിയ ലിപിഡുകൾ അടിഞ്ഞുകൂടുന്നതാണ് സാന്തലാസ്മയ്ക്ക് കാരണം. ഇത്തരത്തിൽ കണ്ണിൽ മഞ്ഞനിറമുള്ള പാടുകൾ കണ്ടാൽ, രക്തപരിശോധന നടത്തി കൊളസ്ട്രോൾ പരിശോധിക്കണം.

റെറ്റിനയിലെ രക്തക്കുഴലിലെ മാറ്റം

ഉയർന്ന കൊളസ്ട്രോൾ റെറ്റിനയിലെ രക്തക്കുഴലുകളെ ബാധിക്കും, ഉയർന്ന കൊളസ്ട്രോൾ നിലയുള്ള വ്യക്തികൾക്ക് റെറ്റിനയിലെ രക്തക്കുഴലുകൾ ചുരുങ്ങുകയോ തടസ്സപ്പെടുകയോ ചെയ്യാം. ഇത് കാഴ്ചയെ ബാധിക്കുന്ന റെറ്റിനോപ്പതി എന്നറിയപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകാം.

കണ്ണിലെ സമ്മർദ്ദം കൂടും

കൊളസ്ട്രോൾ കൂടുന്നത് കണ്ണിലെ പ്രഷർ വർദ്ധിപ്പിക്കും. ഇതും റെറ്റിനോപ്പതിയിലേക്ക് നയിക്കും. കാഴ്ച മങ്ങൽ, കറുത്ത പാടുകൾ, കാഴ്ച ശക്തി കുറയൽ എന്നിവയാണ് റെറ്റിനോപ്പതിയുടെ ലക്ഷണങ്ങൾ. ഈ മാറ്റങ്ങൾ നേരത്തെ കണ്ടെത്തി വിദഗ്ദ ഡോക്ടറുടെ ചികിത്സ തേടുന്നത് ഹൃദയത്തെയും കണ്ണുകളെയും സംബന്ധിച്ച് കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

Content Summary: can high cholesterol cause eye problems