സ്ത്രീകളിലും പുരുഷൻമാരിലും വന്ധ്യതയുടെ 10 കാരണങ്ങൾ

രാജ്യത്ത് വന്ധ്യതാ നിരക്ക് ക്രമാതീതമായ തോതിൽ വർദ്ധിക്കുകയാണ്. പലപ്പോഴും സ്ത്രീകളിലും പുരുഷൻമാരിലും വന്ധ്യതയുണ്ടാക്കുന്ന കാരണങ്ങൾ ശരിയായി മനസിലാക്കാത്തതും കൃത്യമായ സമയത്ത് ചികിത്സ തേടാത്തതും വന്ധ്യത പരിഹരിക്കാനാകാത്ത പ്രശ്നമാക്കി മാറ്റുന്നു. സാധാരണഗതിയിൽ പ്രത്യുൽപാദന വ്യവസ്ഥയുടെ പ്രവർത്തനത്തിലെ അപാകത കാരണം പുരുഷന്മാരിലോ സ്ത്രീകളിലോ വന്ധ്യത കാണപ്പെടുന്നു.

12 മാസം ഒരുമിച്ച് കഴിയുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിട്ടും ഗർഭം ധരിക്കാനാകുന്നില്ലെങ്കിൽ വന്ധ്യത പ്രശ്നമുണ്ടെന്ന് മനസിലാക്കണം. ഇത്തരത്തിൽ സ്ത്രീകളിലും പുരുഷൻമാരിലും വന്ധ്യതയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

സ്ത്രീകളിൽ വന്ധ്യതയുടെ കാരണങ്ങൾ

  1. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, ഹൈപ്പർ പ്രോളാക്ടിനെമിയ പോലുള്ള അണ്ഡോൽപാദന വൈകല്യങ്ങൾ പ്രോലാക്ടിൻ ഉൽപാദനത്തിന് കാരണമാകുന്നു. മുലപ്പാൽ ഉൽപാദനത്തെ സഹായിക്കുന്ന ഹോർമോണാണിത്. അണ്ഡോൽപാദന പ്രക്രിയയെ ഇത് തടസപ്പെടുത്തുന്നു. കൂടാതെ തൈറോയ്ഡ് പ്രശ്നങ്ങൾ ആർത്തവത്തെ ബാധിക്കുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു.
  2. സെർവിക്കൽ പ്രശ്നങ്ങൾ, ഗർഭപാത്രത്തിലെ പോളിപ്സ്, ഗർഭാശയ ഭിത്തിയിലെ അർബുദമില്ലാത്ത മുഴകൾ(ഗർഭാശയ ഫൈബ്രോയ്ഡുകൾ) തുടങ്ങിയവ വന്ധ്യതയ്ക്ക് കാരണമാകും. ഫലോപ്പിയൻ ട്യൂബുകൾ അടയുകയും ബീജസങ്കലനം നടന്ന അണ്ഡം ഗർഭാശയത്തിലെത്തുന്നത് തടസപ്പെടുകയും ഗർഭധാരണം നടക്കാതെ പോകുകയും ചെയ്യുന്നു.
  3. പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് കാരണം ഫലോപ്യൻ ട്യൂബിലുണ്ടാകുന്ന വീക്കമാണ് ട്യൂബിൽ തകരാറോ തടസമോ ഉണ്ടാക്കുന്നത്. ലൈംഗികമായി പകരുന്ന അണുബാധയും എൻഡോമെട്രിയോസിസ് കാരണവും ഈ പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് ഉണ്ടാകാം
  4. എൻഡോമെട്രിയോസിസ് അണ്ഡാശയം, ഗർഭപാത്രം, ഫലോപ്യൻ ട്യൂബുകൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുകയും വന്ധ്യതയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
  5. നേരത്തെയുണ്ടാകുന്ന ആർത്തവവിരാമം മറ്റൊരു കാരണമാണ്. ചിലരിൽ 40 വയസ് ആകുന്നതിന് മുമ്പ് ആർത്തവവിരാമം സംഭവിക്കാറുണ്ട്.
  6. സ്ത്രീകളിൽ അർബുദ ചികിത്സയുടെ ഭാഗമായുള്ള റേഡിയേഷനും കീമോതെറാപ്പിയും പ്രത്യുൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കും.

Also Read: വന്ധ്യതക്ക് കാരണമാകുന്ന 6 ജീവിതശൈലികൾ

പുരുഷ വന്ധ്യതയുടെ കാരണങ്ങൾ

  1. പ്രമേഹം, പൊണ്ണത്തടി, ഗൊണേറിയ, മുണ്ടിനീര്, എച്ച്ഐവി അണുബാധകൾ എന്നിവ പുരുഷൻമാരിൽ ബീജോൽപാദനത്തെ ബാധിക്കുകയും വന്ധ്യതയിലേക്ക് നയിക്കുകയും ചെയ്തേക്കാം.
  2. ശീഘ്രസ്ഖലനം, സിസ്റ്റിക് ഫൈബ്രോസിസ് പോലെയുള്ള ചില ജനിതകരോഗങ്ങൾ, വൃഷ്ണത്തിലെ തടസം, ഘടനാപരമായ പ്രശ്നങ്ങൾ, ജനനേന്ദ്രിയത്തിനുണ്ടായ കേടുപാടുകൾ എന്നിവയും വന്ധ്യതയ്ക്ക് കാരണമാകാം.
  3. കീടനാശിനികൾ, രാസവസ്തുക്കൾ, പുകവലി, മദ്യപാനം, മയക്കുമരുന്ന്, സ്റ്റിറോയ്ഡുകൾ, ചില മരുന്നുകൾ എന്നിവയുടെ ഉപയോഗവും വന്ധ്യതയ്ക്ക് കാരണമാകും
  4. റേഡിയേഷൻ, കീമോതെറാപ്പി, ഭാരക്കുറവ്, മദ്യപാനം എന്നിവയും വന്ധ്യതയിലേക്ക് നയിക്കുന്ന ചില ഘടകങ്ങളാണ്.

Also Read: പുരുഷൻമാരിൽ വന്ധ്യത കൂടുന്നത് എന്തുകൊണ്ട്?

Content Summary: 10 Reasons for Infertility in Women and Men