നമുക്കറിയാം, ഏറെ പോഷകഗുണങ്ങളുള്ള ഒരു ഘടകമാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ്. ശരീരത്തിലെ നല്ല കൊളസ്ട്രോളിൻറെ അളവ് വർദ്ധിപ്പിക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഇതിന് കഴിയും. പ്രധാനമായും മൽസ്യത്തിലും മൽസ്യഎണ്ണയിലുമാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ, ശ്വാസകോശത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ ഒമേഗ ത്രീ ഫാറ്റി ആസിഡിന് കഴിയുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. അടുത്തിടെ അമേരിക്കൻ ജേർണൽ ഓഫ് റെസ്പിറേറ്ററി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യമുള്ളത്.
ഭക്ഷണത്തിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉൾപ്പെടുത്തേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് ഈ പഠനം അടിയവരയിട്ട് പറയുന്നുണ്ട്. പ്രത്യേകിച്ചും കോവിഡാനന്തരകാലത്ത് ശ്വാസകോശസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചിവരുന്ന സാഹചര്യത്തിൽ.
‘ഒമേഗ ത്രീ ഫാറ്റി ആസിഡിന് ക്യാൻസറും ഹൃദ്രോഗവും ചെറുക്കാൻ കഴിയുമെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങൾ ഇതിനോടകം വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ അടങ്ങിയ മൽസ്യങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. എന്നാൽ ശ്വാസകോശത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇതിന് കഴിയുമെന്ന കാര്യം ഇതുവരെ ആരും പറയാത്തതാണ്’- പഠനത്തിന് നേതൃത്വം നൽകിയ അമേരിക്കയിലെ കോർനെൽ സർവകലാശാലയിലെ ഗവേഷകനായ പാട്രിക എ കസ്സാനോ പറയുന്നു.
Also Read: ശ്വാസകോശത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന 6 ഭക്ഷണങ്ങൾ
ഏറെ ആരോഗ്യപ്രദമായ ഒമേഗ ത്രീ ഫാറ്റി ആസിഡ് ശ്വാസകോശ ആരോഗ്യം വർദ്ധിപ്പിക്കുമെന്ന് പഠനത്തിൽ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്തത്തിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഘടകം വർദ്ധിക്കുമ്പോൾ അത് ശ്വാസകോശ ആരോഗ്യത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ചാണ് ഗവേഷകർ പരിശോധിച്ചത്. ഇതിനായി 15000ൽ ഏറെ അമേരിക്കക്കാരുടെ രക്തപരിശോധന റിപ്പോർട്ടും അവരുടെ ശ്വാസകോശ ആരോഗ്യനിലയുമാണ് വിശകലനം ചെയ്തത്.
Also Read: ഒമേഗ 3 ഫാറ്റി ആസിഡ്; ഗുണങ്ങൾ അറിയാം
രക്തത്തിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഘടകം കൂടുതലായുള്ളവരിൽ ഗുരുതരമായ ശ്വാസകോശ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പഠനത്തിൽ വ്യക്തമായി. എന്നാൽ ഇത് കുറവുള്ളവരിൽ ആസ്തമയും ബ്രോങ്കൈറ്റിസും പോലുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പഠനത്തിന് വിധേയമാക്കിയവരുടെ ശരാശരി പ്രായം 56 വയാസാണ്. ഇതിൽ 55 ശതമാനം പേർ സ്ത്രീകളായിരുന്നു.
Content Summary: Studies show that omega-3 fatty acids improve lung health