മെച്ചപ്പെട്ട ആരോഗ്യത്തിന് ശാരീരികക്ഷമത ഏറെ പ്രധാനമാണ്. വ്യായാമത്തിനൊപ്പം പോഷകസമൃദ്ധമായ ഭക്ഷണശീലത്തിലൂടെ ശാരീരികക്ഷമത വർദ്ധിപ്പിക്കാനാകും. പേശിബലം വർദ്ധിപ്പിക്കാനും മസിൽ കൂട്ടാനുമൊക്കെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മിക്കവരും കൂടുതലായി തെരഞ്ഞെടുക്കുന്നത്. ഇതിനായി ആശ്രയിക്കുന്നത് മാംസാഹാരങ്ങളെയുമാണ്. എന്നാൽ വെജിറ്റേറിയൻ ഭക്ഷണം കഴിച്ചും മസിൽ വർദ്ധിപ്പിക്കാം…
മസിൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് തരം ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
- പരിപ്പ് – ബദാം, നിലക്കടല, പിസ്ത കശുവണ്ടി തുടങ്ങിയ പരിപ്പുകളിൽ ആരോഗ്യകരമായ കലോറി, പ്രോട്ടീൻ, നാരുകൾ, കൊഴുപ്പുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് ആരോഗ്യകരമായ ഭാരം വർദ്ധിപ്പിക്കുന്നതിനും പേശികളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന മൈക്രോ ന്യൂട്രിയന്റുകൾ പ്രമേഹത്തെ നിയന്ത്രിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ബദാം, പിസ്ത, കശുവണ്ടി മുതലായവ ദിവസേന ഒരു പിടി എടുത്ത് ലഘുഭക്ഷണമായി കഴിച്ചുനോക്കൂ. കൂടാതെ കറികളിലും മധുരപലഹാരങ്ങളിലും ഈ പരിപ്പുകൾ ചേർക്കുന്നത് ആരോഗ്യപ്രദമാണ്.
- പയർവർഗ്ഗങ്ങൾ – വെജിറ്റേറിയൻ മാത്രം കഴിക്കുന്നവർക്ക് ആവശ്യമുള്ള പ്രോട്ടീൻ ലഭ്യമാക്കുന്ന ഭക്ഷണമാണ് പയർവർഗങ്ങൾ. കടല, ചെറുപയർ, പയർ എന്നിവയിൽ കൊഴുപ്പും കൊളസ്ട്രോളും കുറവാണ്. ഇത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. കറി, സലാഡുകൾ, സൂപ്പ് എന്നിവ ഉൾപ്പെടെ വിവിധ രീതികളിൽ പയർവർഗ്ഗങ്ങൾ കഴിക്കാം. ഓരോ പയർ വർഗത്തിനും വ്യത്യസ്തമായ പോഷകഗുണങ്ങളാണുള്ളത്. ഇവയെല്ലാം ശരീരത്തിലെ പേശികളുടെ വളർച്ചയ്ക്ക് ഏറ്റവും ഉത്തമമാണ്.
- പച്ചക്കറികൾ – ശരീരത്തിലെ പേശികളുടെ വളർച്ചയ്ക്ക് ഏറെ ഉത്തമമാണ് പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നത്. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് പീസ്, ചീര, ബ്രോക്കോളി, കൂൺ എന്നിവയിൽ കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. സാൻഡ്‌വിച്ചുകൾ, സലാഡുകൾ, സൂപ്പുകൾ, കറികൾ, ജ്യൂസുകൾ എന്നിവയുടെ രൂപത്തിൽ പച്ചക്കറികൾ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കാം.
- ധാന്യങ്ങൾ – ഓട്‌സ്, റാഗി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിൽ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന വിവിധ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അവയിൽ നാരുകൾ, വിറ്റാമിനുകൾ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനൊപ്പം ആരോഗ്യകരമായ ദഹനത്തിനും ഹൃദയാരോഗ്യത്തിനും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുന്നതിനും സഹായിക്കുന്നു. കഞ്ഞി, റൊട്ടി, ഉപ്പുമാവ് തുടങ്ങി വിവിധ രീതികളിൽ ധാന്യങ്ങൾ ഭക്ഷണമായി ഉപയോഗിക്കാം.
- സോയാബീൻ – ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് സോയബീൻ. സോയ ഫ്ലോർ, പാൽ, സോസ്, എണ്ണ എന്നിവയുടെ രൂപത്തിലും ഇത് ലഭ്യമാണ്. പ്രോട്ടീനിനൊപ്പം, കൊഴുപ്പ്, വിറ്റാമിനുകൾ, കാൽസ്യം, കാർബോഹൈഡ്രേറ്റ് എന്നിവയാൽ സമ്പന്നമാണ് സോയ. ഇത് പേശികളുടെ വളർച്ചയ്ക്ക് ഏറെ ഉത്തമമാണ്. എല്ലുകളുടെ ആരോഗ്യത്തിനും സോയ ഉൽപ്പന്നങ്ങൾ നല്ലതാണ്. കറി, സാലഡ്, സോയാ മസാല, സോയ മഞ്ചൂരിയൻ എന്നിങ്ങനെ വിവിധരൂപത്തിൽ സോയാബീൻസ് ആസ്വദിക്കാം.
Content Summary: You can also build muscle by eating vegetarian; Here are five foods