പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന് ഏറെ പോഷകപ്രദവും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതാണ്. വാഴപ്പഴം, ആപ്പിൾ, ഓറഞ്ച്, മുന്തിരി, പപ്പായ, മാതളം, റമ്പുട്ടാൻ, പാഷൻ ഫ്രൂട്ട് എന്നിവയൊക്കെയാണ് നമ്മുടെ നാട്ടിൽ കൂടുതലായി ലഭിക്കുന്ന പഴങ്ങൾ. എന്നാൽ നാം കടയിൽനിന്ന് വാങ്ങിക്കൊണ്ടുവരുന്ന പഴങ്ങൾ വളരെ വേഗത്തിൽ കേടാകാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
തണ്ണിമത്തൻ, പേരയ്ക്ക, സ്ട്രോബെറി എന്നിവയെ അപേക്ഷിച്ച് വാഴപ്പഴം, ആപ്പിൾ, പീച്ച് എന്നിവയൊക്കെയാണ് വേഗത്തിൽ കേടാകുന്നത്. പഴങ്ങളിലുള്ള എഥിലീൻ വാതകത്തിൻറെ ഉദ്വമനം കൂടുന്നതാണ് വാഴപ്പഴം, ആപ്പിൾ പോലുള്ളവ വേഗത്തിൽ കേടാകാൻ കാരണം. ഇവിടെയിതാ, വിവിധതരം പഴങ്ങൾ കൂടുതൽ കാലം കേടാകാതിരിക്കാൻ സഹായിക്കുന്ന 4 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
- ഫ്രിഡ്ജ്
കടയിൽനിന്ന് വാങ്ങിക്കൊണ്ടുവരുന്ന പഴം, നന്നായി കഴുകി വൃത്തിയുള്ള തുണിസഞ്ചികളിലാക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നതാണ് നല്ലത്. കൂടാതെ ഫ്രെഷായി ഉപയോഗിക്കേണ്ടവർക്ക് പഴങ്ങൾ അരിഞ്ഞെടുത്ത് ജ്യൂസായും പൾപ്പായും മാറ്റി സ്മൂത്തികളിലും മിൽക്ക് ഷേക്കുകളിലും ചേർത്ത് കഴിക്കാം.
- പ്രത്യേകം സൂക്ഷിക്കാം
കടകളിൽനിന്ന് വാങ്ങുന്ന വിവിധതരം പഴങ്ങൾ ഒരുമിച്ച് സൂക്ഷിക്കുന്നത് ഒഴിവാക്കുക. പകരം മൃദുവായതും വേഗത്തിൽ കേടാകാൻ സാധ്യതയുള്ളതുമായ വാഴപ്പഴം, ആപ്പിൾ തുടങ്ങിയവ പ്രത്യേകമായി ഫ്രിഡ്ജിലോ മറ്റോ സൂക്ഷിക്കുന്നതാണ് ഉത്തമം. വാഴപ്പഴം, മുന്തിരി, മാമ്പഴം തുടങ്ങിയ മൃദുവായ പഴങ്ങൾ മാതളം, തണ്ണിമത്തൻ, പേരയ്ക്ക, എന്നിങ്ങനെ കട്ടിയുള്ള പഴങ്ങളിൽനിന്ന് മാറ്റി സൂക്ഷിക്കുക.
- വീണ്ടും കഴുകുക
കടകളിൽനിന്ന് വാങ്ങിക്കൊണ്ടുവരുന്ന പഴങ്ങൾ, ഉപയോഗിക്കുന്നതിനും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനും മുമ്പ് കഴുകുക. ഇത് പഴങ്ങളുടെ ആയുസ്സ് മൂന്നാഴ്ച വരെ വർദ്ധിപ്പിക്കും.
- ചൂട് കുറഞ്ഞ സ്ഥലങ്ങളിൽ വെക്കണം
പഴങ്ങൾ സൂര്യൻറെ ചൂടേൽക്കുന്നതോ താപനില കൂടിയതോ ആയ സ്ഥലങ്ങളിൽ ഒരുകാരണവശാലും സൂക്ഷിക്കരുത്. ഫ്രിഡ്ജിൽനിന്ന് പുറത്തെടുത്ത് വെക്കുമ്പോഴും ചൂട് കൂടിയ സ്ഥലങ്ങളിൽ വെച്ചാൽ പഴങ്ങൾ വേഗത്തിൽ കേടാകും. ചൂടുള്ള സ്ഥലങ്ങളിൽ പഴങ്ങൾ സൂക്ഷിക്കുന്നത് അതിലെ പഞ്ചസാര പുളിക്കാനും പഴം വേഗത്തിൽ കേടാകുന്നതിനും കാരണമാകും. ഫ്രിഡ്ജിൽനിന്ന് പുറത്തെടുക്കുന്ന പഴങ്ങൾ അധികം ചൂടേൽക്കാത്ത കൂടകളിൽ വേണം സൂക്ഷിക്കേണ്ടത്.
Content Summary: 4 things to keep fruits from spoiling for longer