വെള്ള അരിയിലും ചുവന്ന അരിയിലും ഒരേ അളവിലുള്ള ഊർജ്ജമാണ് അടങ്ങിയിട്ടുള്ളത്. ഇവ രണ്ടും തമ്മിൽ താരതമ്യം ചെയ്‌താൽ ചുവന്ന അരി പൂർണ്ണമായും മിനുക്കിയിട്ടില്ലാത്തതിനാൽ അതിൽ നാരുകളുടെ ഗുണങ്ങൾ നിലനിൽക്കുന്നു. അതേസമയം വെള്ള അരിയിൽ ഇത് കാണുന്നില്ല. ചുവന്ന അരിയിൽ വൈറ്റമിൻ ബിയും ധാരാളമുണ്ട്. അരി സംസ്ക്കരിക്കുമ്പോൾ അരിയുടെ പുറംതോടിനോപ്പം അകത്തെ ചുവപ്പ് നിറമുള്ള തൊലിയും നീക്കം ചെയ്യുമ്പോഴാണ് അരിക്ക് വെള്ള നിറം ലഭിക്കുന്നത്. അതുകൊണ്ട് വെള്ള അരിയിൽ അന്നജം മാത്രമേ അടങ്ങിയിട്ടുള്ളൂ. ചുവന്ന അരി എളുപ്പത്തിൽ ദഹനത്തിന് സഹായിക്കുന്നു. വെള്ള അരിയെ അപേക്ഷിച്ച് കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിച്ച് നിർത്താൻ ചുവന്ന അരി കഴിക്കുന്നതാണ് നല്ലത്.
പോഷകങ്ങളിൽ കാര്യമായ വ്യത്യാസങ്ങൾ ഉള്ളതിനാൽ ചുവന്ന അരി വെളുത്ത അരിയേക്കാൾ ആരോഗ്യകരമാണ്. ചുവന്ന അരിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുന്നു. വെള്ള അരിയെ അപേക്ഷിച്ച് ചുവന്ന അരിയിൽ കൂടുതൽ ധാതുക്കൾ, ഫൈറ്റോകെമിക്കൽസ്, ബി വിറ്റാമിനുകൾ എന്നിവയുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന പോഷക ഘടകമാണ് ഫോളേറ്റ്. എങ്കിലും ദിവസവും ചുവന്ന അരി കഴിക്കുന്നത് നല്ല ശീലമല്ല. ആവശ്യത്തിന് നാരുകൾ ലഭിക്കുന്നതിന് പോഷക സമൃദ്ധമായ മറ്റ് ഭക്ഷണങ്ങളേയും ആശ്രയിക്കാവുന്നതാണ്.
വെളുത്ത അരിയെ അപേക്ഷിച്ച് ചുവന്ന അരിക്ക് ഗ്ലൈസെമിക് സൂചിക കുറവാണ്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തിൽ ഉയർത്തുന്നു എന്ന് ഗ്ലൈസെമിക് സൂചിക കണക്കാക്കുന്നു. പ്രമേഹമുള്ളവർ ഒരു കാരണവശാലും വെള്ള അരി കഴിക്കരുത്. അരി കഴിക്കണമെങ്കിൽ നിയന്ത്രിതമായ അളവിൽ ചുവന്ന അരി കഴിക്കാം.
ഉയർന്ന നാരിന്റെ അംശവും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും കാരണം ചുവന്ന അരി കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
വെള്ള അരിയിൽ ഇല്ലാത്ത പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ചുവന്ന അരിയിൽ അടങ്ങിയിട്ടുണ്ട്. ഓക്സിഡേറ്റീവ് സ്ട്രെസ്, വിവിധ രോഗങ്ങൾ എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ ഈ സംയുക്തങ്ങൾ സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണ ശീലത്തിൽ അരി ഭക്ഷണം കുറച്ച് കഴിക്കേണ്ടതുണ്ട്. അരി ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർ വെള്ള അരിക്ക് പകരം ചുവന്ന അരി കഴിക്കുന്നതാണ് താരതമ്യേന നല്ലത്. ചുവന്ന അരി കഴിക്കുമ്പോഴും മിതമായ അളവിൽ കഴിക്കുക.
Content Summary: White rice or brown rice, Which is better for health?