വൃക്ക തകരാറിലാക്കുന്ന മദ്യത്തേക്കാൾ അപകടകരമായ കാരണങ്ങൾ

രക്തത്തിലെ മാലിന്യങ്ങൾ, വിഷവസ്തുക്കൾ, അധിക ദ്രാവകങ്ങൾ എന്നിവ ഫിൽട്ടർ ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന അവയവമാണ് വൃക്കകൾ. ഇലക്ട്രോലൈറ്റിന്റെ അളവ്, രക്തസമ്മർദ്ദം, ചുവന്ന രക്താണുക്കളുടെ ഉത്പാദനം എന്നിവ നിയന്ത്രിക്കാൻ അവ സഹായിക്കുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ദോഷകരമായ വസ്തുക്കൾ ശരീരത്തിൽ അടിയുന്നത് തടയുന്നതിനും വൃക്കകളുടെ പ്രവർത്തനം ശരിയായി നടക്കേണ്ടതുണ്ട്. ശരീരത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നതിനും വൃക്കകൾ ആരോഗ്യത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്.

അമിതമായ മദ്യപാനം വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, മദ്യപാനത്തെക്കാൾ അപകടകരമായ ചില ഘടകങ്ങളും വൃക്കയെ അപകടത്തിലാക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

  • അനിയന്ത്രിതമായ പ്രമേഹം

നിയന്ത്രിക്കാൻ സാധിക്കാത്ത പ്രമേഹം വൃക്കകളിലെ രക്തക്കുഴലുകളെ തകരാറിലാക്കുകയും കാലക്രമേണ അവയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് വൃക്ക തകരാറിലാകുന്നതിന്റെ പ്രധാന കാരണമായ ഡയബറ്റിക് നെഫ്രോപതിയിലേക്ക് നയിച്ചേക്കാം.

Also Read: പ്രമേഹം വൃക്കയെ ബാധിക്കുന്നുണ്ടോ? എങ്ങനെ അറിയാം?

  • ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ)

വിട്ടുമാറാത്ത ഹൈപ്പർടെൻഷൻ വൃക്കയിലെ രക്തക്കുഴലുകളിൽ അമിതമായ സമ്മർദ്ദം ചെലുത്തുന്നു, ഇത് രക്തയോട്ടം കുറയുന്നതിനും വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്നതിനും കാരണമാകുന്നു. വൃക്ക തകരാറിലാകാനുള്ള ഒരു പ്രധാന അപകട ഘടകമാണിത്.

  • വിട്ടുമാറാത്ത വൃക്ക രോഗം (CKD)

സ്ഥിരമായി വൃക്കകൾക്ക് തകരാറുണ്ടാകുന്നത് ക്രമേണ വൃക്കകളുടെ പ്രവർത്തനം നിലക്കാൻ കാരണമാകുന്നു.

  • വൃക്കയിലെ കല്ലുകളും തടസ്സങ്ങളും

വൃക്കയിൽ ആവർത്തിച്ചുണ്ടാകുന്ന കല്ലുകളും തടസങ്ങളും മൂത്രത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഇത് സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും വൃക്കകൾക്ക് കേടുപാടുകൾ വരുത്തുന്നതിനും കാരണമാകും.

  • ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ

ല്യൂപ്പസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾ രോഗപ്രതിരോധ സംവിധാനാം വൃക്കകളെ ആക്രമിക്കാൻ ഇടയാക്കും. ഇത് വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നു.

  • അണുബാധകൾ

മൂത്രനാളിയിലെ അണുബാധ പോലെയുള്ള ചികിത്സയില്ലാത്തതോ ആവർത്തിച്ചുള്ളതോ ആയ അണുബാധകൾ വൃക്കകളിലേക്ക് പടർന്നേക്കാം. ഇത് യഥാസമയം ചികിത്സിച്ചില്ലെങ്കിൽ വൃക്ക തകരാറിലാകും.

  • മയക്കുമരുന്ന് ദുരുപയോഗവും മരുന്നുകളും

നോൺ-സ്റ്റിറോയ്ഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ (NSAID-കൾ) അല്ലെങ്കിൽ ചില ആൻറിബയോട്ടിക്കുകൾ, മയക്കുമരുന്ന് ദുരുപയോഗം (ഉദാഹരണത്തിന്, ഹെറോയിൻ) തുടങ്ങിയ ചില മരുന്നുകളുടെ ദീർഘകാല ഉപയോഗം വൃക്കകളെ ദോഷകരമായി ബാധിക്കുകയും വൃക്കകളുടെ പ്രവർത്തനം നിലക്കുന്നതിന് കാരണമാകുകയും ചെയ്യും.

Content Summary: Kidney failure: These causes are more dangerous than alcohol