സ്ത്രീകളിൽ ക്യാൻസർ മരണനിരക്ക് കൂടുതലാണെന്ന് പുതിയ പഠനം

കൊച്ചി: രാജ്യത്ത് ക്യാൻസർ ബാധിച്ച് മരിക്കുന്നതിൽ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം കൂടുതലാണെന്ന് പുതിയ പഠനം. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിലെ ഗവേഷകർ ഫ്രാൻസിലെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച്‌ ഓൺ ക്യാൻസറിലെ ശാസ്ത്രജ്ഞരുമായി ചേർന്ന്‌ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്.

രാജ്യത്ത് സ്‌ത്രീകളിലെ ക്യാൻസർ മരണനിരക്കിൽ കഴിഞ്ഞ 20 വർഷത്തിൽ 0.25 ശതമാനത്തിന്റെ വർധന ഉണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം മരണനിരക്ക് പുരുഷന്മാരിൽ 0.19 ശതമാനം കുറഞ്ഞതായും പഠനത്തിലുണ്ട്. ജെസിഒ ഗ്ലോബൽ ഓങ്കോളജി എന്ന അമേരിക്കൻ ശാസ്‌ത്ര ജേർണലിലാണ്‌ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്‌.

2000 മുതൽ 2019 വരെയുള്ള കാലയളവിൽ രാജ്യത്ത് ക്യാൻസർ ബാധിച്ചവരുടെ ഡാറ്റ അടിസ്ഥാനമാക്കിയാണ് പഠനസംഘം വിശകലനം നടത്തിയത്. ഈ കാലഘട്ടത്തിൽ രാജ്യത്ത് 12.85 ലക്ഷം പേർ ക്യാൻസർ ബാധിച്ച് മരിച്ചിട്ടുണ്ട്. തൊണ്ട, വയർ, ശ്വാസകോശം, സ്തനം തുടങ്ങിയ അർബുദബാധിതരാണ് മരിച്ചവരിൽ ഏറെയും. ഇവ കൂടാതെ വൻകുടൽ, പിത്താശയം, വൃക്ക, അണ്ഡാശയം എന്നിവടങ്ങളിലെ ക്യാൻസർ ബാധിച്ച് മരിച്ചവരുടെ എണ്ണവും കൂടുതലാണ്.

സ്തനം, തൈറോയ്ഡ്‌, പിത്താശയം എന്നിവയെ ബാധിക്കുന്ന ക്യാൻസർ പുരുഷന്മാരേക്കാൾ കൂടുതൽ സ്‌ത്രീകളിൽ മരണനിരക്ക് വർദ്ധിപ്പിക്കുന്നതായി പഠനസംഘം കണ്ടെത്തി. രാജ്യത്ത്‌ 70 ശതമാനം ക്യാൻസറുകളും രോഗം ഗുരുതരമാകുകയോ മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിലെത്തിയ ശേഷമോ ആണ് സ്ഥിരീകരിക്കുന്നത്. സ്‌ത്രീകൾക്കിടയിലെ സ്‌തനാർബുദ മരണനിരക്ക്‌ രാജ്യത്ത്‌ കൂടുതലാണ്‌. അമിതഭാരം, പൊണ്ണത്തടി, വൈകിയുള്ള ഗർഭധാരണം എന്നിവയൊക്കെ സ്തനാർബുദത്തിന് കാരണമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ഡോ. അജിൽ ഷാജി, ഡോ. പവിത്രൻ കീച്ചിലാട്ട്‌, ഡോ. ഡി കെ വിജയകുമാർ, ഡോ. കാതറിൽ സാവുഗെറ്റ്‌ എന്നിവരാണ്‌ പഠനസംഘത്തിലുണ്ടായിരുന്ന ഗവേഷകർ.

Also Read: എന്താണ് ക്യാൻസർ? ലക്ഷണങ്ങളും ചികിത്സയും- പ്രാഥമിക വിവരങ്ങൾ

ഹെൽത്ത് മലയാളം ഇപ്പോൾ വാട്സാപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ ആരോഗ്യ വാർത്തകളും ലേഖനങ്ങളും ലഭിക്കാൻ ക്ലിക്ക് ചെയ്യൂ..

Content Summary: Cancer death rate higher in women, new study finds