തിരുവനന്തപുരം: കാലിന് കുത്തേറ്റതിനെ തുടർന്ന് ഹൃദയം നിലച്ചുപോയ യുവാവിന് അടിയന്തര ശസ്ത്രക്രിയയിലൂടെ പുതുജന്മം. തിരുവനന്തപുരം കിംസ് ഹെൽത്ത് ആശുപത്രിയിലാണ് അതി സങ്കീർണമായ ശസ്ത്രക്രിയയിലൂടെ യുവാവിന് ജീവിതം തിരിച്ചുകിട്ടിയത്.
വാക്കുതർക്കത്തിനിടെയുണ്ടായ സംഘർഷത്തിൽ ആളുമാറി യുവാവിന്റെ കാലിൽ കുത്തേൽക്കുകയായിരുന്നു. ആക്രമണത്തിൽ വലതു കാലിലെ പ്രധാന രക്തധമനിയും സിരയും രണ്ടായി മുറിഞ്ഞ് ഹൃദയമിടിപ്പ് പൂർണ്ണമായി നിലച്ച നിലയിലാണ് 23കാരനായ യുവാവിനെ കിംസ് ആശുപത്രിയിൽ എത്തിക്കുന്നത്.
അനിയന്ത്രിതമായ രക്തസ്രാവമാണ് ഹൃദയം നിലയ്ക്കാൻ കാരണമായെതെന്ന് ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് രോഗിയുടെ അറ്റുപോയ ധമനിയും സിരയും മാറ്റിവെച്ച് ജീവൻ രക്ഷിക്കാനായത്.
45 മിനിറ്റോളം കാർഡിയോ പൾമണറി റെസസിറ്റേഷൻ (സിപിആർ) നൽകി ബ്ലഡ് ട്രാൻസ്ഫ്യൂഷന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ് വീണ്ടെടുത്തത്. നീണ്ട പ്രക്രിയയിലൂടെ രക്തസമ്മർദം നിലനിർത്തിയതിന് ശേഷം വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും രോഗിയുടെ തന്നെ ഇടത്തെ കാലിലെ സിര ഉപയോഗിച്ച് മുറിഞ്ഞുപോയ രക്തധമനിയും സിരയും പുനർനിർമ്മിക്കുകയുമായിരുന്നു.
രക്തസ്രാവം നിലച്ചതോടെ രോഗിയുടെ ആരോഗ്യനില മെച്ചപ്പെടുകയും നിർജ്ജീവമായ വലത് കാലിലെ രക്തയോട്ടം പൂർവസ്ഥിതിയിലായി ചലനശേശേഷി വീണ്ടെടുക്കുകയും ചെയ്തു. ആറ് ദിവസത്തോളം ആശുപത്രിയിൽ തുടർചികിത്സയിൽ കഴിഞ്ഞ യുവാവ് പൂർണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങിയതായും കിംസിലെ ഡോക്ടർമാർ അറിയിച്ചു.
Also Read: എന്താണ് കാർഡിയാക് ആസ്ത്മ? എങ്ങനെ പ്രതിരോധിക്കാം?
തുടയിലെ പേശികൾക്കിടയിൽ ആഴത്തിൽ കുത്തേറ്റത് ശസ്ത്രക്രിയ കൂടുതൽ ദുഷ്‌കരമാക്കിയെങ്കിലും സമയോചിതമായ വിദഗ്ദ്ധ ഇടപെടലിലൂടെ യുവാവിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാനായെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോതൊറാസിക്ക് സർജൻ ഡോ. റിനെറ്റ് സെബാസ്റ്റ്യൻ കെ വി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ചികിത്സ വൈകിയാൽ തലച്ചോറിലേക്ക് രക്തമെത്താതെ മസ്തിഷ്ക മരണം വരെ സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഡിയോതൊറാസിക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. എസ് സുബാഷ്, ഡോ. സ്വപ്ന ശശിധരൻ, ജനറൽ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. സനൂപ് കോശി, എമർജൻസി വിഭാഗം കൺസൾട്ടന്റ് ഡോ. ശാലിനി എസ് എന്നിവരും അടിയന്തര ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും നേതൃത്വം നൽകി.
ഹെൽത്ത് മലയാളം ഇപ്പോൾ വാട്സാപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ ആരോഗ്യ വാർത്തകളും ലേഖനങ്ങളും ലഭിക്കാൻ ക്ലിക്ക് ചെയ്യൂ..
Content Summary: A young man who suffered cardiac arrest is reborn in emergency surgery