അടുത്ത കാലത്തായി നമ്മുടെ നാട്ടിൽ പെട്ടിക്കട കണക്കെ വഴിയോരങ്ങളിൽ ചായയും പൊരിപ്പും കച്ചവടം പൊടിപൊടിക്കുകയാണ്. ഉഴുന്നുവട, പരിപ്പുവട, ഉള്ളിവട, സുഖിയൻ, പഴംപൊരി, ബജി എന്നിങ്ങനെ വിവിധതരം പൊരിപ്പുകൾ അടുക്കിവെച്ചിരിക്കുന്നത് കണ്ടാൽ ആരുമൊന്ന് വാങ്ങി കഴിച്ചുപോകും. യാത്രയ്ക്കിടയിലും ജോലിയ്ക്കിയിലെ വിശ്രമ സമയങ്ങളിലുമൊക്കെ ചായയും കടിയും കഴിക്കുന്നത് മലയാളികൾക്ക് ശീലമായി കഴിഞ്ഞു. എന്നാൽ ഇതിന് പിന്നിലെ അപകടം മലയാളികൾ തിരിച്ചറിയുന്നില്ലെന്ന് മാത്രം.
സാധാരണഗതിയിൽ ജോലിക്കിടെ രാവിലെയും വൈകിട്ടും സ്ഥിരമായി ചായയും പൊരിപ്പും കഴിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. ജോലിക്കിടയിലും യാത്രയ്ക്കിടയിലും മറ്റും ചായയും കടിയുമെല്ലാം ശീലമാക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുലാണത്രെ. പ്രമേഹം ഉള്ളവർക്ക് അത് നിയന്ത്രാണീതമാകുകയും ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ഡോ. ജീമോൻ പന്നിയാമാക്കലിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച് പഠനം നടന്നത്. രാജ്യത്തെ പ്രമേഹ തലസ്ഥാനമായി കേരളം മാറുന്നത് ഇത്തരത്തിൽ മോശം ജീവിതശൈലിയും ഭക്ഷണശീലവുമാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.
ചായ തീരെ ഒഴിവാക്കണം എന്നല്ല, മറിച്ച് പഞ്ചസാര ഒഴിവാക്കണം. മധുരമുള്ള ചായയെപ്പോലെ അപകടകാരിയാണ് ബിസ്കറ്റും എണ്ണയിൽ വറുത്തതുമായ പലഹാരങ്ങൾ. ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ട 2100 പേരെ പത്തുമുതൽ 15വരെയുള്ള ഗ്രൂപ്പുകളാക്കി തിരിച്ച് ജീവിതശൈലിയിലെ മാറ്റത്തിനുള്ള ചെറിയപരിശീലനത്തിനു പ്രേരിപ്പിച്ചു.
Also Read: ജോലിക്കിടയിൽ എന്ത് കഴിക്കണം? മികവ് കാട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സ്ഥിരമായി ചായയും പൊരിപ്പും മറ്റ് പലഹാരങ്ങളും ശീലമാക്കിയവരോട് അതിൽ നിയന്ത്രണം നിർദേശിച്ചാണ് ജീവിതശൈലിയിൽ മാറ്റം വരുത്തിയത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ പ്രമേഹത്തിന്റെ അളവ് 549 പേരുടേത് 5.7-ൽനിന്നു താഴ്ന്നു. ഭാരം ശരാശരി ഒരുകിലോയും കുടവയർ 1.8 സെന്റിമീറ്ററും(ശരാശരി ഒരു സെന്റീമീറ്റർ) കുറഞ്ഞു. ഇത്തരത്തിൽ ഭക്ഷണശീലം മാറ്റിയവരിൽ പ്രമേഹം മാത്രമല്ല, രക്തസമ്മർദ്ദം നിയന്ത്രണവിധേയമായതായി പഠനം വ്യക്തമാക്കുന്നു. എണ്ണയിൽ പൊരിക്കുന്ന ഭക്ഷണങ്ങൾ രക്തസമ്മർദ്ദം കൂട്ടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ, മദ്രാസ് ഡയബെറ്റിക്സ് റിസർച്ച് ഫൗണ്ടേഷൻ, ശ്രീചിത്ര എന്നിവരായിരുന്നു പഠനത്തിന്റെ അക്കാദമിക് പാർട്ണർമാർ.
ഹെൽത്ത് മലയാളം ഇപ്പോൾ വാട്സാപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ ആരോഗ്യ വാർത്തകളും ലേഖനങ്ങളും ലഭിക്കാൻ ക്ലിക്ക് ചെയ്യൂ..
Content Summary: Have fried snacks with tea everyday? Then you are in danger!