ഉറക്കത്തിനിടെ അമിതമായി വിയർക്കുന്നത് ചില ക്യാൻസറുകളുടെ ലക്ഷണമാകാം

രാത്രിയിൽ ഉറക്കത്തിനിടെ വിയർപ്പ് അനുഭവപ്പെടുന്നത് പല കാരണങ്ങൾ കൊണ്ടാകാം. ശക്തമായ ഉഷ്ണം, മാനസികസമ്മർദ്ദം, ദേഷ്യം എന്നിവയൊക്കെ ശരീരം വിയർക്കാൻ കാരണമാകും. എരിവുള്ള ഭക്ഷണം കഴിക്കുന്നതും മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ അമിതമായി കുടിക്കുന്നതും രാത്രിയിൽ വിയർക്കാൻ കാരണമാകും. ഇവ കൂടാതെ ചില ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമായും വിയർപ്പ് അനുഭവപ്പെടാം. ഹൃദയാഘാതത്തിൻറെയോ ഹൃദ്രോഗത്തിൻറെയോ ലക്ഷണമായും അമിതമായ വിയർപ്പ് അനുഭവപ്പെടാം. എന്നാൽ ഇവയ്ക്കെല്ലാം പുറമെ ചിലതരം ക്യാൻസറുകളുടെ ലക്ഷണമായും വിയർപ്പ് അനുഭവപ്പെടാമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

“രാത്രിയിലെ അമിതമായ വിയർപ്പ് ക്യാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗാവസ്ഥകളുടെ ഒരു സാധാരണ ലക്ഷണമാണ്. വസ്ത്രങ്ങളും ബെഡ്ഷീറ്റുകളും നനയ്ക്കാൻ തക്ക തീവ്രതയുള്ള രാത്രി വിയർപ്പ് പലപ്പോഴും കൂടുതൽ ഗുരുതരമായ അടിസ്ഥാന രോഗാവസ്ഥയെ സൂചിപ്പിക്കുന്നു. ഇവ കൂടാതെ ഇന്ത്യയിൽ സാധാരണമായ ക്ഷയരോഗം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനെ അർത്ഥമാക്കുന്ന ഹൈപ്പോഗ്ലൈസീമിയ തുടങ്ങിയ അണുബാധകളും വിയർപ്പിന് കാരണമാകാറുണ്ട്.” ബാംഗ്ലൂരിലെ ഫോർട്ടിസ് ഹോസ്പിറ്റൽസിലെ സീനിയർ ഡയറക്ടർ മെഡിക്കൽ – ഓങ്കോളജി & ഹെമറ്റോ-ഓങ്കോളജി ഡോ. നിതി കൃഷ്ണ റൈസാദ പറയുന്നു.

“അർബുദത്തിൽ അമിതമായ രാത്രി വിയർപ്പിന്റെ പാത്തോഫിസിയോളജി ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും, ക്യാൻസറിനെതിരെ പോരാടാൻ ശരീരം ശ്രമിക്കുകയും അതുമൂലമുള്ള ഹോർമോൺ മാറ്റവും രാത്രി വിയർപ്പുമായി ബന്ധപ്പെട്ടിരിക്കാം. കാൻസറിൽ കാണപ്പെടുന്ന ഹൈപ്പർതേർമിയയും അതിലൊന്നാണ്” മാരേങ്കോ ഏഷ്യ ഹോസ്പിറ്റൽസ് ഫരീദാബാദിലെ എച്ച്ഒഡിയും ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. സണ്ണി ജെയിൻ പറയുന്നു.

ഡോക്ടർ റൈസാദയുടെ അഭിപ്രായത്തിൽ രാത്രി വിയർപ്പിന് കാരണമാകുന്ന ചില ക്യാൻസറുകൾ ഇവയാണ്:

  1. ലിംഫോമ

ലിംഫോമ എന്നത് ലിംഫറ്റിക് സിസ്റ്റത്തിലുണ്ടാകുന്ന ഒരു ക്യാൻസറാണ്. ഇത് ശരീരത്തെ അണുബാധയ്‌ക്കെതിരെ പോരാടാനും ലിംഫ് നോഡൽ വീക്കമായി അവതരിപ്പിക്കാനും സഹായിക്കുന്ന അവയവങ്ങളുടെ ഒരു ശൃംഖലയാണ്. രാത്രിയിലെ വിയർപ്പ് ഹോഡ്‌കിൻ ലിംഫോമയുടെയും നോൺ-ഹോഡ്‌കിൻസ് ലിംഫോമയുടെയും ഒരു സാധാരണ ലക്ഷണമാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെയും ബാധിക്കുന്നു. മറ്റ് അനുബന്ധ ലക്ഷണങ്ങളായി പനിയും ഭാരക്കുറവും ഉണ്ടായേക്കാം.

  1. രക്താർബുദം

രക്താണുക്കളിലെ ക്യാൻസറാണ് ലുക്കീമിയ. പെട്ടെന്ന് വികസിക്കുന്ന ഒരു തരം രക്താർബുദമായ അക്യൂട്ട് ലുക്കീമിയയുടെ ഒരു സാധാരണ ലക്ഷണമാണ് രാത്രിയിൽ അനുഭവപ്പെടുന്ന വിയർപ്പ്.

  1. മെലനോമ

മെലനോമ എന്നത് നിങ്ങളുടെ ശരീരത്തിൽ എവിടെയും വികസിക്കുന്ന ഒരു തരം ത്വക്ക് ക്യാൻസറാണ്. രാത്രിയിലെ വിയർപ്പ് മെലനോമയുടെ ഒരു സാധാരണ ലക്ഷണമാണ്. മെലനോമ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുമ്പോഴാണ് രാത്രിയിലെ അമിത വിയർപ്പ് ഉണ്ടാകുന്നത്.

  1. സ്തന, പ്രോസ്റ്റേറ്റ്, ശ്വാസകോശ അർബുദം

സ്തനാർബുദമാണ് സ്ത്രീകളിൽ ഏറ്റവും സാധാരണമായ ക്യാൻസർ. പുരുഷന്മാരിൽ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. സ്ത്രീകളിലും പുരുഷന്മാരിലും കാൻസർ മരണത്തിന്റെ പ്രധാന കാരണം ശ്വാസകോശ അർബുദമാണ്. രാത്രിയിലെ വിയർപ്പ് ഈ ക്യാൻസറുകളുടെ ഒരു സാധാരണ ലക്ഷണമാണ്, എന്നാൽ കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുമ്പോഴാണ് രാത്രിയിൽ അമിതമായ വിയർപ്പ് അനുഭവപ്പെുന്നത്

  1. മൾട്ടിപ്പിൾ മൈലോമ

മൾട്ടിപ്പിൾ മൈലോമ എന്നത് പ്ലാസ്മ കോശങ്ങളിലുള്ള ക്യാൻസറാണ്. മൾട്ടിപ്പിൾ മൈലോമയുടെ ഒരു സാധാരണ ലക്ഷണമാണ് രാത്രി വിയർപ്പ്. ചില അർബുദങ്ങൾ രാത്രി വിയർപ്പിന് കാരണമാകുന്നതിന്റെ കൃത്യമായ കാരണം പൂർണ്ണമായി മനസ്സിലായിട്ടില്ല. എന്നിരുന്നാലും, കാൻസർ കോശങ്ങൾ ശരീര താപനില ഉയരാൻ കാരണമാകുന്ന പദാർത്ഥങ്ങൾ പുറത്തുവിടുമെന്ന് കരുതപ്പെടുന്നു.

Also Read: ചൂടില്ലാത്തപ്പോഴും അമിതമായി വിയർക്കുന്നുണ്ടോ? കാരണം ഈ അസുഖമാകാം

ക്യാൻസറിൻറെ മറ്റ് ലക്ഷണങ്ങൾ

  • ഏതാനും മാസങ്ങൾക്കുള്ളിൽ 10 ശതമാനമോ അതിൽ കൂടുതലോ ആയി ശരീരഭാരം കുറയുന്നത് ക്യാൻസറിന്റെ ഒരു സാധാരണ ലക്ഷണമാണ്.
  • എത്രയൊക്കെ ശ്രമിച്ചിട്ടും വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുന്നത് ക്യാൻസർ ലക്ഷണമാകാം
  • വിട്ടുമാറാത്ത പനി ചിലരിലെങ്കിലും ക്യാൻസർ ലക്ഷണമായിരിക്കും
  • പാൻക്രിയാറ്റിക് ക്യാൻസറുള്ളവർക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധാരണയായി വേദന അനുഭവപ്പെടാറുണ്ട്.
  • നെഞ്ചുവേദന ശ്വാസകോശത്തിലേക്കോ പ്ലൂറ പോലെയുള്ള നെഞ്ചിന്റെ മറ്റ് ഭാഗങ്ങളിലേക്കോ പടർന്ന ക്യാൻസറിന്റെ ലക്ഷണമാകാം.
  • ശ്വാസകോശ കാൻസറിന്റെയോ ശ്വാസകോശം ഉൾപ്പെടുന്ന മറ്റേതെങ്കിലും കാൻസറിന്റെയോ ലക്ഷണമായി ശ്വാസതടസം അനുഭവപ്പെടാം

ഹെൽത്ത് മലയാളം ഇപ്പോൾ വാട്സാപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ ആരോഗ്യ വാർത്തകളും ലേഖനങ്ങളും ലഭിക്കാൻ ക്ലിക്ക് ചെയ്യൂ..

Content Summary: Excessive sweating during sleep can be a symptom of certain cancers