രാജ്യത്ത് വിൽക്കുന്ന 300 മരുന്നുകൾക്ക് ബാർകോഡ് നിർബന്ധമാക്കി

രാജ്യത്ത് വിൽക്കുന്ന മുന്നൂറോളം മരുന്നുകൾക്ക് ബാർകോഡോ ക്യൂആർ കോഡോ നിർബന്ധമാക്കി ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ. അലെഗ്ര, ഷെൽകാൽ, കാൽപോൾ, ഡോളോ, മെഫ്തൽ സ്പാ തുടങ്ങി ഏറ്റവുമധികം വിൽക്കപ്പെടുന്ന മരുന്നുകൾ ഉൾപ്പടെയുള്ള ബ്രാൻഡുകളിലാണ് ബാർകോഡ് നിർബന്ധമാക്കിയത്. പുതിയ വ്യവസ്ഥ കർശനമായി പാലിക്കണമെന്ന് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (DCGI) മരുന്ന് കമ്പനികൾക്ക് നിർദ്ദേശം നൽകി. വ്യാജ മരുന്നുകളുടെ വിപണം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

ബാർകോഡ് അഥവാ ഉൽപ്പന്ന ഐഡന്റിഫിക്കേഷൻ കോഡിന് മരുന്നിന്റെ ശരിയായതും പൊതുവായതുമായ പേര് ഉണ്ടായിരിക്കണം; ബ്രാൻഡ് നെയിം, നിർമ്മാതാവിന്റെ പേരും വിലാസവും, ബാച്ച് നമ്പർ, നിർമ്മാണ തീയതി, കാലഹരണപ്പെടുന്ന തീയതി, നിർമ്മാണ ലൈസൻസ് നമ്പർ എന്നിവ ഉൾപ്പടെ ബാർകോഡിൽ ഉണ്ടായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

“2023 ഓഗസ്റ്റ് 1-നോ അതിന് ശേഷമോ നിർമ്മിക്കുന്ന മരുന്നുകളുടെ പാക്കറ്റിലാണ് ബാർകോഡ് ഉൾപ്പെടുത്തേണ്ടതെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത സർക്കാർ വിജ്ഞാപനം അനുസരിച്ച് അത്തരം മരുന്നുകളുടെ ലേബലിൽ ബാർകോഡോ QR കോഡോ ഉണ്ടായിരിക്കണം. മരുന്ന് ഫോർമുലേഷനുകളുടെ 300 ബ്രാൻഡുകളിൽ ക്യുആർ കോഡ് പ്രിന്റ് ചെയ്യേണ്ടത് നിർബന്ധമാണ്.

ഡിസിജിഐ വിജ്ഞാപനം അനുസരിച്ച്, ലേബലിൽ ഒട്ടിച്ചതോ പ്രിന്റ് ചെയ്തതോ ആയ ബാർ കോഡ്/ക്യുആർ കോഡ് ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതാണ് നല്ലത്. എന്നാൽ, 1945 ലെ ഡ്രഗ്‌സ് റൂൾസ് പ്രകാരം ലൈസൻസിംഗ് അതോറിറ്റിയിൽ നിന്ന് അനുമതി നേടിയ ശേഷം ബാർകോഡോ ക്യുആർ കോഡോ രാജ്യത്ത് വിൽക്കുന്ന മരുന്നുകളുടെ ലേബലിൽ പതിക്കാം,” വിജ്ഞാപനത്തിൽ പറയുന്നു.

മരുന്ന് ഗുണനിലവാരം നിലനിർത്താനും രോഗികളുടെ ആരോഗ്യവും സുരക്ഷയും മെച്ചപ്പെടുത്താനും ഈ നീക്കം സഹായിക്കും. സർക്കാർ ഉപദേശത്തെത്തുടർന്ന്, ഇന്ത്യൻ ഡ്രഗ്സ് മാനുഫാക്ചറിംഗ് അസോസിയേഷൻ (ഐഡിഎംഎ) അവരുടെ അംഗ കമ്പനികളോട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹെൽത്ത് മലയാളം ഇപ്പോൾ വാട്സാപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ ആരോഗ്യ വാർത്തകളും ലേഖനങ്ങളും ലഭിക്കാൻ ക്ലിക്ക് ചെയ്യൂ..

Content Summary: Barcode has been made mandatory for 300 medicines sold in the country