ന്യൂഡൽഹി: ഇക്കാലത്ത് ഏറ്റവുമധികം ഭീഷണി ഉയർത്തുന്ന ആരോഗ്യപ്രശ്നമാണ് ക്യാൻസർ. വിവിധതരം ക്യാൻസറുകളുണ്ട്. ലോകത്ത് ജനങ്ങളെ ബാധിക്കുന്ന ക്യാൻസറുകളിൽ 10 ശതമാനം ശ്വാസകോശ അർബുദമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ശ്വസനം സുഗമമാക്കുകയും ശരീര കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുകയും ശരീരത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുകയും ചെയ്യുന്ന സുപ്രധാന അവയവങ്ങളാണ് ശ്വാസകോശം. ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ ശ്വാസകോശ ആരോഗ്യം ഏറെ പ്രധാനമാണ്. ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസറുകൾ തുടക്കത്തിലെ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ അത് ജീവൻ അപകടത്തിലാക്കിയേക്കാം.
മറ്റ് ക്യാൻസറുകളെ പോലെ തുടക്കത്തിലേ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാനാകുന്നവയാണ് ശ്വാസകോശ അർബുദമെന്ന് ഡോക്ടർമാർ പറയുന്നു. വിട്ടുമാറാത്ത ചുമ, ആവർത്തിച്ചുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, നെഞ്ചുവേദന എന്നിവയാണ് ശ്വാസകോശ അർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ.
ശ്വാസകോശ അർബുദത്തിനുള്ള ഏറ്റവും പ്രധാന കാരണം പുകവലിയാണ്. ശ്വാസകോശ അർബുദത്തിന്റെ വർദ്ധനവിന് പിന്നിൽ പാസീവ് സ്മോക്കിങ് അഥവാ, മറ്റൊരാൾ പുകവലിക്കുന്നത് ശ്വസിക്കുന്നതും ഉൾപ്പെടുന്നുവെന്ന് ഗവേഷണങ്ങൾ കണ്ടെത്തി. വായു മലിനീകരണവും ചില വിഷവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതും ശ്വാസകോശ അർബുദത്തിന്റെ മറ്റ് സാധാരണ കാരണങ്ങളാണ്.
ലക്ഷണങ്ങൾ
- വിട്ടുമാറാത്ത ചുമ:
ശ്വാസകോശാർബുദത്തിന്റെ ആദ്യ ലക്ഷണമാണ് കഠിനമായ വിട്ടുമാറാത്തതുമായ ചുമ. ചുമച്ചു തുമ്പുമ്പോൾ കഫത്തിനൊപ്പം രക്തം ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുകയും ചികിത്സ തേടുകയും ചെയ്യണം.
- വിട്ടുമാറാത്ത ശ്വാസകോശരോഗം:
ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ദുർബലമായ പ്രതിരോധശേഷിയുടെ ലക്ഷണമാകുമെങ്കിലും, ഇത് ശ്വാസകോശ അർബുദ ലക്ഷണങ്ങളിൽ ഒന്നാകാം. ശ്വാസംമുട്ടലും ശ്വാസകോശാർബുദത്തിന്റെ ലക്ഷണമാണ്.
- നെഞ്ചുവേദന:
ശ്വാസകോശത്തിന് ചുറ്റും ഭാരമോ വേദനയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാനുള്ള സാധ്യതയുണ്ട്.
- ക്ഷീണം:
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ക്ഷീണം അനുഭവപ്പെടുന്നെങ്കിൽ അത് ശ്വാസകോശ അർബുദത്തിനുള്ള സാധ്യതയാകാം. ഏറെ കാലമായിട്ടും ക്ഷീണം വിട്ടുമാറുന്നില്ലെങ്കിൽ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തണം.
Also Read: ശ്വാസകോശത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന 6 ഭക്ഷണങ്ങൾ
കാരണങ്ങൾ
- പുകവലി:
ശ്വാസകോശ അർബുദത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് പുകവലിയാണ്. ലോകത്ത് കണ്ടെത്തുന്ന ശ്വാസകോശ അർബുദങ്ങളിൽ 60 ശതമാനവും പുകവലി മൂലമാണ് ഉണ്ടാകുന്നത്. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) സൂചിപ്പിക്കുന്നത് പുകവലിയാണ് ശ്വാസകോശ അർബുദത്തിനുള്ള ഏറ്റവും വലിയ അപകട ഘടകം എന്നാണ്. അമേരിക്കയിൽ 80-90% ശ്വാസകോശ അർബുദ മരണങ്ങൾക്കും കാരണം പുകവലിയാണ്. ലോകത്ത് ഓരോ വർഷവും 10 ലക്ഷത്തിലധികം ആളുകൾ ശ്വാസകോശ അർബുദം മൂലം മരിക്കുന്നു. സിഗരറ്റ് വലിക്കുന്ന പുരുഷന്മാരിൽ 90% ശ്വാസകോശ അർബുദ സാധ്യതയുണ്ട്. സ്ത്രീകളിൽ ഇത് 70 മുതൽ 80 ശതമാനം വരെയാണ്.
- റഡോൺ വാതകം:
ഫൗണ്ടേഷനിലെ വിള്ളലുകളിലൂടെ വീടുകളിലേക്ക് എത്തുന്ന മണമില്ലാത്ത, നിറമില്ലാത്ത വാതകമാണ് റഡോൺ. ലോകാരോഗ്യസംഘടന (WHO) റിപ്പോർട്ട് അനുസരിച്ച്, ദേശീയ ശരാശരിയുടെ 14 ശതമാനം വരെ ശ്വാസകോശ അർബുദത്തിന് കാരണമാണ് റഡോൺ വാതകം. വീട്ടിനുള്ളിലെ റഡോൺ വാതകത്തിൻറെ അളവ് കണ്ടെത്തുന്നതിനുള്ള ഫിൽട്ടറുകൾ സ്ഥാപിക്കുകയും മതിയായ വെൻറിലേഷൻ സൌകര്യം ഒരുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
- ജോലിസംബന്ധം:
ജോലിസംബന്ധമായ സാഹചര്യങ്ങൾകൊണ്ട് ശ്വാസകോശ അർബുദം ഉണ്ടാകാനിടയുണ്ട്. ജോലിസ്ഥലങ്ങളിൽ നിന്നുള്ള ആസ്ബറ്റോസ്, ഡീസൽ എക്‌സ്‌ഹോസ്റ്റ്, ചില രാസവസ്തുക്കൾ തുടങ്ങിയ കാർസിനോജനുകൾ ശ്വാസകോശ അർബുദത്തിന് കാരണമാകും. ഇത്തരം സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും മാസ്ക്ക് ധരിക്കണം.
- വായുമലിനീകരണം:
വാഹനങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നുമുള്ള പുകയും മറ്റ് കാരണങ്ങളാലുമുള്ള അന്തരീക്ഷ മലിനീകരണങ്ങളും ശ്വാസകോശ ക്യാൻസറിന് കാരണമാകും. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള അപകടസാധ്യത കൂട്ടുന്നത്. മലിനീകരണം കൂടുതലുള്ള നഗരപ്രദേശങ്ങളിൽ പുറത്തിറങ്ങുന്നവർ മാസ്ക്ക് ധരിക്കുകയും വീട്ടിനുള്ളിൽ എയർ പ്യൂരിഫയർ ഉഫയോഗിക്കുകയും ചെയ്യണം.
- പാരമ്പര്യം:
പാരമ്പര്യമായും ശ്വാസകോശ അർബുദം പിടിപെടാൻ സാധ്യതയുണ്ട്. ഉറ്റബന്ധുക്കൾക്ക് ശ്വാസകോശ അർബുദം വന്നിട്ടുണ്ടെങ്കിൽ പുകവലി ഒഴിവാക്കുകയും അന്തരീക്ഷ മലിനീകരണ സാഹചര്യങ്ങളിൽനിന്ന് അകന്നുനിൽക്കുകയും വേണം. കൂടാതെ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (COPD) പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പാരമ്പര്യമായി ഉള്ളവരിലും ശ്വാസകോശ അർബുദ സാധ്യത കൂടുതലാണ്.
Also Read: ശ്വാസകോശ ആരോഗ്യം ഏറെ പ്രധാനം; എന്താണ് സിഒപിഡി?
ചികിത്സ
മറ്റ് ക്യാൻസറുകളിലേതിന് സമാനമായ ചികിത്സാരീതികളാണ് ശ്വാസകോശ അർബുദത്തിനുമുള്ളത്. ശസ്ത്രക്രിയ, റേഡിയേഷൻ കീമോതെറാപ്പി, മരുന്നുകൾ എന്നിവയാണ് ചികിത്സാരീതികൾ. രോഗത്തിൻറെ തീവ്രത അഥവാ ഘട്ടം, രീതി എന്നിവ അടിസ്ഥാനമാക്കി ഏത് ചികിത്സയാണ് വേണ്ടതെന്ന് പരിശോധനകളിലൂടെ ഡോക്ടർ നിശ്ചയിക്കും. ഇവ കൂടാതെ ഇമ്യൂണോതെറാപ്പി, ടാർഗറ്റഡ് തെറാപ്പി, റേഡിയോഫ്രീക്വൻസി അബ്ലേഷൻ, ക്രയോതെറാപ്പി, ഫോട്ടോഡൈനാമിക് തെറാപ്പി തുടങ്ങിയ ആധുനിക ചികിത്സകളും ലഭ്യമാണ്.
(നിരാകരണം: ഈ ലേഖനത്തിൽ നൽകിയിരിക്കുന്നത് ചില പഠനങ്ങളെയും റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ മാത്രമാണ്. ഇതൊരു വിദഗ്ദ ഉപദേശമായി കരുതേണ്ടതില്ല. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം.)
ഹെൽത്ത് മലയാളം ഇപ്പോൾ വാട്സാപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ ആരോഗ്യ വാർത്തകളും ലേഖനങ്ങളും ലഭിക്കാൻ ക്ലിക്ക് ചെയ്യൂ..
Content Summary: What is lung cancer? Symptoms, causes and treatment