സ്ഥിരമായി പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ലിവർ കാൻസറിനുള്ള സാധ്യതയും വിട്ടുമാറാത്ത കരൾ രോഗങ്ങളും തുടർന്നുള്ള മരണവും വർദ്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ആർത്തവവിരാമം സംഭവിച്ച സ്ത്രീകൾളിൽ ദിവസേന ഒരു മധുരപാനീയമെങ്കിലും കഴിക്കുന്നവരിൽ ലിവർ കാൻസർ വരാനുള്ള സാധ്യത 85% കൂടുതലാണെന്നും വിട്ടുമാറാത്ത കരൾ രോഗം മൂലം മരിക്കാനുള്ള സാധ്യത 68% കൂടുതലാണെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു.
പഠനമനുസരിച്ച്, മധുരപാനീയങ്ങൾ ഒഴിവാക്കുന്നത് കരൾ രോഗങ്ങൾ വരാതിരിക്കുന്നതിന് ഏറ്റവും ഫലപ്രദമായ ഒരു മാർഗമാണ്.
ലിവർ കാൻസർ ഉള്ളവരിൽ 40% ആളുകൾക്കും ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി അണുബാധ, ടൈപ്പ് 2 പ്രമേഹം, അല്ലെങ്കിൽ പൊണ്ണത്തടി തുടങ്ങിയ രോഗസാധ്യതാ ഘടകങ്ങളിൽ ഒന്നുമില്ല. നിലവിലെ വിശകലനത്തിൽ, ജനസംഖ്യയുടെ വലിയൊരു വിഭാഗം ഉപയോഗിക്കുന്ന പഞ്ചസാരയോ കൃത്രിമ മധുരമോ ചേർത്ത പാനീയങ്ങൾ കരൾ കാൻസറിനോ വിട്ടുമാറാത്ത കരൾ രോഗത്തിനോ കാരണമാകുമോ എന്നാണ് ഗവേഷകർ വിശകലനം ചെയ്തത്.
Also Read: ആരോഗ്യമുള്ള കരൾ വേണോ? എങ്കിൽ വെറുതെയിരിക്കരുത്!
കഴിഞ്ഞ മാസമാണ് ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) കൃത്രിമ മധുരമായ അസ്പാർട്ടേമിനെ ഒരു അർബുദ കാരണമായി പ്രഖ്യാപിച്ചത്.
Content Summary: Study shows that sugary drinks can cause liver cancer