വായ കഴുകി ഹൃദ്രോഗ സാധ്യത കണ്ടെത്താനാകുമെന്ന് പഠനം

ഉപ്പുവെള്ളം ഉപയോഗിച്ച് വായ കഴുകുന്നത് ഹൃദ്രോഗ സാധ്യത കണ്ടെത്താൻ സഹായിക്കുമെന്ന് പുതിയ ഗവേഷണ പഠനം കണ്ടെത്തി. ഫ്രോണ്ടിയേഴ്‌സ് ഇൻ ഓറൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, ഉമിനീരിലെ ഉയർന്ന വെളുത്ത രക്താണുക്കൾ മോശം ഫ്ലോ-മെഡിയേറ്റഡ് ഡൈലേഷനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി.

പഠനത്തിനായി 18 നും 30 നും ഇടയിൽ പ്രായമുള്ള 28 പേരെയാണ് തിരഞ്ഞെടുത്തത്. ഇവർ ആരോഗ്യമുള്ളവരും പുകവലിക്കാത്തവരുമായിരുന്നു. ഇവർക്ക് CVD-യുടെയോ മറ്റ് കോമോർബിഡിറ്റികളുടെയോ ചരിത്രമില്ല. പങ്കെടുത്തവർ ഹൃദയസംബന്ധമായ മരുന്നുകളൊന്നും പതിവായി ഉപയോഗിച്ചിരുന്നില്ല. രക്തസമ്മർദ്ദത്തിന്റെ ചരിത്രമോ ബോഡി മാസ് ഇൻഡക്സോ (BMI) കൂടുതലോ ഉള്ള വ്യക്തികളെയും പഠനത്തിന് പരിഗണിച്ചിരുന്നില്ല.

ആരോഗ്യമുള്ള മുതിർന്നവരുടെ ഉമിനീരിലെ വെളുത്ത രക്താണുക്കളുടെ അളവ് പരിശോധിക്കുന്നതിലൂടെയാണ് ഹൃദ്രോഗ സാധ്യത കണ്ടെത്താൻ കഴിയുന്നത്. കാരണം ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള മുന്നറിയിപ്പ് സൂചനയായ മോണവീക്കം കണ്ടെത്താൻ സഹായകരമാണ്. ഇത് ധമനികളിലെ ആരോഗ്യത്തിന്റെ ആദ്യ സൂചകമാണ്.

വായിലെ വീക്കം രക്തപ്രവാഹത്തിലൂടെ കടന്നുപോകുകയും ധമനികളെ ബാധിക്കുകയും ചെയ്യുമെന്ന് ഗവേഷകർ വിശദീകരിച്ചു. മോണയുടെ ആരോഗ്യം മോശമാണെങ്കിൽ ഹൃദ്രോഗ സാധ്യതയുള്ളതായി മുൻ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വൈദ്യശാസ്ത്രപരമായി പീരിയോൺഡൈറ്റിസ് എന്ന് വിളിക്കപ്പെടുന്ന മോണയുടെ വീക്കം ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മോണ രോഗമുള്ള ആളുകൾക്ക് (പീരിയോഡന്റൽ ഡിസീസ് എന്നും അറിയപ്പെടുന്നു) ഹൃദയാഘാതം, സ്ട്രോക്ക് അല്ലെങ്കിൽ മറ്റ് ഗുരുതരമായ ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത രണ്ടോ മൂന്നോ മടങ്ങ് കൂടുതലാണെന്ന് ഹാർവാർഡ് ഹെൽത്ത് പബ്ലിഷിംഗ് വെബ്‌സൈറ്റിൽ ലഭ്യമായ ഒരു റിപ്പോർട്ട് പറയുന്നു.

മോണരോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് പ്രധാനമാണ്. മോണയിൽ രക്തസ്രാവം, മോണകൾക്കിടയിലുള്ള പഴുപ്പ്, മാറാത്ത വായ്നാറ്റം, പല്ലുകൾ ഇളകുന്നത് തുടങ്ങിയവ മോണരോഗത്തിന്റെ ലക്ഷണമാകാം.

Content Summary: Heart disease risk can be detected by mouth rinse; Study says