ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ശരിക്കും ഡോക്ടറെ അകറ്റി നിർത്താൻ പറ്റുമോ?

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് പഴമൊഴിയുണ്ട്. ആപ്പിൾ കഴിച്ചാൽ രോഗങ്ങൾ വരില്ലെന്ന് സാരം. എന്നാൽ ഈ പഴമൊഴിയിൽ എന്തെങ്കിലും വാസ്തവമുണ്ടോ? ക്യാരറ്റിൽ കാണുന്ന വൈറ്റമിൻ എ ആപ്പിളിൽ അത്രത്തോളമില്ല. ആപ്പിൾ ഓറഞ്ചിനെപ്പോലെ വിറ്റാമിൻ സിയുടെ മികച്ച ഉറവിടവുമല്ല. എന്നിട്ടും ആപ്പിളിനെ രോഗം വരാതിരിക്കാനുള്ള ഉപാധിയായി പറയുന്നത് എന്തുകൊണ്ടാകും? കാരണം, ആപ്പിളിൽ അടങ്ങിയിരിക്കുന്നത് വിവിധ ബയോ ആക്റ്റീവ് പദാർത്ഥങ്ങളാണ്.

ആപ്പിൾ ഒരു സൂപ്പർ ഫുഡാണെന്ന് പറയാറില്ല. പൊതുവെ ഉയർന്ന പോഷകമൂല്യമുള്ളതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമായ പോഷകങ്ങൾ കൂടുതലുള്ളതുമായ ഭക്ഷണത്തെയാണ് സൂപ്പർ ഫുഡ് എന്ന് വിളിക്കുന്നത്. ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയതിനാൽ സാൽമൺ, ചൂര തുടങ്ങിയ മത്സ്യങ്ങൾ സൂപ്പർ ഫുഡുകളാണെന്ന് പറയാം. നമ്മുടെ ശരീരത്തിന് വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങൾക്ക് പുറമേ ശാരീരിക പ്രവർത്തനങ്ങൾക്ക് പലതരം ബയോ ആക്റ്റീവ് പദാർത്ഥങ്ങൾ ആവശ്യമാണ്. ഇതിന് ഒരു ഉദാഹരണമാണ് കരോട്ടിനോയിഡുകൾ. മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളിലുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും അവയുടെ നിറം നൽകുന്ന 850 വ്യത്യസ്ത പിഗ്മെന്റുകളുടെ ഒരു ഗ്രൂപ്പാണ് അവ.

കരോട്ടിനോയിഡുകൾ പ്രാഥമികമായി ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു, അതായത് ശരീരകോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നത് തടയാൻ സഹായിക്കുന്നതിലൂടെ അവ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിവിധ കരോട്ടിനോയിഡുകൾ വ്യത്യസ്ത രീതികളിളാണ് പ്രവർത്തിക്കുന്നത്.

കാരറ്റിൽ ഉയർന്ന അളവിൽ കാണപ്പെടുന്നതിനാൽ ബീറ്റാ കരോട്ടിൻ ഏറ്റവും അറിയപ്പെടുന്ന കരോട്ടിനോയിഡാണ്. നാം കഴിച്ചതിനുശേഷം ബീറ്റാ കരോട്ടിൻ ശരീരത്തിൽ വിറ്റാമിൻ എ ആയി മാറുന്നു. സാധാരണ കാഴ്ചയ്ക്ക് വിറ്റാമിൻ എ ആവശ്യമാണ്.

ചോളത്തിലും മുളകിലും കാണപ്പെടുന്ന മഞ്ഞ കരോട്ടിനോയിഡുകളാണ് ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ. ഇവ രണ്ടും കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു.

ഭക്ഷണങ്ങളിൽ നിന്നുള്ള കരോട്ടിനോയിഡുകളും മറ്റ് വിഭാഗങ്ങളിൽപ്പെടുന്ന ബയോ ആക്റ്റീവ് പദാർത്ഥങ്ങളും ചില ക്യാൻസറുകൾ തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ആപ്പിൾ പഴമൊഴിയുടെ ചരിത്രം

ആപ്പിളിനെയും ആരോഗ്യത്തെയും കുറിച്ചുള്ള പഴഞ്ചൊല്ല് 1800 കളിലാണ് ഉത്ഭവിച്ചത്.

1900-കളുടെ തുടക്കം മുതൽ 1970-കൾ വരെ, പോഷകാഹാര ഗവേഷണം വൈറ്റമിൻ കുറവുകളെ കേന്ദ്രീകരിച്ചായിരുന്നു. കഠിനമായ വിറ്റാമിൻ സി കുറവ് മൂലമുണ്ടാകുന്ന സ്കർവി അല്ലെങ്കിൽ ദീർഘകാല വിറ്റാമിൻ ഡിയുടെ കുറവ് മൂലമുണ്ടാകുന്ന റിക്കറ്റ്സ് പോലുള്ള പോഷകക്കുറവ് രോഗങ്ങളെ തടയാൻ കൂടുതൽ വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിച്ചു.

പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി ഭക്ഷണം കഴിക്കുന്നതിനുള്ള ഈ പ്രചാരണം കൂടുതൽ ഭക്ഷണം കഴിക്കാൻ ആളുകളെ പ്രേരിപ്പിച്ചു. ഇത് ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമായി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയുടെ നിരക്ക് വർദ്ധിക്കുന്നതിലേക്കും നയിച്ചു.

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ ഒഴിവാക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ആദ്യത്തെ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ 1980-ൽ യുഎസ് സർക്കാർ പ്രസിദ്ധീകരിച്ചു. ഇത് പ്രകാരം കൊഴുപ്പുള്ള ഭക്ഷണങ്ങൾ മാറ്റി ബ്രെഡ്, പാസ്ത തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചു.ആ പോഷകാഹാര ഉപദേശം ഇന്നും തുടരുന്ന പൊണ്ണത്തടിയുടെയും പ്രമേഹത്തിന്റെയും നിരക്ക് കുതിച്ചുയരുന്നതിന് കാരണമായി.

ഭക്ഷണകാര്യങ്ങളിൽ ജപ്പാൻ നൽകുന്ന ശ്രദ്ധ

ചരിത്രപരമായി, ഭൂമിയിലെ ഏറ്റവും ആരോഗ്യമുള്ള ജനങ്ങളിൽ ഒന്നായിരുന്നു ജപ്പാനീസ് ജനത. എന്നിരുന്നാലും, 21-ാം നൂറ്റാണ്ട് അടുക്കുമ്പോൾ, നിരവധി ജാപ്പനീസ് ആളുകൾ അമേരിക്കൻ ഭക്ഷണക്രമം സ്വീകരിക്കുകയും യുഎസിലേതിന് സമാനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തു.

തൽഫലമായി, ജാപ്പനീസ് സർക്കാർ 1980 കളിൽ ഫങ്ഷണൽ ഫുഡ്സ് എന്ന ആശയം അവതരിപ്പിച്ചു. ഈ ആശയം അവതരിപ്പിക്കുന്ന ആദ്യത്തെ രാജ്യമായി ജപ്പാൻ മാറി.

അത് ഫലം കണ്ടു. ജപ്പാനിൽ ഹൈപ്പോഅലോർജെനിക് അരി പോലെയുള്ള പ്രത്യേക ആരോഗ്യ ഉപയോഗങ്ങൾക്കുള്ള ഭക്ഷണമായി അംഗീകരിച്ച 1,000-ലധികം ഭക്ഷണങ്ങളും പാനീയങ്ങളും ഉണ്ട്.

ജപ്പാന്റെ ആരോഗ്യ അവകാശവാദങ്ങളിൽ പകുതിയും ബയോ ആക്റ്റീവ് പ്രീബയോട്ടിക് ഡയറ്ററി ഫൈബറുകൾ ഉപയോഗിച്ച് ദഹനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആപ്പിളിലെ ബയോ ആക്റ്റീവ് ഘടകങ്ങൾ

ആപ്പിളിന്റെ സ്വാഭാവിക ഭക്ഷണ നാരുകൾ ബയോ ആക്റ്റീവ് ഘടകങ്ങളിലൊന്നാണ്, ഇത് പ്രവർത്തനപരമായ ഭക്ഷണമായി വർഗ്ഗീകരിക്കപ്പെടുന്നു. ഫൈബർ പെക്റ്റിൻ പ്രധാനമായും ആപ്പിളിന്റെ പൾപ്പിലാണ് കാണപ്പെടുന്നത്.

ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്ന പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് കുറയ്ക്കാൻ പെക്റ്റിൻ പ്രവർത്തിക്കുന്നു. ഇത് പ്രമേഹം, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

ആപ്പിളിന്റെ തൊലികളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് പോഷകസമ്പുഷ്ടമായി പ്രവർത്തിക്കുന്നു.

കൂടാതെ, ആപ്പിളിൽ ഉയർന്ന അളവിൽ പോളിഫെനോൾസ് എന്നറിയപ്പെടുന്ന പ്രകൃതിദത്ത രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, അവ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും വിട്ടുമാറാത്ത രോഗങ്ങൾ കുറയ്ക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നു. വിവിധ സസ്യഭക്ഷണങ്ങളിൽ 8,000-ത്തിലധികം പോളിഫെനോളുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും തൊലിയിലായതിനാൽ, പോളിഫെനോളുകളുടെ ഗുണങ്ങൾ ലഭിക്കാൻ ആപ്പിൾ മുഴുവനായി കഴിക്കുന്നതാണ് ജ്യൂസിനേക്കാളും ആപ്പിൾസോസിനേക്കാളും നല്ലത്.

ആപ്പിളിന്റെ തൊലിക്ക് ചുവന്ന നിറം നൽകുന്ന പോളിഫെനോളുകളുടെ ഒരു ഉപവിഭാഗമാണ് ആന്തോസയാനിനുകൾ. ആന്തോസയാനിനുകൾ കൂടുതലുള്ള ഭക്ഷണക്രമം ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇവ അൽഷിമേഴ്‌സ് രോഗത്തെ ചികിത്സിക്കുന്നതിനുള്ള സാധ്യതകൾക്കായി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

Also Read: പല്ലിന്റെ ആരോഗ്യത്തിന് 7 ഭക്ഷണങ്ങൾ

ആപ്പിളിലെ മറ്റൊരു പ്രാഥമിക പോളിഫെനോൾ ഫ്ലോറിഡ്‌സിൻ ആണ്. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാനുള്ള ഫ്ലോറിഡ്‌സിൻ കഴിവിനെക്കുറിച്ച് പഠനങ്ങൾ കണ്ടെത്തിയിട്ട് 100 വർഷത്തിലേറെയായി. ചെറുകുടലിൽ നിന്ന് ആഗിരണം ചെയ്യപ്പെടുന്ന ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും വൃക്കകളിൽ നിന്നുള്ള വിസർജ്ജനം വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് സമീപകാല പഠനങ്ങൾ സ്ഥിരീകരിക്കുന്നു.

ശരിക്കും ആപ്പിൾ ഡോക്ടറെ അകറ്റുമോ?

ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഫങ്ഷണൽ ഫുഡ്സ് വിഭാഗത്തിൽ പെടുന്ന ഭക്ഷണമാണ് ആപ്പിൾ. ഡോക്ടറെ അകറ്റി നിർത്താൻ അവ ശരിക്കും സഹായിക്കുമോ? ഇത് കണ്ടെത്താൻ ഗവേഷകർ ഒരു പഠനം തന്നെ നടത്തുകയുണ്ടായി. 8,000-ത്തിലധികം മുതിർന്നവർക്കിടയിൽ ആപ്പിൾ കഴിക്കുന്ന രീതികളും ഡോക്ടർമാരുടെ സന്ദർശനങ്ങളുടെ എണ്ണവും ഒരു യുഎസ് സംഘം വിശകലനം ചെയ്തു. അവരിൽ 9% പേർ ദിവസവും ഒരു ആപ്പിൾ കഴിച്ചു. ജനസംഖ്യാപരമായതും ആരോഗ്യവുമായി ബന്ധപ്പെട്ടതുമായ ഘടകങ്ങൾ മാറ്റിനിർത്തിയാൽ, ആപ്പിൾ കഴിക്കാത്തവരേക്കാൾ ദിവസേന ആപ്പിൾ കഴിക്കുന്നവർ വളരെ കുറച്ച് മരുന്നുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ ഡോക്‌ടറുടെ സന്ദർശനങ്ങളുടെ എണ്ണം രണ്ട് ഗ്രൂപ്പുകൾക്കിടയിലും ഏകദേശം തുല്യമായിരുന്നു.

ആരോഗ്യമുള്ളവരാകാൻ ദിവസവും ഒരു ആപ്പിൾ പോരെങ്കിൽ രണ്ടോ മൂന്നോ കഴിച്ചാലോ? പ്രതിദിനം രണ്ട് ആപ്പിൾ കഴിക്കുന്നത് മുതിർന്നവരിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഒരു കൂട്ടം യൂറോപ്യൻ ഗവേഷകർ കണ്ടെത്തി. ദിവസേന മൂന്ന് ആപ്പിൾ കഴിക്കുന്നത് അമിതഭാരമുള്ള സ്ത്രീകളിൽ ശരീരഭാരം കുറയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്തതായി ബ്രസീലിയൻ അന്വേഷകർ കണ്ടെത്തി.

പ്രതിദിനം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ കാണേണ്ട സാഹചര്യങ്ങൾ ഒഴിവാക്കില്ലെങ്കിലും കൂടുതൽ ആരോഗ്യകരവും നാരുകൾ നിറഞ്ഞതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതിനുള്ള ശീലത്തിലേക്ക് ഒരു ചുവടുവെപ്പായിരിക്കും അത്.

അടുത്ത തവണ പഴങ്ങൾ വാങ്ങുമ്പോൾ ആപ്പിൾ വാങ്ങാൻ മറക്കരുത്. ദിവസത്തിൽ ഒരെണ്ണമെങ്കിലും കഴിക്കുന്നതും ശീലമാക്കുക.

Content Summary: An apple a day keeps the doctor away; Know the science behind functional foods