അസിഡിറ്റി ഗുളികകൾ ഓർമ്മക്കുറവിന് കാരണമാകുമെന്ന് പുതിയ പഠനം

പതിവായി ആസിഡ് റിഫ്ലക്സ് ഗുളികകൾ കഴിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഇതിന്റെ അപകടസാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കണം. സ്ഥിരമായി ആസിഡ് റിഫ്ലക്‌സ് മരുന്നുകൾ കഴിക്കുന്നവർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലായ ന്യൂറോളജിയിലാണ് പഠനത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്.

കുറിപ്പടി നൽകുന്ന മരുന്നുകൾ മാത്രമാണ് പഠനത്തിൽ പരിശോധിച്ചത്. ഈ മരുന്നുകൾ ആമാശയത്തിലെ ആസിഡിനെ ഉൽപ്പാദിപ്പിക്കുന്ന എൻസൈമുകളെ ലക്ഷ്യം വച്ചുകൊണ്ട് ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നു.

“പ്രോട്ടോൺ പമ്പ് ഇൻഹിബിറ്ററുകൾ ആസിഡ് റിഫ്ലക്സ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ഉപകാരപ്രദമായ ഉപകരണമാണ്, എന്നിരുന്നാലും, ദീർഘകാല ഉപയോഗം സ്ട്രോക്ക്, അസ്ഥി ഒടിവുകൾ, വിട്ടുമാറാത്ത വൃക്കരോഗങ്ങൾ എന്നിവയുടെ അപകടസാധ്യത ഉയർത്തുന്നു.” പഠനവിവരങ്ങൾ പങ്കുവെച്ച് മിനിയാപൊളിസിലെ മിനസോട്ട സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ കാമാക്ഷി ലക്ഷ്മിനാരായണൻ പറഞ്ഞു. ഈ മരുന്നുകൾ ദീർഘകാലത്തിൽ കഴിക്കുകയാണെങ്കിൽ ഓർമ്മക്കുറവ് ബാധിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

പഠനത്തെ കുറിച്ച്

പഠനത്തിന്റെ തുടക്കത്തിൽ ഡിമെൻഷ്യ ഇല്ലാതിരുന്ന 45 വയസും അതിൽ കൂടുതലുമുള്ള 5,712 പേരെ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവർക്ക് ശരാശരി 75 വയസ്സായിരുന്നു പ്രായം. പഠന സന്ദർശനവേളയിലും വാർഷിക ഫോൺ കോളുകളിലും പങ്കെടുക്കുന്നവർ അവരുടെ മരുന്നുകൾ അവലോകനം ചെയ്തുകൊണ്ടാണ് ആസിഡ് റിഫ്ലക്സ് മരുന്നുകൾ കഴിച്ചതെന്ന് ഗവേഷകർ നിർണ്ണയിച്ചു. പങ്കെടുക്കുന്നവരെ 5.5 വർഷത്തെ ശരാശരി കാലയളവിലേക്ക് പിന്തുടർന്നു. ഈ സമയത്ത്, 585 പേർക്ക്, അതായത് 10 ശതമാനം ആളുകൾക്ക് ഡിമെൻഷ്യ വികസിച്ചു.

കണ്ടെത്തലുകളെ കുറിച്ച്

പ്രായം, ലിംഗഭേദം, വംശം തുടങ്ങിയ ഘടകങ്ങളും ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ആരോഗ്യ സംബന്ധിയായ ഘടകങ്ങളും പരിഗണിച്ചതിനു ശേഷം, 4.4 വർഷത്തിലേറെയായി ആസിഡ് റിഫ്ലക്സ് മരുന്നുകൾ കഴിക്കുന്നവർക്ക് 33 ശതമാനം അപകടസാധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. ഒരിക്കലും മരുന്നുകൾ കഴിക്കാത്തവരേക്കാൾ ഡിമെൻഷ്യ വരാനുള്ള സാധ്യത ഇവരിൽ കൂടുതലാണ്.

Also Read: മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് മൈൻഡ് ഡയറ്റ്; എന്തൊക്കെ കഴിക്കാം?

കൂടുതൽ ഗവേഷണം ആവശ്യമാണ്

ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിന് ഇനിയും പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.

ആസിഡ് റിഫ്‌ളക്‌സിനെ ചികിത്സിക്കുന്നതിന്, ആന്റാസിഡുകൾ കഴിക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, വൈകിയുള്ള ഭക്ഷണവും ചില ഭക്ഷണങ്ങളും ഒഴിവാക്കുക എന്നിങ്ങനെ വിവിധ മാർഗങ്ങൾ ഉണ്ടെങ്കിലും, ഇവ എല്ലാവരിലും പ്രവർത്തിച്ചേക്കില്ല.

സ്ഥിരമായി അസിഡിറ്റി മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം മരുന്ന് നിർത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുക. പെട്ടെന്ന് നിർത്തുന്നത് പല പാർശ്വഫലങ്ങളും ഉണ്ടാക്കും.

Content Summary: New study finds that acidity pills can cause dementia