നരച്ച മുടി നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ? അകാല നരക്കുള്ള കാരണങ്ങളും പരിഹാരങ്ങളും

നേരത്തേ മുടി നരക്കുന്നത് ബുദ്ധിയും ചിന്താശക്തിയും കൂടുതലായതുകൊണ്ടാണ് എന്ന് പറയാറുണ്ട്. എന്നാലും പ്രായമാകും മുൻപേ മുടി നരക്കുന്നത് ആളുകളെ അസ്വസ്ഥരാക്കാറുണ്ട്.

നരയെ അകാല നരയായി കാണുന്നതിന് പലർക്കും പല പ്രായമാകും അഭിപ്രായപ്പെടാനുണ്ടാകുക. സാധാരണയായി, 20-25 വയസ്സിന് മുമ്പ് മുടി നരക്കുകയാണെങ്കിൽ അത് അകാല നരയായി കണക്കാക്കപ്പെടുന്നു.

അകാലനരയുടെ കാരണങ്ങൾ

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ജനിതക ഘടന അകാലനരക്ക് ഒരു കാരണമാണ്. മാതാപിതാക്കളോ മുത്തശ്ശീമുത്തച്ഛന്മാരോ നേരത്തെ നരച്ചിരുന്നെങ്കിൽ നിങ്ങൾക്കും പെട്ടെന്ന് നര വരാൻ സാധ്യതയുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥ, മാനസിക സമ്മർദ്ദം, പോഷകാഹാരക്കുറവ്, മലിനീകരണം എന്നിവയും നരയെ വേഗത്തിലാക്കും. പുകവലിയും മോശം ഭക്ഷണക്രമവും ചെറുപ്പക്കാർക്കിടയിൽ നര വരാൻ കാരണമാകാറുണ്ട്.

ചിലപ്പോൾ നരച്ച മുടി ചില ആരോഗ്യപ്രശ്നങ്ങളെയാകും സൂചിപ്പിക്കുന്നത്. വൈറ്റമിൻ ബി 12 ന്റെ കുറവ്, തൈറോയ്ഡ് തകരാറുകൾ, അല്ലെങ്കിൽ വിറ്റിലിഗോ പോലുള്ള അവസ്ഥകൾ എന്നിവയുടെ ലക്ഷണമായി അകാല നര പ്രത്യക്ഷപ്പെടാം.

Also Read: ബി 12 ന്റെ കുറവ് നഖങ്ങളിൽ അറിയാം; ഇത് എങ്ങനെ പരിഹരിക്കാം?

അകാലനര എങ്ങനെ തടയാം?

വിറ്റാമിൻ ബി12, ഇ, കോപ്പർ, സെലിനിയം എന്നിവ അടങ്ങിയ ഭക്ഷണക്രമം നേരത്തെയുള്ള നരയെ ചെറുക്കും. ഇലക്കറികൾ, പഴങ്ങൾ, മത്സ്യം, നട്‌സ് എന്നിവയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

നെല്ലിക്ക, വെളിച്ചെണ്ണ, ബദാം ഓയിൽ തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾ അടങ്ങിയ ചില ഹെയർ ഓയിലുകൾ മുടിയെ പോഷിപ്പിക്കുമെന്നും നരയെ മന്ദഗതിയിലാക്കുമെന്നും പൊതുവെ വിശ്വസിക്കപ്പെടുന്നു. വ്യക്തികൾക്കനുസരിച്ച് ഇതിന്റെ ഫലപ്രാപ്തിയിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.

Also Read: മുടിയുടെ ആരോഗ്യത്തിന് മുടി ചീകേണ്ടത് എങ്ങനെയെന്നറിയാം

വിട്ടുമാറാത്ത മാനസിക സമ്മർദ്ദം നരയെ ത്വരിതപ്പെടുത്തും. റിലാക്സേഷൻ ടെക്നിക്കുകൾ പരിശീലിക്കുക. അകാലനരയെ പ്രോത്സാഹിപ്പിക്കുന്ന ഒരു ദുശ്ശീലമാണ് പുകവലി. പുകവലി നിർത്തുന്നതും പ്രായമാകും മുൻപേ വരുന്ന നരയെ തടയാൻ സഹായിക്കും.

ഭക്ഷണവും ജീവിതരീതികളും അകാലനരയെ അകറ്റി നിർത്താൻ സഹായിക്കും. എങ്കിലും, അമിതമായ അകാലനര ശ്രദ്ധയിൽപ്പെട്ടാൽ ഒരു ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടുക.

Content Summary: Causes and remedies for premature graying of hair