രാവിലെ അലാറം അടിക്കുന്നതിനുമുൻപ് നമ്മളെ എഴുന്നേൽപ്പിക്കുന്ന ആ ശക്തി എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? നാളെ രാവിലെ ഇത്ര മണിക്ക് എഴുന്നേൽക്കണം എന്ന ഉറച്ച തീരുമാനത്തോടെ കിടന്നു നോക്കൂ, ഒരു അലാറത്തിന്റെയും സഹായമില്ലാതെ കൃത്യമായി ആ സമയം നിങ്ങൾ ഉണർന്നിരിക്കും. നമ്മുടെ ശരീരത്തിലെ ജൈവഘടികാരമാണ് ഇത് സാധ്യമാക്കുന്നത്.
രാത്രിയും പകലും ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റം അടിസ്ഥാനമാക്കി ശരീരപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഒരു സംവിധാനമാണിത്. 24
മണിക്കൂറിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംവിധാനം എല്ലാ ജീവജാലങ്ങളിലും കാണപ്പെടുന്നു. തലച്ചോറിലെ ഹൈപ്പോതലാമസിലുള്ള ഒരു കൂട്ടം ന്യൂറോണുകളാണ് ജൈവഘടികാരമായി പ്രവർത്തിക്കുന്നത്.
എന്താണ് സർക്കാഡിയൻ താളം?
എല്ലാ 24 മണിക്കൂറിലും ആവർത്തിക്കുന്ന ശരീരതാളമാണ് സർക്കാഡിയൻ താളം. ചുറ്റുപാടും നടക്കുന്ന വ്യതിയാനങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. നമ്മെ ഉറങ്ങാൻ പ്രേരിപ്പിക്കുന്നതും ഉണർത്തുന്നതും വിവിധ ശാരീരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതും ഈ സർക്കാഡിയൻ താളമാണ്. ഇവ തടസപ്പെടുമ്പോൾ ശരീരം വീണ്ടും അവയെ ക്രമപ്പെടുത്തുന്നു.
സർക്കാഡിയൻ താളത്തിലുണ്ടാകുന്ന ക്രമക്കേടുകൾ നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും. അസുഖങ്ങൾ, രോഗനിർണ്ണയത്തിനുള്ള ടെസ്റ്റുകൾ, എടുക്കുന്ന ചികിത്സകൾ എന്നിവയെ ഈ മാറ്റം സാരമായി ബാധിക്കും. കഴിക്കുന്ന മരുന്നുകളുടെ പ്രവർത്തനക്ഷമത കൂട്ടാനും പാർശ്വഫലങ്ങൾ കുറയ്ക്കാനും സർക്കാഡിയൻ താളം സഹായിക്കുന്നതായി പുതിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
സർക്കാഡിയൻ താളം താളം തെറ്റുന്നതെങ്ങനെ?
പ്രധാനമായും നമ്മുടെ ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് ജൈവഘടികാരം പ്രവർത്തിക്കുന്നത്. പ്രകാശത്തിന്റെ ലഭ്യതയനുസരിച്ചാണ് ശരീരം പകലിനെയും രാത്രിയെയും തിരിച്ചറിയുന്നത്. അതിനനുസരിച്ച് സർക്കാഡിയൻ താളം ക്രമപ്പെടുന്നു. ടെലിവിഷൻ, മൊബൈൽ, കമ്പ്യൂട്ടർ എന്നിവയിൽ നിന്നുള്ള കൃത്രിമ പ്രകാശം നമ്മുടെ സർക്കാഡിയൻ താളത്തെ സ്വാധീനിക്കും. രാത്രി വൈകിയും ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് സർക്കാഡിയൻ താളം ക്രമം തെറ്റുന്നതിലേക്ക് നയിക്കും. ചില മരുന്നുകളുടെയും ലഹരി പദാർത്ഥങ്ങളുടെയും ഉപയോഗം, തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന കാഫീൻ പോലുള്ള പദാർത്ഥങ്ങളുടെ ഉപയോഗം, വിവിധ സമയ മണ്ഡലങ്ങളിലൂടെയുള്ള നീണ്ട വിമാനയാത്ര, പുകവലി, ജോലി സംബന്ധമായ ഷിഫ്റ്റുകളിൽ ഉള്ള മാറ്റം തുടങ്ങിയവ സർക്കാഡിയൻ താളത്തെ ബാധിക്കും.
സർക്കാഡിയൻ താളം തിരികെ കൊണ്ടുവരാൻ
ആരോഗ്യകരമായ ജീവിതത്തിന് സർക്കാഡിയൻ താളം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിൽ മരുന്നുകൾ കൃത്യമായി പ്രവർത്തിക്കാനും പോഷകങ്ങളുടെ കൃത്യമായ ആഗിരണത്തിനുമെല്ലാം സർക്കാഡിയൻ താളം ആവശ്യമാണ്. ക്രമം തെറ്റിയ സർക്കാഡിയൻ താളത്തെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കണം. സർക്കാഡിയൻ താളത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുകയാണ് പ്രധാനം.
വിശ്രമിക്കേണ്ടപ്പോൾ വിശ്രമിക്കുകയും ഉറങ്ങേണ്ടപ്പോൾ ഉറങ്ങുകയും ചെയ്യുക. രാതിയിൽ അമിത വെളിച്ചവും ശബ്ദങ്ങളും ഒഴിവാക്കുക. യാത്രകളും ജോലിസംബന്ധമായ തിരക്കുകളും ജീവിതതാളത്തെ ബാധിക്കുമ്പോൾ കഴിയുന്നതും ദൈനംദിന കാര്യങ്ങൾ കൃത്യമായി പിന്തുടരാൻ ശ്രമിക്കുക.
Also Read: ഭക്ഷണങ്ങൾ സന്തോഷിപ്പിക്കുമോ? എങ്ങനെ എന്ന് നോക്കാം
Content Summary: Biological clock: Importance of keeping circadian rhythm for better health