ഷവർമ കഴിച്ച നാലുവയസുകാരൻ മരിച്ചു

തിരുവനന്തപുരം: വിനോദയാത്രയ്ക്കിടെ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ നാലുവയസുകാരൻ മരിച്ചു. തിരുവനന്തപുരം മലയിൻകീഴ് പ്ലാങ്ങാട്ടു മുകൾ  സ്വദേശി അനിരുദ്ധ് (നാല്) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ബന്ധുക്കൾ പൊലീസിന് പരാതി നൽകി. 

ഗോവയിലേക്കുള്ള വിനോദയാത്രയ്ക്കിടെയാണ് കുട്ടിയും വീട്ടുകാരും ഷവർമ കഴിച്ചത്. ഇതേത്തുടർന്ന് കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടർന്ന് മലയിൻകീഴിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടുകാർ സാരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായില്ല. 

കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടുപോകുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ഷവർമ വാങ്ങിയ ഹോട്ടലിനെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗവും നടപടി ആരംഭിച്ചിട്ടുണ്ട്. 

ഏകദേശം പത്ത് വർഷങ്ങൾക്ക് മുമ്പാണ് സംസ്ഥാനത്ത് ഷവർമ്മ കഴിച്ച് ആദ്യമായി ഒരാൾ മരണപ്പെടുന്നത്. 2012ൽ തിരുവനന്തപുരം സ്വദേശി സച്ചിൻ റോയിയാണ് ഷവർമ്മ കഴിച്ച് ആദ്യമായി മരിച്ചത്. 2012 ജൂലൈ പത്തിന് ബംഗളുരുവിലെ ലോഡ്ജിലാണ് സച്ചിൻ റോയ് എന്ന 21വയസുകാരൻ ഷവർമ കഴിച്ച് മരിച്ചത്. തിരുവനന്തപുരത്തുനിന്ന് ബംഗളുരുവിലേക്കുള്ള യാത്രയ്ക്ക് മുമ്പായി വഴുതക്കാട്ടെ ഹോട്ടലിൽനിന്നാണ് സച്ചിൻ റോയി ഷവർമ കഴിച്ചത്. കുറച്ചുനാൾ മുമ്പ് കാസർഗോഡ് ദേവനന്ദ എന്ന പെൺകുട്ടി ഷവർമ കഴിച്ച് മരിച്ചത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതേത്തുടർന്ന് സംസ്ഥാന വ്യാപകമായി ഷവർമ ഉണ്ടാക്കുന്ന ഹോട്ടലുകളിലും ബേക്കറികളിലും റെയ്ഡ് നടത്തുകയും പഴകിയ ഭക്ഷണം പിടികൂടുകയും ചെയ്തിരുന്നു.

Content Summary: A four-year-old boy died of food poisoning after eating shawarma during an outing. The deceased was Anirudh (four), a native of Plangatu Mukal, Malayinkeezhu, Thiruvananthapuram. Relatives said the child died of food poisoning.