കോഴിക്കോട് പേരാമ്പ്രയിൽ പനി ബാധിച്ച് മരിച്ചവർക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം കോഴിക്കോട്ടെത്തി. ഈ രോഗ ലക്ഷണവുമായി സാമ്യമുള്ളവരുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പനിബാധിച്ച് മരിച്ച രണ്ട് പേർക്കാണ് നിപയെന്ന് സംശയിച്ച് ഇന്നലെ രാവിലെ മുതൽ റിപ്പോർട്ടുകൾ വന്നത്. തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. മരിച്ച ആദ്യത്തെയാളുടെ സാമ്പിൾ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല. മരണത്തിൽ ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു.
മരിച്ച ഒരാളുടെ നാല് ബന്ധുക്കൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ച വ്യക്തികളുടെ കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. രോഗികളുമായി ഇടപഴകിയ ആരോഗ്യപ്രവർത്തകരും ബന്ധുക്കളും നിരീക്ഷണത്തിലാണ്.
നിപ സംശയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പട്ടികയിൽ 75 പേരുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരെല്ലാം പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരാണ്. മരിച്ചയാളുകളുടെ യാത്രാവിവരങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
Content Summary: A team of experts from the Center has reached Kozhikode in the case of Nipah confirmed for those who died due to fever in Kozhikode Perampra. Samples from people with similar symptoms have also been sent for testing.