അടുത്തകാലത്തായി സ്ഥിരമായി കേൾക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ശരീരത്തിലെ വീക്കം. ഇത് ഇപ്പോൾ ഉണ്ടായ അസുഖമാണോ? അല്ലേയല്ല, ആളുകൾ ഇപ്പോഴാണ് ഇതേക്കുറിച്ച് കൂടുതൽ സംസാരിക്കുന്നത് എന്ന് മാത്രം.
എന്താണ് വീക്കം?
നമ്മുടെ ശരീരത്തിന് പരിക്കേൽക്കുകയോ അണുബാധ ഉണ്ടാകുകയോ ചെയ്യുമ്പോൾ, അത് സ്വയം പരിരക്ഷിക്കുന്നതിനുള്ള പ്രതിരോധ സംവിധാനങ്ങളെ സജീവമാക്കുന്നു. ആക്രമണകാരിയോട് പോരാടാൻ നമ്മുടെ കോശങ്ങൾക്ക് നിർദ്ദേശം നൽകിയാണ് ഇത് ചെയ്യുന്നത്. ഈ പ്രക്രിയ ശരീരത്തിൽ വീക്കം ഉണ്ടാക്കുന്നു.
നിങ്ങളുടെ ശരീരം സുഖം പ്രാപിക്കുന്നു എന്നതിന്റെ സൂചനയാണ് വീക്കം. പക്ഷേ നീണ്ടുനിൽക്കുന്ന വീക്കം സൂചിപ്പിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങളെയാണ്. സന്ധിവാതം, ഹൃദ്രോഗം, പ്രമേഹം, ഡിമെൻഷ്യ, ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ പോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ വിട്ടുമാറാത്ത വീക്കം കാണാറുണ്ട്.
എന്തൊക്കെയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ എന്ന് നോക്കാം.
- സ്ഥിരമായ വേദന
- വിട്ടുമാറാത്ത ക്ഷീണം അല്ലെങ്കിൽ ഉറക്കമില്ലായ്മ
- ചർമ്മ പ്രശ്നങ്ങൾ
- ദഹന പ്രശ്നങ്ങൾ
- പ്രതീക്ഷിക്കാതെ ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നത്
- ഇടയ്ക്കിടെ ജലദോഷമോ പനിയോ വരുന്നത്
വീക്കം കുറക്കാൻ ഭക്ഷണം സഹായിക്കുമോ?
ശരീരത്തിലെ വീക്കവും നാം കഴിക്കുന്ന ഭക്ഷണങ്ങളും തമ്മിൽ ബന്ധമുണ്ട്. ചില ഭക്ഷണ ഘടകങ്ങൾ രോഗപ്രതിരോധ സംവിധാനത്തെ സജീവമാക്കിയേക്കാം. ഇത് വീക്കം കൂടാൻ കാരണമാകും.
ചുട്ടുപഴുപ്പിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ, പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ, സംസ്കരിച്ച ചുവന്ന മാംസം എന്നിവ കഴിച്ചാൽ ശരീരത്തിലെ വീക്കം വർദ്ധിക്കും.
ശരീരത്തിലെ വീക്കം കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മാത്രമടങ്ങിയ ഭക്ഷണക്രമം ഒന്നുംതന്നെയില്ല എന്നതാണ് വാസ്തവം. ഒന്നിലധികം ഡയറ്റുകൾ സംയോജിപ്പിച്ച് ഇത്തരമൊരു ഡയറ്റ് ഉണ്ടാക്കാവുന്നതാണ്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഡിമെൻഷ്യ, വിഷാദം എന്നിവയെ തടയാൻ ആൻറി-ഇൻഫ്ലമേറ്ററി ഡയറ്റുകൾ സഹായിക്കും.
ആൻറി-ഇൻഫ്ലമേറ്ററി ഡയറ്റിൽ എന്തൊക്കെ ഉൾപ്പെടുത്താം?
- ഉയർന്ന ആന്റിഓക്‌സിഡന്റുകൾ
ഈ സംയുക്തങ്ങൾ ശരീരത്തെ ഫ്രീ റാഡിക്കലുകളുമായോ അസ്ഥിരമായ ആറ്റങ്ങളുമായോ പോരാടാൻ സഹായിക്കുന്നു. കാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നത് ഫ്രീ റാഡിക്കലുകളാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്നതാണ് ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെത്താനുള്ള ഏറ്റവും നല്ല മാർഗം.
- ഫാറ്റി ആസിഡുകൾ
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഒമേഗ-3-ഫാറ്റി ആസിഡുകളും അടങ്ങിയ ഭക്ഷണങ്ങൾ വീക്കം കുറയ്ക്കാൻ നല്ലതാണ്. മത്തി, അയല, സാൽമൺ, ചൂര തുടങ്ങിയ മത്സ്യങ്ങളും വിത്തുകൾ, പരിപ്പ്, ഒലിവ് ഓയിൽ, ഫ്ളാക്സ് സീഡ് ഓയിൽ എന്നിവയും ഇത്തരം ഭക്ഷണങ്ങൾക്ക് ഉദാഹരണമാണ്.
- ഉയർന്ന നാരുകളും പ്രീബയോട്ടിക്സും
കാരറ്റ്, കോളിഫ്ലവർ, ബ്രോക്കോളി, ഇലക്കറികൾ എന്നിവ നാരുകളുടെ നല്ല ഉറവിടങ്ങളാണ്. പ്രീബയോട്ടിക്സ് നമ്മുടെ കുടലിലെ ഗുണം ചെയ്യുന്ന സൂക്ഷ്മാണുക്കളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. വെളുത്തുള്ളി, സവാള, പഴം, ഓട്സ്, ആപ്പിൾ എന്നിവ പ്രീബയോട്ടിക്സ് വിഭാഗത്തിൽ പെടുന്ന ഭക്ഷണങ്ങളാണ്.
Also Read: ക്ഷീണം മാറുന്നില്ലേ? ശരീരത്തിന് തളർച്ച അനുഭവപ്പെടാനുള്ള കാരണങ്ങൾ അറിയാം
Content Summary: Inflammation is a sign that your body is healing. But Chronic inflammation can be a sign of some health problems. Know the symptoms of inflammation.