സ്തനാർബുദം: സ്ത്രീകളിൽ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്ന 5 ഘടകങ്ങൾ

സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണവും ജീവൻ അപകടത്തനത്തിലാക്കുന്നതുമായ ഒരു രോഗമാണ് സ്തനാർബുദം. പുരുഷന്മാർക്കും സ്തനാർബുദം ഉണ്ടാകാം, എങ്കിലും കൂടുതലും കണ്ടുവരുന്നത് സ്ത്രീകളിലാണ്. എന്തൊക്കെയാണ് സ്തനാർബുദവുമായി ബന്ധപ്പെട്ട അപകട ഘടകങ്ങൾ എന്ന് മനസ്സിലാക്കുന്നത് രോഗം നേരത്തേ കണ്ടെത്താനും ആവശ്യമുള്ള ചികിത്സകൾ ആരംഭിക്കാനും സഹായിക്കും.

പ്രധാനമായും 5 ഘടകങ്ങളാണ് സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നത്.

ലിംഗഭേദം

സ്തനാർബുദത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്നാണ് ലിംഗഭേദം. ലളിതമായി പറഞ്ഞാൽ, പുരുഷന്മാരേക്കാൾ സ്ത്രീകൾ ഈ രോഗത്തിന് ഇരയാകുന്നു. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ കണക്കനുസരിച്ച്, സ്തനാർബുദം പുരുഷന്മാരേക്കാൾ 100 മടങ്ങ് കൂടുതലാണ് സ്ത്രീകളിൽ. പുരുഷന്മാരുടേയും സ്ത്രീകളുടേയും സ്തനകലകളിലെ വ്യത്യാസമാണ് ഇതിന് കാരണം. സ്ത്രീകളുടെ സ്തനങ്ങളിൽ കൂടുതൽ ടിഷ്യൂകൾ ഉണ്ട്, ഇത് സ്തനാർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

പ്രായം

സ്തനാർബുദ സാധ്യതയുടെ മറ്റൊരു നിർണായക ഘടകമാണ് പ്രായം. വ്യക്തികൾ പ്രായമാകുമ്പോൾ, സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. സ്തനാർബുദം സാധാരണ 40 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് സംഭവിക്കുന്നത്. ഏകദേശം 80% സ്തനാർബുദ കേസുകളും 40 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകളിലാണ് രോഗനിർണയം നടത്തുന്നത്. 40 കഴിഞ്ഞ സ്ത്രീകൾ പതിവായി സ്തനാർബുദ പരിശോധന നടത്തണമെന്ന് പറയുന്നത് അതുകൊണ്ടാണ്.

ജനിതക ഘടകങ്ങൾ

ഒരു വ്യക്തിയുടെ സ്തനാർബുദ സാധ്യത നിർണ്ണയിക്കുന്നതിൽ ജനിതക ഘടകങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് വരാനുള്ള സാധ്യത കൂടുതലാണ്. BRCA1, BRCA2 എന്നിവ പോലുള്ള പ്രത്യേക ജനിതകമാറ്റങ്ങൾ സ്തനാർബുദ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഹോർമോൺ ഘടകങ്ങൾ

ഹോർമോൺ ഘടകങ്ങളും സ്തനാർബുദ സാധ്യതയെ ബാധിക്കും. സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകമാണ്. സ്തനാർബുദ സാധ്യതയെ സ്വാധീനിക്കുന്ന ഹോർമോണുകളുമായി ബന്ധപ്പെട്ട ഘടകമാണ്:

  • നേരത്തെയുള്ള ആർത്തവവും വൈകിയുള്ള ആർത്തവവിരാമവും

ചെറുപ്പത്തിൽ തന്നെ (12 വയസ്സിന് മുമ്പ്) ആർത്തവം ആരംഭിച്ച അല്ലെങ്കിൽ പിന്നീടുള്ള പ്രായത്തിൽ (55 വയസ്സിന് ശേഷം) ആർത്തവവിരാമം സംഭവിക്കുന്ന സ്ത്രീകൾക്ക് ഈസ്ട്രജൻ ദീർഘനേരം നിലനിൽക്കുന്നതിനാൽ സ്തനാർബുദ സാധ്യത കൂടുതലാണ്.

ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളും

ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കും. ഈ ഘടകങ്ങൾ ജനിതകശാസ്ത്രമോ ലിംഗഭേദമോ പോലെ നിർണ്ണായകമല്ലെങ്കിലും, സ്തനാർബുദം ഉണ്ടാകുന്നതിൽ അവയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. എന്തൊക്കെയാണ് ഈ ജീവിതശൈലീ ഘടകങ്ങൾ എന്ന് നോക്കാം.

  • മദ്യപാനം:
    മിതമായ അളവിൽ പോലും പതിവായി മദ്യം കഴിക്കുന്നത് സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കും. കഴിക്കുന്ന മദ്യത്തിന്റെ അളവ് അനുസരിച്ച് അപകടസാധ്യതയും വർദ്ധിക്കും.
  • പൊണ്ണത്തടി:
    അമിതവണ്ണം, പ്രത്യേകിച്ച് ആർത്തവവിരാമത്തിനു ശേഷം, സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. കൊഴുപ്പ് കോശങ്ങൾക്ക് ഈസ്ട്രജൻ ഉത്പാദിപ്പിക്കാൻ കഴിയും, ഇത് സ്തനാർബുദങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും.
  • വെറുതെയിരിക്കുന്നത്:
    സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കും. വ്യായാമം ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുന്നു. ഹോർമോൺ നില ബാലൻസ് ചെയ്യാനും വ്യായാമം സഹായിക്കും.
  • ഭക്ഷണക്രമം:
    പഴങ്ങളും പച്ചക്കറികളും കൂടുതലുള്ളതും പൂരിത കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണക്രമം സ്തനാർബുദ സാധ്യത കുറയ്ക്കും. ആന്റിഓക്‌സിഡന്റുകളാലും ഫൈറ്റോകെമിക്കലുകളാലും സമ്പുഷ്ടമായ ഭക്ഷണക്രമം സ്തനാർബുദത്തെ നിന്ന് സംരക്ഷിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
  • പാരിസ്ഥിതിക ഘടകങ്ങൾ:
    ചില രാസവസ്തുക്കൾ, റേഡിയേഷൻ, എൻഡോക്രൈൻ ഡിസ്റപ്റ്ററുകൾ തുടങ്ങിയ പാരിസ്ഥിതിക വിഷവസ്തുക്കളുമായും മലിനീകരണങ്ങളുമായും സമ്പർക്കം പുലർത്തുന്നത് സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കും.

പലവിധ ഘടകങ്ങൾ കാരണം ഉണ്ടാകുന്ന രോഗമാണ് സ്തനാർബുദം. ലിംഗഭേദം, പ്രായം, ജനിതകശാസ്ത്രം തുടങ്ങിയ ഘടകങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല. അതേസമയം ജീവിതശൈലീ തിരഞ്ഞെടുപ്പുകൾ പോലെ നമുക്ക് നിയന്ത്രിക്കാവുന്ന ഘടകങ്ങളും സ്തനാർബുദത്തിന് കാരണമാകാറുണ്ട്. സ്തനാർബുദത്തെക്കുറിച്ച് അറിവുണ്ടാകുന്നതും പതിവായി സ്തനാർബുദ പരിശോധനകൾ നടത്തുന്നതും നല്ലതാണ്.

Also Read: സ്തനാർബുദം; ലക്ഷണങ്ങൾ, കാരണങ്ങൾ, രോഗനിർണയം, ചികിത്സ

Content Summary: Understanding breast cancer and the risk factors associated with it can help detect the disease early and initiate the necessary treatments.