നടുവേദന ഒഴിവാക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ

ഇന്ന് ലോക നട്ടെല്ല് ദിനം. നട്ടെല്ലിന്റെ ആരോഗ്യത്തിന്റെ ഗൗരവത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 16 ന് വേൾഡ് സ്പൈൻ ഡേ അഥവാ ലോക നട്ടെല്ല് ദിനമായി ലോകാരോഗ്യസംഘടന ആചരിക്കുന്നുണ്ട്. ലോക നട്ടെല്ല് ദിനത്തിന്റെ ഉദ്ദേശ്യം, നിലവിലെ നട്ടെല്ല് തകരാറുകൾ, ഒരാളുടെ ആരോഗ്യത്തിൽ അവ ചെലുത്തുന്ന സ്വാധീനം, രോഗലക്ഷണങ്ങൾ, രോഗനിർണയം, ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതശൈലി ഉറപ്പാക്കാൻ സ്വീകരിക്കാവുന്ന പ്രതിരോധ നടപടികൾ എന്നിവയെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക എന്നതാണ്. 

പ്രായം മധ്യവയസിലേക്ക് എത്തുമ്പോൾ മിക്കവരെയും പിടികൂടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് നടുവേദന. നട്ടെല്ലിന്റെ ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

1. കൂനരുത്

കൂനി ഇരിക്കുകയും നിൽക്കുകയോ ചെയ്യുമ്പോൾ നിവർന്നുനിൽക്കുന്നതിനോ ഇരിക്കുന്നതിനോ ഉള്ളതിനേക്കാൾ 200% കൂടുതൽ സമ്മർദം നിങ്ങളുടെ നട്ടെല്ലിന്മേൽ ചെലുത്തുമെന്ന കാര്യം എല്ലാവരും മനസിലാക്കുക. അമേരിക്കൻ ജേണൽ ഓഫ് പെയിൻ മാനേജ്‌മെന്റിൽ നടത്തിയ ഒരു പഠനത്തിൽ, നിവർന്ന് ഇരിക്കുകയോ നിൽക്കുകയോ ചെയ്യാതെ ദീർഘനേരം തുടരുന്നത് വിട്ടുമാറാത്ത നടുവേദനയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തി. അതുകൊണ്ടുതന്നെ ഇരുന്ന് ജോലി ചെയ്യുമ്പോഴും നടക്കുമ്പോഴും നിൽക്കുമ്പോഴുമൊക്കെ നിവർന്ന രീതിയിലാകണം ശരീരം. 

2. അമിതഭാരമുള്ള ബാക്ക്പാക്ക്

ഏറെ ഭാരമേറിയ ബാക്ക്പാക്ക് നട്ടെല്ലിന് ഏൽപ്പിക്കുന്ന ക്ഷതം ചെറുതല്ല. ഇത് ദീർഘകാല പ്രശ്നങ്ങൾക്ക് കാരണമാകും. അമേരിക്കൻ അക്കാദമി ഓഫ് ഓർത്തോപീഡിക് സർജൻസ് അഭിപ്രായപ്പെടുന്നത് ബാക്ക്പാക്കിന്റെ ഭാരം നിങ്ങളുടെ ശരീരഭാരത്തിന്റെ 10-15% കവിയാൻ പാടില്ല എന്നാണ്. ഭാരമുള്ള എന്തും, ചുമലിൽ തൂക്കിയിടുന്നത് നിങ്ങളുടെ നട്ടെല്ലിന് പ്രശ്നങ്ങളുണ്ടാക്കും. 

3. വ്യായാമം ഇല്ലാത്തത്

ഉദാസീനമായ ജീവിതശൈലി നട്ടെല്ലുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. നട്ടെല്ലിന്റെ വഴക്കവും ശക്തിയും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താൻ പതിവ് വ്യായാമം സഹായിക്കുമെന്ന് ജേണൽ ഓഫ് സ്പൈൻ റിസർച്ചിലെ ഒരു പഠനം അഭിപ്രായപ്പെടുന്നു. അതിനാൽ, അത്തരം വ്യായാമങ്ങൾ ഒഴിവാക്കാതിരുന്നാൽ നട്ടെല്ലിന് ഏറെ സന്തോഷമാകും!

4. സ്മാർട്ട്ഫോൺ

ഇത് സ്മാർട്ഫോണുകളുടെ കാലമാണ്. യാത്രയ്ക്കിടയിലും മറ്റും ഏറെ നേരം മൊബൈൽ ഫോണിലേക്ക് നോക്കിയിരിക്കുന്നവരാണ് കൂടുതൽ പേരും. എന്നാൽ ആ സ്‌ക്രീനിൽ ഉറ്റുനോക്കാൻ നിങ്ങളുടെ കഴുത്ത് വളയ്ക്കുന്നത് നട്ടെല്ലിന് ഹാനികരമാണ്. സർജിക്കൽ ടെക്നോളജി ഇന്റർനാഷണലിൽ പ്രസിദ്ധീകരിച്ച ഗവേഷണം സൂചിപ്പിക്കുന്നത് നിങ്ങളുടെ ഫോണിലേക്ക് നോക്കുമ്പോൾ കഴുത്തിന്റെ കോണിന് നട്ടെല്ലിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ കഴിയും. ഈ പ്രശ്നം പരിഹരിക്കാൻ മൊബൈൽഫോൺ കണ്ണിന് നേരെ പിടിക്കുകയാണ് വേണ്ടത്. അങ്ങനെയെങ്കിൽ കഴുത്ത് വളയാതെ തന്നെ ഫോൺ നോക്കാൻ കഴിയും. 

5. എർഗണോമിക്സ് തത്വങ്ങൾ പാലിക്കാതിരിക്കുന്നത്

നമ്മുടെ ഉയരത്തിനനുസരിച്ച് കമ്പ്യൂട്ടർ സ്ക്രീനും കസേരയും കീബോർഡുമെല്ലാം ക്രമീകരിക്കണമെന്നാണ് എർഗണോമിക്സ് തത്വം പറയുന്നത്. ഇതെല്ലാം ശരിയായ രീതിയിൽ ക്രമീകരിച്ചില്ലെങ്കിൽ നട്ടെല്ലിന് പ്രശ്നങ്ങൾ ഉണ്ടാകും. കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകൾ ഇരിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം.

Content Summary: Back pain is a major health problem that affects most people as they reach middle age. Let’s see what are the 5 things to keep your spine healthy…