കൊല്ലം: കൊട്ടിയം എൻഎസ്എസ് കോളേജ് വളപ്പിലുണ്ടായിരുന്ന പട്ടിക്കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ 35 വിദ്യാർഥികളും രണ്ട് അധ്യാപകരും നിരീക്ഷണത്തിൽ ഇവർക്ക് പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ എടുത്തിട്ടുണ്ട്.
ഒരു മാസം മുമ്പ് ഉടമ ഉപേക്ഷിച്ച നായക്കുട്ടിയാണ് കോളേജ് വളപ്പിലെത്തിയത്. ഇത് വിദ്യാർഥികളുമായും അധ്യാപകരുമായും നല്ലതുപോലെ ഇണങ്ങിയിരുന്നു. നായക്കുട്ടിക്ക് വിദ്യാർഥികളും അധ്യാപകരും ഭക്ഷണം നൽകുമായിരുന്നു. ഇതിനിടെ നായക്കുട്ടി കാലിൽ നക്കുകയും ചെറുതായി കടിക്കുകയും ചെയ്തിരുന്നതായി വിദ്യാർഥികൾ പറയുന്നു.
അടുത്തിടെയാണ് നായക്കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയത്. പേവിഷബാധയുള്ള മറ്റേതെങ്കിലും നായയുടെ കടിയേറ്റതാകാമെന്നാണ് സംശയിക്കുന്നത്. 35 വിദ്യാർഥികൾക്കും രണ്ട് അധ്യാപകർക്കും കടിയേറ്റതായി കോളേജ് അധികൃതർ അറിയിച്ചു. ഇതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കോളേജിലെത്തുകയും കടിയേറ്റവർക്ക് പേവിഷബാധയ്ക്കെതിരായ കുത്തിവെപ്പ് നൽകുകയും ചെയ്തു.
കൃത്യസമയത്ത് തന്നെ വിഷയം ആരോഗ്യവകുപ്പിനെയും മൃഗസംരക്ഷണവകുപ്പിനെയും കോളേജ് അധികൃതർ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ പേർക്ക് കടിയേൽക്കാതിരിക്കാൻ സഹായകരമായി.
കൊല്ലം ജില്ലയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 72000 തെരുവുനായകളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഈ കാലയളവിൽ ജില്ലയിൽ 142 പേരെയാണ് തെരുവുനായ ആക്രമിച്ചിട്ടുള്ളത്.