ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ക്യാൻസർ രോഗികളുള്ള സംസ്ഥാനമാണ് കേരളം. മാറിയ ജീവിതശൈലിയാണ് ഇവിടെ ക്യാൻസർ രോഗികളുടെ എണ്ണം കൂടാനുള്ള പ്രധാന കാരണം. ഇതിൽ ശ്വാസകോശ ക്യാൻസർ ഉള്ളവരുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടുതലാണ്. എന്നാൽ പുകവലിക്കാത്തവർക്ക് ശ്വാസകോശത്തിൽ ക്യാൻസർ വരുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉയരുന്നുണ്ട്. അതേസമയം തന്നെ ധാരാളം പുകവലിക്കുന്നവർ ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണവുമായി രംഗത്തെത്തുകയാണ് ലോകപ്രശസ്ത ക്യാൻസർരോഗവിദഗ്ദനും മലയാളിയുമായ ഡോ. എം.വി പിള്ള. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പുകവലിക്കുന്നവരിൽ ശ്വാസകോശ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെങ്കിലും, ഇതിന് മറ്റു പല ക്യാൻസറുകളുമായി ബന്ധമുണ്ടെന്ന് ഡോ. എം.വി പിള്ള പറയുന്നു. പുകവലിക്കുമ്പോൾ ശ്വാസകോശത്തിലെത്തുന്ന വിഷവസ്തുക്കൾ നീക്കം ചെയ്യുന്ന ഒരു എൻസൈം നമ്മുടെ ശരീരത്തിലുണ്ട്. പാരമ്പര്യമായി നമുക്ക് ലഭിക്കുന്നതാണ് ഈ എൻസൈം. ഇതിന്റെ അളവ് ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും.
Also Read- പുകവലി നിർത്താൻ ആഗ്രഹിക്കുന്നോ? ഈ 7 കാര്യങ്ങൾ ചെയ്തുനോക്കൂ
‘ഇതെപോലെ തന്നെ മദ്യപാനത്തിൽനിന്ന് ലഭ്യമാകുന്ന വിഷവസ്തുക്കളെ നീക്കം ചെയ്യുന്ന എൻസൈമും ചിലരുടെ ശരീരത്തിലുണ്ട്. ആരോഗ്യമുള്ള കരൾ ഉള്ള ആളുകളിൽ ഈ എൻസൈമിന്റെ അളവ് കൂടുതലാണ്. അത്തരക്കാരെ മദ്യപാനത്തിന്റെ ദോഷഫലങ്ങൾ അത്ര പെട്ടെന്ന് ബാധിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം ആളുകൾക്ക് മരിക്കുന്നതുവരെ സ്കോച്ച് വിസ്കിയും റമ്മും ജിന്നുമൊക്കെ കുടിക്കാൻ കഴിയും’- ചിരിച്ചുകൊണ്ട് ഡോ. എം.വി പിള്ള പറഞ്ഞു.
Also Read- LUNG CANCER: ശ്വാസകോശ അർബുദം എന്ത്? ലക്ഷണങ്ങൾ, കാരണങ്ങൾ, ചികിത്സ
ക്യാൻസർ വരുന്നത് രണ്ട് കാരണങ്ങളാലാണെന്ന് ഡോ. എം.വി പിള്ള പറഞ്ഞു. ജനിതകപരമായും പാരിസ്ഥിതികപരമായും. ജീവിതശൈലി ഉൾപ്പടെയുള്ള കാര്യങ്ങളും ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.